Asianet News MalayalamAsianet News Malayalam

കുംഭമേള; ഹരിദ്വാറിൽ കൊവിഡ് പ്രതിസന്ധി രൂക്ഷം; പിൻമാറുമെന്ന് അറിയിച്ച് നിരഞ്ജനി അഖാഡ

അഖാഡ പരിഷത്ത് സെക്രട്ടറി നരേന്ദ്ര ​ഗിരിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം ഋഷികേശിൽ ചികിത്സയിലാണ്.

niranjani akhada opt out from kumbh mela
Author
Uttarakhand, First Published Apr 16, 2021, 2:22 PM IST

ഉത്തരാഖണ്ഡ്: കുംഭമേള നടക്കുന്ന ഹരിദ്വാറിൽ കൊവിഡ് പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തിൽ മേളയിൽ നിന്ന് പിൻമാറുമെന്ന് അറിയിച്ച്  സന്യാസ വിഭാ​ഗമായ നിരഞ്ജനി അഖാഡ. ആകെ 13 സന്യാസ വിഭാ​ഗങ്ങളാണ് കുംഭമേളയിൽ പങ്കെടുക്കുന്നത്. ഏപ്രിൽ 17 ശനിയാഴ്ചക്ക് ശേഷം ഇവർ മടങ്ങിപ്പോകും. പ്രധാന ചടങ്ങായ ഷാഹി സ്നാൻ ഏപ്രിൽ 14 ന് അവസാനിച്ചു. മാത്രമല്ല, കൂടെയുള്ള സന്യാസിമാർക്ക് കൊവിഡ് ലക്ഷണങ്ങൾ പ്രകടമാകുന്നുണ്ട്. അതിനാൽ ഞങ്ങളെ സംബന്ധിച്ച് കുംഭമേള അവസാനിച്ചു. നിരജ്ഞനി അഖാഡ സെക്രട്ടറി  രവീന്ദ്രപുരി പറഞ്ഞതായി പിടിഐ റിപ്പോർട്ട് ചെയ്യുന്നു. അന്തിമ തീരുമാനം അഖാഡ പരിഷത്തിന്റെയായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

അഖാഡ പരിഷത്ത് സെക്രട്ടറി നരേന്ദ്ര ​ഗിരിക്ക് കൊവിഡ് സ്ഥിരീകരിച്ചിരുന്നു. അദ്ദേഹം ഋഷികേശിൽ ചികിത്സയിലാണ്. മധ്യപ്രേദശിലെ മഹാ അഖാഡ മുഖ്യപുരോ​ഹിതനായ കപിൽ ദേവ് കൊവിഡ് ബാധയെത്തുടർന്ന് ഏപ്രിൽ 13 ന് മരിച്ചു. ഹരിദ്വാറിൽ കൊവിഡ് ബാധ വർദ്ധിക്കുമ്പോഴും കുംഭമേള നടത്താനുള്ള തീരുമാനത്തിൽ നിന്ന് പിൻമാറാൻ അധികൃതർ തയ്യാറായിട്ടില്ല. ലക്ഷക്കണക്കിന് തീർത്ഥാടകരാണ് കുംഭമേളയിൽ പങ്കെടുക്കാൻ എത്തിച്ചേരുന്നത്. 

വ്യാഴാഴ്ച മാത്രം 613 പേരാണ് ഹരിദ്വാറിൽ കൊവിഡ് ബാധയുള്ളതായി  കണ്ടെത്തിയത്. ഒരാൾ മരിച്ചു. 6 ദിവസത്തിനിടെ 2800 പേരിൽ കൊവിഡ് പോസിറ്റീവ് കണ്ടെത്തി. 3612 കേസുകൾ സജീവമായിട്ടുണ്ട്. കുംഭമേളയിൽ പങ്കെടുത്ത ആയിരത്തിലേറെ പേർക്ക് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 

Follow Us:
Download App:
  • android
  • ios