വയനാട്: ബന്ദിപ്പൂർ വനമേഖലയിലൂടെയുള്ള ഗതാഗത നിയന്ത്രണത്തിനെതിരെ നിരാഹാരസമരം നടത്തി വന്ന രണ്ട് നേതാക്കളെ  ആരോഗ്യനില വഷളായതിനെ തുടർന്ന് അറസ്റ്റ്‌ ചെയ്ത് നീക്കി. യുവമോർച്ച ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയലിനെയും ,വ്യാപാരി വ്യാവസായി എകോപന സമിതിയുത്ത് വിംഗ് ജില്ലാ പ്രസിഡന്റ് സംഷാദ് ബത്തേരിയെയും ആണ് പൊലീസ് അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയത്. പകരം യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ദിപു പുത്തൻപുരയിൽ, എഐവൈഎഫ് ജില്ലാ സെക്രട്ടേറിയറ്റ് അംഗം എം ശ്രിജിത്ത് എന്നിവർ പന്തലിൽ നിരാഹാരം തുടങ്ങി. സമരം ശക്തമായി തുടരുമെന്ന് സംഘാടകർ അറിയിച്ചു.

പത്താം ദിവസത്തിലേക്കെത്തിയ സമരത്തിന് പിന്തുണയുമായി വയനാട് എംപി രാഹുൽ ഗാന്ധി ഇന്ന് ബത്തേരിയിലെത്തിയിരുന്നു. സമരത്തിൽ വയനാട്ടുകാർക്കൊപ്പമുണ്ടാകുമെന്നും അതേസമയം വന്യജീവികളെയും സംരക്ഷിക്കണമെന്നും രാഹുൽ പറഞ്ഞു. മണിക്കൂറുകളോളം കാത്തുനിന്ന ആയിരക്കണക്കിന് വയനാട്ടുകാർ ഹർഷാരവത്തോടെയാണ് എംപിയെ സ്വീകരിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, പി കെ കുഞ്ഞാലിക്കുട്ടി, നേതാക്കളായ ടി സിദ്ദിഖ്, എം കെ രാഘവൻ, കെ സി വേണു​ഗോപാൽ തുടങ്ങിയ നേതാക്കളും രാഹുൽ ​ഗാന്ധിക്കൊപ്പം സമരപന്തലിലെത്തിയിരുന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് രാഹുൽ​ ​ഗാന്ധി സമരപന്തലിൽ എത്തിയത്.

വന്യജീവികളെ സംരക്ഷിക്കണം എന്നോർമിപ്പിച്ച് കൊണ്ടായിരുന്നു രാഹുൽ ഗാന്ധി സരമപ്പന്തലിലെത്തിയ ജനങ്ങളെ അഭിസംബോധന ചെയ്തത്. വയനാടിനെ ഒറ്റപ്പെടുത്തുന്നതായി പരാതികൾ ലഭിക്കുന്നതായി രാഹുൽ ഗാന്ധി പറഞ്ഞു. ഈ ജില്ലയെ അനുഭാവപൂർവം പരിഗണിക്കുക എന്നത് ഏറ്റവും പ്രധാനപ്പെട്ട കാര്യം. വയനാടിന്റെ പ്രശ്നത്തോടൊപ്പം വന്യമൃഗങ്ങളെ സംരക്ഷിക്കുകയും വേണം. നിയമപരമായും പ്രയോഗികമായും ജില്ലയുടെ പ്രശനം പരിഹരിക്കാനാകുമെന്നു തനിക്കുറപ്പുണ്ടെന്നും രാഹുൽ ഗാന്ധി ആത്മവിശ്വാസം പ്രകടിപ്പിച്ചു. കളക്ടറേറ്റിൽ ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലും രാഹുൽ ഗാന്ധി പങ്കെടുത്തു. 

Read More: ബന്ദിപ്പൂർ യാത്രനിരോധനത്തിനെതിരായ പ്രതിഷേധം; ഐക്യദാർഢ്യവുമായി രാഹുൽ ​ഗാന്ധി സമരപന്തലില്‍

ദേശീയപാതാ 766ൽ നിലവിൽ ഏർപ്പെടുത്തിയ രാത്രിയിലെ ഗതാഗത നിരോധനം പകലും കൂടി നീട്ടാനുള്ള ശ്രമത്തെ ചെറുക്കാൻ കൂടിയാണ് വിവിധ രാഷ്ട്രീയ കക്ഷികളുടെ നേതൃത്വത്തിൽ പ്രതിഷേധം ആരംഭിച്ചത്. ദേശീയ പാത 766 കടന്നു പോകുന്നത് രാജ്യത്തെ തന്നെ ഏറ്റവും പ്രധാനപ്പെട്ട കടുവാ സങ്കേതത്തിലെ ബഫര്‍ സോണിലൂടെയാണെന്ന് ചൂണ്ടികാട്ടി സുപ്രീം കോടതി നിലവിലെ രാത്രിയാത്ര നിരോധനം പകലും കൂടി നീട്ടാമോ എന്ന് വനം പരിസ്ഥിതി മന്ത്രാലയത്തോട് അഭിപ്രായം തേടിയിരുന്നു. ദേശീയ പാതയില്‍ കഴിഞ്ഞ പത്തു വര്‍ഷമായി നിലനില്‍ക്കുന്ന രാത്രി യാത്രാ നിരോധനത്തിനെതിരെ കേരളം നല്‍കിയ ഹർജി പരി​ഗണിക്കവേയായിരുന്നു സുപ്രീംകോടതിയുടെ ഇത്.

ദേശീയപാത സംരക്ഷണ സമരം; അറിയേണ്ടതെല്ലാം...

ഇക്കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ കോഴിക്കോട് കൊല്ലഗല്‍ ദേശീയപാത അഥവാ വയനാട് ബന്ദിപ്പൂര്‍ മൈസൂര്‍ റോഡിലെ   രാത്രിയാത്രനിരോധനക്കേസ് പരിഗണിച്ച സുപ്രീം കോടതി ഈ റോഡ് പൂര്‍ണ്ണമായും അടച്ച് മൈസൂരുവിലെത്തിന്‍ മറ്റൊരു സമാന്തരപാത പരിഗണിച്ചു കൂടെ എന്ന ചോദ്യമുന്നയിച്ചത്. ഇതേക്കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ 4 ആഴ്ച സമയം അനുവദിച്ചിരുന്നു. ഫലത്തില്‍ വയനാട് ബത്തേരി വഴി കടന്നുപോകുന്ന ദേശീയപാത 766 മുത്തങ്ങ കഴിഞ്ഞ് പൂര്‍ണ്ണമായും അടച്ചുപൂട്ടും. 2009 മുതല്‍ ഈ റോഡില്‍ രാത്രി 9 മുതല്‍ രാവിലെ 6 വരെ യാത്ര നിരോധിച്ചിരിക്കുകയാണ്.

ഈ റോഡടച്ചാല്‍  എന്ത് സംഭവിക്കും?

ബത്തേരി മേഖലയെ നേരിട്ട് ഗുണ്ടല്‍ പേട്ടടക്കമുള്ള കാര്‍ഷികമേഖലയുമായി ബന്ധിപ്പിക്കുന്ന ഒരേൊയൊരു റോഡാണിത്. വയനാട്ടിലെ കര്‍ഷകര്‍ക്കും ഇത് വലിയ തിരിച്ചടിയാകും. കാര്‍ഷികോല്‍പ്പന്നങ്ങള്‍ കൊണ്ടുവരാനും കൊണ്ടു പോകാനുമാകില്ല. കൊച്ചി തുറമുഖത്തെയും ബെംഗളൂരുവിനെയും ബന്ധിപ്പിക്കുന്ന നിലവാരമുള്ള ഒരേയൊരു പാതയാണിത്. ബെംഗളൂരു മേഖലയിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിലേക്ക് എത്താനും തടസമാകും. വയനാടിന്റെ ടൂറിസം സാധ്യതകളെയും ബാധിക്കും. ബത്തേരി ടൗണ്‍ ഏറെക്കുറെ ഉപേക്ഷിക്കപ്പെട്ട ഒരു മേഖലയാകും. വ്യാപാരമേഖലയ്ക്കും ഇത് കനത്ത തിരിച്ചടിയാകും.

 റോഡടച്ചുപൂട്ടാന്‍ കേന്ദ്രത്തിന്‍റെയും കര്‍ണ്ണാടകത്തിന്റെയും ന്യായവാദങ്ങള്‍


1) ദേശീയപാത 766 24.5 കിമി കാടിനകത്തുടെയാണ് കടന്ന് പോകുന്നത്. അതിനാല്‍  ബന്ദിപ്പൂര്‍ സങ്കേതത്തിലെ കടുവകളടക്കമുള്ള മൃഗങ്ങളുടെ സുരക്ഷയും സ്വാഭാവികജീവിതവും ഭീഷണിയിലാണ്.

2) 2004 2009 കാലത്ത് ബന്ദിപ്പൂര്‍ കാട്ടിലെ റോഡുകളില്‍ മോട്ടോര്‍ വാഹനമിടിച്ച് 93 മൃഗങ്ങള്‍ ചത്തപ്പോള്‍ 2010 -2018 കാലയളവിലത് 34 ആയി കുറഞ്ഞു. റോഡ് പൂര്‍ണ്ണമായടച്ചാല്‍ വന്യജീവികളെ പൂര്‍ണ്ണമായും സംരക്ഷിക്കാം.

 2009 ല്‍ ആണ് ആദ്യം പാതയില്‍ രാത്രിയാത്രാ നിരോധനം ഏര്‍പ്പെടുത്തിയത്. അത് കോടതിയെലത്തിയപ്പോള്‍ കക്ഷി ചേര്‍ന്ന് അനുകൂലമായി വാദിച്ചത് വയനാടി പ്രകൃതി സംരക്ഷണസമിതിയെന്ന സംഘടനയാണ്. പൂര്‍ണ്ണ യാത്ര നിരോധനത്തിന് അവർ ഇപ്പോഴെതിരാണ്. കര്‍‍ണ്ണാടക സര്‍ക്കാരിന് പാത അടക്കുന്നതിനോടാണ് യോജിപ്പ്.

 മാനന്തവാടി  കുട്ടി ഗോണിക്കുപ്പ വഴി മൈസൂരിലെത്തുന്ന നിലവിലുള്ള പാതയാണ് ബദല്‍ പാതയായി നിര്‍ദ്ദേശിക്കുന്നത്. ഈ പാത നാഗര്‍ഹോള വന്യജീവിസങ്കേതത്തിലൂടെ 12 കീലോമീറ്റർ ദൂരം കടന്നുപോകുന്നുണ്ട്. അവിടെ വന്യജീവികളെക്കുറിച്ചാശങ്കയില്ല. ഈ റോഡ് വഴി ബെംഗളൂരുവിലെത്താന്‍ 36 കിലോമീറ്ററാണധികം യാത്ര ചെയ്യേണ്ടി വരിക.

ബന്ദിപ്പൂരിലുടെ 25 കിലോമീറ്റര്‍ ദൂരം മേല്‍പ്പാലമാകാമെന്ന കേരളസര്‍ക്കാരിന്റെ നിര്‍ദ്ദേശം കര്‍ണ്ണാടകവും കേരളവും തള്ളിക്കള‍ഞ്ഞു.
കാടിന്റെ സ്വാഭാവികത നഷ്ടപ്പെടുമെന്നാണ് വാദം. നിര്‍ണ്ണായകമായ കടുവാ ആവാസമേഖല ,അഥവാ സിടിഎച്ചിനെ ബാധിക്കുമെന്നും വിശദീകരിക്കുന്നൂ കടുവാസംരക്ഷണഅതോറിറ്റി.

 സംസ്ഥാനസര്‍ക്കാരിനല്ല കേന്ദ്രത്തിനാണ് സുപ്രീം കോടതിയിലിരിക്കുന്ന കേസില്‍ നിര്‍ണ്ണായകമായ നിലപാടെടുക്കാനാവുക. ഉപരിതല ,ഗതാഗത , വനം ,കാലാവസ്ഥാ വകുപ്പുകളാണ് സുപ്രീം കോടതിയുടെ നിര്‍ദ്ദേശമനുസരിച്ച് നിലപാടറിയിക്കേണ്ടത്. കര്‍ണ്ണാടകസര്‍ക്കാര്‍ റോഡ് അടക്കാന്‍ താല്പര്യം കാണിക്കുന്നു എന്നതും തലവേദനയാണ്.