Asianet News MalayalamAsianet News Malayalam

ഉദയ്പൂ‍ര്‍ കൊല എൻ.ഐ.എ അന്വേഷിച്ചേക്കും? രാജസ്ഥാനിൽ ഇൻ്റര്‍നെറ്റ് റദ്ദാക്കി, നിരോധനാജ്ഞ പ്രഖ്യാപിച്ചു

ഉദയ്പൂരിലെ കൊലപാതകം എൻഐഎ അന്വേഷിക്കുമെന്നാണ് സൂചന. എൻഐഎ ഉദ്യോഗസ്ഥർ നാളെ തന്നെ രാജസ്ഥാനിൽ എത്തിയേക്കും

NIA to probe about udaipur murder
Author
Udaipur, First Published Jun 28, 2022, 10:29 PM IST

ജയ്പൂ‍ര്‍: ബിജെപി നേതാവ് നുപൂര്‍ ശര്‍മയുടെ വിവാദ പ്രസ്താവനയെ പിന്തുണയച്ചയാളെ കൊലപ്പെടുത്തിയ സംഭവത്തെ തുട‍ര്‍ന്ന് രാജസ്ഥാനിലെ ക്രമസമാധാന നില താറുമാറായി. അക്രമസംഭവങ്ങൾ തടയാൻ സംസ്ഥാനത്തെ എല്ലാ ജില്ലകളിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഒരു മാസത്തേക്കാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. സംസ്ഥാനത്ത് എല്ലായിടത്തും അടുത്ത ഒരു 24 മണിക്കൂ‍ര്‍ നേരത്തേക്ക് ഇൻ്റര്‍നെറ്റ് സേവനങ്ങളും നിര്‍ത്തി വച്ചിരിക്കുകയാണ്. 

ഉദയ്പൂരിലെ കൊലപാതകം എൻഐഎ അന്വേഷിക്കുമെന്നാണ് സൂചന. എൻഐഎ ഉദ്യോഗസ്ഥർ നാളെ തന്നെ രാജസ്ഥാനിൽ എത്തിയേക്കും. അതേസമയം കൊലപാതകത്തിന് പിന്നാലെ ഉദയ്പൂരിൽ പൊലീസ് അതീവജാഗ്രതയിലാണ്. അക്രമാസക്തരായ ജനക്കൂട്ടം നിരവധി വാഹനങ്ങൾക്ക് തീയിട്ടതായാണ് വിവരം. സംഘ‍ര്‍ഷങ്ങളിൽ നിരവധി പൊലീസുകാ‍ര്‍ക്കും പരിക്കേറ്റു. ഉദയ്പൂരിൽ സ്ഥിതി നിയന്ത്രണ വിധേയമാണെന്നും പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ശ്രമിച്ചവരെ കസ്റ്റഡിയിലെടുത്തെന്നും എസ് പി അറിയിച്ചു. 
സംഘർഷം ഒഴിവാക്കാനായി ഉദയ്പൂർ മേഖലയിൽ ഇന്‍റർനെറ്റിന് നിരോധനം ഏർപ്പെടുത്തിയിരുന്നു. സമീപ ജീല്ലകളിലേക്കും സംഘ‍ര്‍ഷം വ്യാപിക്കാനുള്ള സാധ്യത കണക്കിലെടുത്താണ് സംസ്ഥാനത്താകെ ഇൻ്റര്‍നെറ്റ് സേവനം റദ്ദാക്കിയത്. 

ഉദയ്പൂരിലെ കൊലപാതകം ഞെട്ടിക്കുന്നതാണെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി പറഞ്ഞു. നടന്നത് ഹീനകൃത്യമാണ്. മതത്തിൻ്റെ പേരിലുള്ള ക്രൂരത വെച്ചുപ്പൊറുപ്പിക്കാനാവില്ലെന്നും രാഹുൽ ഗാന്ധി കൂട്ടിച്ചേര്‍ത്തു. പ്രതികളുടെ അറസ്റ്റ് സ്ഥീരീകരിച്ച രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെല്ലോട്ട് കേസിൽ വേഗത്തിൽ അന്വേഷണം പൂർത്തിയാക്കുമെന്ന് അറിയിച്ചു. സംസ്ഥാനത്തെ  ക്രമസമാധാനസ്ഥിതി വിലയിരുത്താൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതലയോഗം ചേര്‍ന്നു. 

ഉദയ്പൂരിൽ നുപുർ ശർമ്മയ്ക്ക് അനുകൂല പോസ്റ്റിട്ട വ്യക്തിയെ കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ട് പേരുടെ അറസ്റ്റാണ് പൊലീസ് രേഖപ്പെടുത്തിയത്. കൊലപാതകികളെ കസ്റ്റഡിയിൽ എടുത്തതായി രാജസ്ഥാൻ ഡി ജി പി അറിയിച്ചു. രാജ്സമൻദിൽ നിന്നാണ് ഇവരെ പിടികൂടിയത്. കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട് വ്യക്തമാക്കിയിരുന്നു. ജനങ്ങൾ സമാധാനം പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കൊലപാതകം നടന്ന സ്ഥലത്ത് 600 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്.

സമാധാനം നിലനിർത്താനുള്ള ഉത്തരവാദിത്തം പ്രധാനമന്ത്രി നരേന്ദ്രമോദിക്കും  അമിത് ഷായ്ക്കുമുണ്ടെന്ന് അശോക് ഗെലോട്ട് അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി ജനങ്ങളോട് സംസാരിക്കണമെന്നും ഗെലോട്ട് ആവശ്യപ്പെട്ടു.

ഉദയ്പൂരിൽ ചിലയിടങ്ങളിൽ കടകൾക്ക് തീയിട്ടതായി റിപ്പോർട്ട് ഉണ്ട്. രാജസ്ഥാനിൽ അതീവ ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ജനങ്ങൾ സമാധാനം പാലിക്കണമെന്ന് രാജസ്ഥാൻ ഗവർണർ നിര്‍ദ്ദേശിച്ചു. കർശന നടപടിക്ക് നിർദ്ദേശം നൽകിയതായി ഗവർണർ അറിയിച്ചിട്ടുണ്ട്. 

കൊലപാതകികള്‍ കൃത്യത്തിന്‍റെ വീഡിയോ പുറത്തുവിട്ട് രംഗത്തെത്തിയിരുന്നു. തല അറുത്ത് മാറ്റിയുള്ള കൊലപാതകം രണ്ട് പേർ ചേർന്നാണ് നടത്തിയത്. കൊലപാതകത്തിന് ഉപയോഗിച്ച ആയുധമടക്കം വീഡിയോയിലൂടെ കാണിച്ച അക്രമികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സമാന രീതിയിൽ കൊലപ്പെടുത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നു. 
 

Follow Us:
Download App:
  • android
  • ios