Asianet News MalayalamAsianet News Malayalam

ബന്ദിപ്പൂർ പാത പകൽ അടച്ചിടാൻ ഉദ്ദേശമില്ലെന്ന് കർണാടകം; പ്രചാരണങ്ങൾ തെറ്റെന്നും സർക്കാർ

'ചില പ്രതിഷേധങ്ങളും ധർണകളും നടക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എന്നാൽ അത്തരത്തിലൊരു ഉത്തരവോ ആലോചനയോ സർക്കാരിന്റെ മുന്നിൽ ഇല്ല. 6 മണി മുതൽ 9 മണി വരെ 766 ദേശീയപാതയിലൂടെ സാധാരണ ഗതിയിൽ തന്നെ ഗതാഗതം തുടരും'

nh 766 will remail open during day time, says karnataka government
Author
Karnataka, First Published Oct 5, 2019, 5:48 PM IST

ബെംഗളൂരു:ബന്ദിപ്പൂർ പാത പകൽ അടച്ചിടാൻ ഉദ്ദേശമില്ലെന്ന് കർണാടക സർക്കാർ. മറിച്ചുള്ള പ്രചാരണം തെറ്റെന്നും കർണാടക വനം വകുപ്പ് അറിയിച്ചു.  കർണാടക വനം വകുപ്പ് പ്രിൻസിപ്പൽ ചീഫ് കൺസർവേയർ ഇറക്കിയ വാർത്താക്കുറിപ്പിലാണ് ഇക്കാര്യങ്ങൾ വിശദമാക്കുന്നത്. ആദ്യമായാണ് ഇക്കാര്യത്തിൽ കർണാടക സർക്കാർ ഔദ്യോഗിക വിശദീകരണം നൽകുന്നത്.

രാവിലെ 6 മണി മുതൽ 9 മണി വരെ പാതയിലൂടെയുള്ള ഗതാഗതം നിയന്ത്രിക്കുമെന്ന തരത്തിൽ ചില പ്രചാരണങ്ങൾ ഉണ്ടാകുന്നുണ്ട്. എന്നാൽ 
ഇതെല്ലാം തെറ്റായ ആരോപണങ്ങൾ മാത്രമാണ്. ഇത്തരമൊരു ആലോചന സർക്കാരിന്റെ മുന്നിൽ എത്തിയിട്ടില്ല. ബന്ദിപൂർ പാതയിലൂടെ പകൽയാത്ര അനുവദിക്കണം എന്നാവശ്യപ്പെട്ട് ചില പ്രതിഷേധങ്ങളും ധർണകളും നടക്കുന്നത് സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.  എന്നാൽ അത്തരത്തിലൊരു ഉത്തരവോ ആലോചനയോ സർക്കാരിന്റെ മുന്നിൽ ഇല്ലെന്നും വിശദീകരണക്കുറിപ്പിൽ വ്യക്തമാക്കുന്നു. 

6 മണി മുതൽ 9 മണി വരെ 766 ദേശീയപാതയിലൂടെ സാധാരണ ഗതിയിൽ തന്നെ ഗതാഗതം തുടരുമെന്നും വനം വകുപ്പ് അറിയിച്ചു. അതേ സമയം മറ്റൊരു തരത്തിൽ രാത്രി യാത്രാനിരോധനം തുടരും എന്നുള്ള സൂചനയുമാണ് കർണാടക സർക്കാർ നൽകുന്നത്. രാത്രിയാത്ര സംബന്ധിച്ച യാതൊരു പരാമർശവും വിശദീകരണക്കുറിപ്പിൽ നൽകിയിട്ടില്ല. 

ബന്ദിപ്പൂർ വനമേഖലയിലൂടെ കടന്നുപോകുന്ന കോഴിക്കോട് -കൊല്ലിഗൽ ദേശീയപാതാ 766 ലൂടെയുള്ള രാത്രിയാത്ര നിരോധനം തുടരുമെന്ന് 
കർണാടക മുഖ്യമന്ത്രി ബിഎസ് യെദ്ദിയൂരപ്പ കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. എന്നാൽ കർണാടക ഉപമുഖ്യമന്ത്രി പകൽ കൂടി ഈ പാതയിലെ നിരോധനം പരിഗണിക്കുമെന്ന് ആണ് നിലപാടെടുത്തത്. മുഴുവൻ സമയവും പാത അടക്കണമെന്നാണ് സംസ്ഥാനത്തിന്‍റെ നിലപാടെന്നും പ്രശ്നം പരിസ്ഥിതിയുടേതാണ്, അതിനെ രാഷ്ട്രീയവത്കരിക്കാൻ ശ്രമിക്കരുതെന്നും  കർണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായൺ ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചിരുന്നു. ഇത്തരമൊരു അവ്യക്തത നിലനിൽക്കുന്ന സാഹചര്യത്തിൽ ആണ് കർണാടക സർക്കാർ ഇത് സംബന്ധിച്ച് നിലപാട് വ്യക്തമാക്കിയത്.

ഗതാഗത നിയന്ത്രണത്തിനെതിരായ സമരം പതിനൊന്നാം ദിവസമായ ഇന്നും സജീവമായി തുടരുകയാണ്. വിദ്യാർഥികളും വിവിധ തൊഴിലാളി സംഘടനകളും സമരത്തിന് ഐക്യദാർഢ്യവുമായെത്തുന്നുണ്ട്.  നിരഹാരമിരുന്നു ആരോഗ്യനില വഷളായ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കിയതിന് പിന്നാലെ പകരം 3 പേർ നിരാഹാരം തുടങ്ങി. 

Read More: ഗതാഗത നിയന്ത്രണത്തിനെതിരെ ഒറ്റക്കെട്ടായി വയനാട്; സമരം ശക്തമായി തുടരുന്നു

നാളെ ഗതാഗത മന്ത്രി എകെ ശശീന്ദ്രൻ സമര പന്തൽ സന്ദർശിക്കുന്നുണ്ട്.  തുടർന്ന് സമരക്കാരുമായി നടത്തുന്ന ചർച്ചയിൽ സമരത്തിന്റെ ഭാവിയെ കുറിച്ചു തീരുമാനമെടുക്കുമെന്നു സംഘാടകർ അറിയിച്ചു. കഴിഞ്ഞ ദിവസം വനം മന്ത്രി കെ രാജു സമരക്കാരെ സന്ദർശിച്ചു പിന്തുണ വാഗ്ദാനം ചെയ്തിരുന്നു. കർണാടക മുഖ്യമന്ത്രിയുമായി ചർച്ച നടത്താൻ മുഖ്യമന്ത്രി പിണറായി നേരിട്ട് ഇടപെടുമെന്നും മന്ത്രി ഉറപ്പ് നൽകിയിരുന്നു. 
 

Follow Us:
Download App:
  • android
  • ios