പഞ്ചാബിൽ പുതിയ ആം ആദ്മി പാർട്ടി സർക്കാരിൻ്റെ സത്യപ്രതിഞ്ജന അടുത്ത ബുധനാഴ്ച നടക്കും. 

ദില്ലി: ഉത്തർപ്രദേശിൽ ഹോളിക്ക് മുൻപ് തന്നെ രണ്ടാം യോഗി സർക്കാരിന്റെ സത്യപ്രതിജ്ഞ നടക്കും. സർക്കാർ രൂപികരണ ചർച്ചകൾക്കായി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വൈകാതെ ദില്ലിയിലെത്തും എന്നാണ് റിപ്പോർട്ടുകൾ. പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരരമന്ത്രി അമിത്ഷാ ഷാ, ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡ എന്നിവരുമായി യോഗി കൂടിയാലോചന നടത്തും. ഇതിനുശേഷമായിരിക്കും സത്യപ്രതിജ്ഞ ചടങ്ങുകൾ തീരുമാനിക്കുക. 

ഇന്ന് വൈകിട്ട് 5 മണിക്ക് ഒന്നാം യോഗി സർക്കാരിന്റെ അവസാന മന്ത്രിസഭ യോഗം ചേരും.തെരഞ്ഞെടുപ്പിൽ ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ അടക്കം മന്ത്രിസഭയിലെ പത്ത് മന്ത്രിമാർ തോറ്റ സാഹചര്യത്തിൽ നിരവധി പുതുമുഖങ്ങൾ മന്ത്രിസഭയിൽ ഇടം പിടിക്കാനാണ് സാധ്യത.

പഞ്ചാബിൽ പുതിയ ആം ആദ്മി പാർട്ടി സർക്കാരിൻ്റെ സത്യപ്രതിഞ്ജ അടുത്ത ബുധനാഴ്ച നടക്കും. ഭഗവന്ത് മാൻ മുഖ്യമന്ത്രിയായും മറ്റു മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്യും. ചടങ്ങിലേക്ക് അരവിന്ദ് കെജ്‍രിവാളിനെ ഭഗവന്ത് മൻ ക്ഷണിച്ചു. ഇതിനായി മാൻ ഇന്ന് ദില്ലിയിൽ എത്തിയിരുന്നു. കൂടാതെ മാർച്ച് 13ന് അമൃത്‍സറിൽ റോഡ് ഷോയും പാർട്ടി നടത്തും. അരവിന്ദ് കെജ്‍രിവാളും റോഡ് ഷോയിൽ പങ്കെടുക്കും. രാവിലെ മുഖ്യമന്ത്രി ചരൺജിത്ത് ചന്നി ഗവർണറിന് രാജി സമർപ്പിച്ചിരുന്നു. 

ഗോവയിൽ ബിജെപിക്ക് വലിയ വിജയം നേടാനായിട്ടും മുഖ്യമന്ത്രി ആരാകുമെന്ന തർക്കത്തിൽ സർക്കാർ രൂപീകരണവും വൈകുന്നു. തീരുമാനം കേന്ദ്ര നേതൃത്വത്തിന് വിട്ടതിനാൽ പ്രമോദ് സാവന്ദ് തന്നെ മുഖ്യമന്ത്രിയാകാനാണ് സാധ്യത. അതേസമയം സഖ്യ ചർച്ചകളോട് കോൺഗ്രസ് മുഖം തിരിച്ചതാണ് ബിജെപിക്ക് ഗോവയിൽ അധികാരം കിട്ടാൻ കാരണമെന്ന് ആംആദ്മി പാർട്ടിയുടെ മുഖ്യമന്ത്രിസ്ഥാനാ‌ർഥിയായിരുന്ന അമിത് പലേക്കർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു

ഉത്തരാഖണ്ഡിൽ ഒരു പുതുമുഖത്തെ മുഖ്യമന്ത്രിയാക്കാനൊരുങ്ങുകയാണ് ബിജെപി. നിലവിലെ എംഎല്‍എമാരില്‍ നിന്ന് മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനാണ് തീരുമാനം. തെരഞ്ഞെടുപ്പിൽ തോറ്റ പുഷ്പര്‍ സിങ് ധാമിക്ക് വീണ്ടും അവസരം നല്‍കേണ്ടെന്നാണ് കേന്ദ്രനേതൃത്വത്തിന്‍റെ തീരുമാനം. അതേസമയം മണിപ്പൂരില്‍ ബിരേന്‍ സിങ് തന്നെ തുടരും.

ദേവഭൂമിയിലെ ചരിത്ര നേട്ടത്തിനിടയിലും മുഖ്യമന്ത്രി പുഷ്പര്‍ സിങ് ധാമിയുടെ ഉറച്ച കോട്ടയായിരുന്ന ഖാട്ടിമ മണ്ഡലം കൈവിട്ടതിന്‍റെ ആഘാതത്തിലാണ് ബിജെപി. ധാമിയുടെ അഴിമതി വിരുദ്ധ മുഖവും വ്യക്തിപ്രഭാവവും വോട്ടായെന്ന കണക്കുകൂട്ടലിനിടെയാണ് യുവനേതാവിന്‍റെ അപ്രതീക്ഷിത തോല്‍വി. ഒരു വിഭാഗം നേതാക്കളുടെ എതിര്‍പ്പ് കൂടി പരിഗണിച്ച് ധാമിക്ക് വീണ്ടും അവസരം നല്‍കേണ്ടെന്നാണ് തീരുമാനം. 47 എംഎല്‍എമാരില്‍ നിന്ന് ഒരാളെ പുതിയ മുഖ്യമന്ത്രിയാക്കും.

52കാരനായ മന്ത്രി ധന്‍സിങ് റാവത്തിന്‍റെ പേരാണ് സജ്ജീവ പരിഗണനയില്‍. കോണ്‍ഗ്രസ് വിട്ട് ബിജെപിയിലെത്തിയ സ്തപാല്‍ മഹാരാജ്, ബ്രാഹ്മണ സമുദായ നേതാവും മുന്‍ സംസ്ഥാന അധ്യക്ഷനുമായ ബന്‍സിധര്‍ ഭഗത് എന്നിവരിലൊരാള്‍ക്ക് നറുക്ക് വീഴാം. ത്രിവേന്ദ്ര സിങ് റാവത്തിന്‍റെ പേര്ഒരു വിഭാഗം ഉയര്‍ത്തിയിരുന്നെങ്കിലും മുന്‍മുഖ്യമന്ത്രിമാരെ വീണ്ടും പരിഗണിക്കുന്നതിനോട് കേന്ദ്രനേതൃത്വത്തിന് താൽപര്യമില്ല.

ചെറുപാര്‍ട്ടികളുടെ പിന്തുണയില്ലാതെ ഒറ്റയ്ക്ക് ഭരണം ഉറപ്പിക്കാനായ മണിപ്പൂരില്‍ മുഖ്യമന്ത്രി ബിരേന്‍ സിങിന് തന്നെ വീണ്ടും അവസരം നല്‍കും. സംഘർഷങ്ങളും അതിക്രമങ്ങളും ഇല്ലാതിരുന്ന ബിരേന്‍ സിങ് സര്‍ക്കാരിന്‍റെ കാലം യുവവോട്ടര്‍മാരെ സ്വാധീനിച്ചെന്നാണ് ബിജെപി വിലയിരുത്തല്‍.

അതേസമയം നാല് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തിരഞ്ഞെടുപ്പിനൊരുങ്ങുന്ന ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി റോഡ് ഷോ നടത്തി. അഹമ്മദാബാദ് എയര്‍പോര്‍ട്ടില്‍ നിന്ന് ഗാന്ധിനഗറിലെ ബിജെപി ഓഫീസ് വരെയായിരുന്ന റോഡ് ഷോ. നൂറ് കണക്കിന് പ്രവര്‍ത്തകരാണ് റോഡ് ഷോയ്ക്ക് അണിനിരന്നത്. വൈകിട്ട് സംസ്ഥാന നേതാക്കളുമായി മോദി കൂടിക്കാഴ്ച നടത്തും. തിരഞ്ഞെടുപ്പ് മുന്നൊരുക്കള്‍ വിലയിരുത്താന്‍ പഞ്ചായത്ത് മഹാസമ്മേളനത്തിലും മോദി പങ്കെടുക്കും.