ഒരു ഫാമിലും സമീപത്തെ ഹോട്ടലിലുമായാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

മുംബൈ: മഹാരാഷ്ട്രയിലെ സാംഗ്ലിയിൽ ഒരു കുടുംബത്തിലെ ഒന്‍പത് പേരെ മരിച്ച നിലയിൽ കണ്ടെത്തി. വിഷം കഴിച്ച് ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. രണ്ട് സഹോദരന്മാരുടെ കുടുംബങ്ങളാണ് കൂട്ടത്തോടെ മരിച്ചത്. മൃഗ ഡോക്ടറായ മാണിക് വാൻമോറെ, ഭാര്യ രേഖ, മക്കളായ പ്രതിമ, ആദിത്യ, മാണിക്കിന്‍റെ അമ്മ അക്കത്തായി എന്നിവരുടെ മൃതദേഹം ഒരു വീട്ടിലും മാണിക്കിന്‍റെ സഹോദരൻ പോപ്പറ്റ്, ഭാര്യ അർച്ചന, മക്കളായ സംഗീത, ശുഭം എന്നിവരുടെ മൃതദേഹം മറ്റൊരു വീട്ടിലുമായാണ് കണ്ടെത്തിയത്. പോസ്റ്റുമോര്‍ട്ടം റിപ്പോർട്ട് കിട്ടിയാലെ മരണകാരണത്തെക്കുറിച്ച് അന്തിമമായി പറയാനാകു എന്ന് സ്ഥലത്തെത്തിയ എസ് പി പറഞ്ഞു. മരിച്ചവരുടെ സാമ്പത്തിക സ്ഥിതി അടക്കം വിവരങ്ങൾ അന്വേഷിച്ച് വരികയാണ്. 

മാമ്പറ്റയില്‍ ഡ്രൈവറെ ആക്രമിച്ച് കാറും പണവും തട്ടിയെടുത്തു; പരാതി നല്‍കാതെ പണം നഷ്ടപ്പെട്ടവര്‍, ദുരൂഹത

കോഴിക്കോട്: മാമ്പറ്റയില്‍ പട്ടാപ്പകല്‍ ഡ്രൈവറെ ആക്രമിച്ച് ഒരു സംഘം കാറും പണവും തട്ടി. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ മാമ്പറ്റയിലാണ് സംഭവം നടന്നത്. കാരശേരി ബാങ്കില്‍ നിന്ന് പണം എടുത്ത് മടങ്ങിയ സംഘം സഞ്ചരിച്ച കാറിനെ മറ്റൊരു കാര്‍ പിന്തുടര്‍ന്ന് വന്നിടിച്ച് ഡ്രൈവറെ മര്‍ദ്ദിച്ച് പണം കവര്‍ച്ച നടത്തിയെന്നാണ് പൊലീസിന് ലഭിച്ച വിവരം. കവര്‍ച്ചാ സംഘം കാറ് പിന്നീട് മണാശേരിയില്‍ ഉപേക്ഷിച്ചു.

നാല് ലക്ഷത്തോളം രൂപ ബാങ്കില്‍ നിന്ന് ഇവര്‍ എടുത്തതായാണ് വിവരം. ബാങ്കില്‍ നിന്ന് പണം പിന്‍വലിക്കുമ്പോള്‍ തന്നെ കവര്‍ച്ച നടത്തിയ സംഘവുമായി പണം നഷ്ടപ്പെട്ടവര്‍ തര്‍ക്കിച്ചിരുന്നു. പിന്നീടാണ് കാറില്‍ ഇടിച്ച് പണം തട്ടലും മര്‍ദ്ദനവും ഉണ്ടായത്. സംഭവം അറിഞ്ഞ് സ്ഥലത്തെത്തിയ മുക്കം പൊലീസ് തട്ടിപ്പിന് ഇരയായവരെ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍ പണം നഷ്ടപ്പെട്ടിട്ടില്ലെന്നും പരാതി ഇല്ലെന്നുമാണ് പൊലീസിനോട് ഇവര്‍ പറഞ്ഞത്. കവര്‍ച്ചക്ക് ഇരയായവര്‍ക്ക് പണം കവര്‍ന്ന സംഘവുമായി സാമ്പത്തിക ഇടപാട് ഉണ്ടായിരുന്നെന്ന നിഗമനത്തിലാണ് പൊലീസ്. കേസ്സ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെങ്കിലും സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ മുക്കം പൊലീസിന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ നിര്‍ദ്ദേശം നല്‍കി.