Asianet News MalayalamAsianet News Malayalam

നിർഭയ: നീതി വൈകിപ്പിക്കാനാകില്ല, കുറ്റവാളികളെ വെവ്വേറെ തൂക്കിക്കൊല്ലാമെന്നും കേന്ദ്രം; വിധി പിന്നീടെന്ന് കോടതി

ഒരിക്കൽ സുപ്രീം കോടതി തീർപ്പു കൽപ്പിച്ച കേസിൽ വെവ്വേറെ ശിക്ഷ നടപ്പാക്കുന്നതിൽ തടസമില്ലെന്ന് സോളിസിറ്റർ ജനറൽ വാദിച്ചു.

nirbhaya case Central government plea against stay of execution is reserved for judgement by Delhi high court
Author
Delhi, First Published Feb 2, 2020, 6:43 PM IST

ദില്ലി: നിർ‍ഭയ കേസ് പ്രതികളുടെ മരണവാറണ്ട് സ്റ്റേ ചെയ്തതിനെതിരെ കേന്ദ്ര സർക്കാർ സമർപ്പിച്ച ഹർജി ദില്ലി ഹൈക്കോടതി വിധി പറയുന്നതിനായി മാറ്റി. അവധി ദിവസമായിട്ട് കൂടി കേസിന്‍റെ പ്രാധാന്യം കണക്കിലെടുത്താണ് ഞായറാഴ്ച ദിവസം ഉച്ചയ്ക്ക് വാദം കേൾക്കാൻ ഹൈക്കോടതി തീരുമാനിച്ചത്. കേന്ദ്ര സർക്കാരിനെ ചോദ്യം ചെയ്യുന്നത് ധാർഷ്ട്യമാണെന്നും ഉടൻ വധശിക്ഷ നടപ്പാക്കണമെന്നും കേന്ദ്ര സർക്കാരിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മെഹ്ത വാദിച്ചു. രാഷ്ട്രപതി രണ്ട് പ്രതികളുടെ ദയാഹർജികൾ തള്ളിയതും സോളിസിറ്റർ ജനറൽ ചൂണ്ടിക്കാട്ടി. 

നിയമപരമായ നടപടിക്രമങ്ങൾ എല്ലാം പൂർത്തിയായ പ്രതികളുടെ വധശിക്ഷ പ്രത്യേകം നടപ്പാക്കണമെന്ന കേന്ദ്ര സർക്കാരിന്‍റെ ആവശ്യത്തിലാണ് ഇന്ന് പ്രധാനമായും വാദം നടന്നത്. ഒരിക്കൽ സുപ്രീം കോടതി തീർപ്പു കൽപ്പിച്ച കേസിൽ വെവ്വേറെ ശിക്ഷ നടപ്പാക്കുന്നതിൽ തടസമില്ലെന്ന് സോളിസിറ്റർ ജനറൽ വാദിച്ചു. പ്രതികൾ ഏഴ് വർഷമായി നീതിന്യായ സംവിധാനത്തെ മുൻ നിർത്തി രാജ്യത്തിന്‍റെ ക്ഷമ നശിപ്പിക്കുകയാണെന്നും നീതി വൈകിപ്പിക്കുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്നും തുഷാർ മെഹ്ത്ത ചൂണ്ടിക്കാട്ടി. 

പ്രതികൾ നടത്തുന്നത് വധശിക്ഷ വൈകിപ്പിക്കാനുള്ള  മനപ്പൂർവ്വമായ ശ്രമമാണെന്ന് സോളിസിറ്റർ‍ ജനറൽ തുഷാർ മെഹ്ത്ത വാദിച്ചു. കരുതിക്കൂട്ടി, കണക്കുകൂട്ടലകൾ നടത്തി നിയമത്തിന്റെ പഴുതുകളെ ദുരുപയോഗം ചെയ്യുകയാണ് പ്രതികളെന്നായിരുന്നു മെഹ്തയുടെ വാദം. നാല് പേരുടെയും വധശിക്ഷ ഒരുമിച്ച് നടത്തണമെന്ന ജയിൽ ചട്ടത്തെ സോളിസിറ്റർ ജനറൽ എതിർത്തു. 

ഇതുപോലെയുള്ള നരാധമൻമാർ തെരുവിലിറങ്ങി നടക്കുന്നത് കൊണ്ട് പെൺകുട്ടികളെ അമ്മമാർ പുറത്തുവിടുന്നില്ലെന്നും തുഷാർ മെഹ്ത്ത വാദത്തിനിടെ പറഞ്ഞു. തെലങ്കാനയിലെ യുവ വെറ്റിറനറി ഡോക്ടറുടെ മരണത്തിൽ പ്രതികളെ പൊലീസ് ഏറ്റുമുട്ടലിൽ വധിച്ചപ്പോൾ ജനം നീതി നടപ്പാക്കിയെന്ന രീതിയിൽ ആഹ്ലാദ പ്രകടനം നടത്തിയതും സോളിസിറ്റർ ജനറൽ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തി. 

നാല് പ്രതികളുടെയും വധശിക്ഷ ജനുവരി 22ന് രാവിലെ 7 മണിക്ക് നടപ്പാക്കാനായിരുന്നു ദില്ലി പട്യാല ഹൗസ് കോടതിയുടെ ആദ്യ മരണ വാറന്റ്. എന്നാൽ മരണവാറണ്ട് പുറപ്പെടുവിച്ച ശേഷം പ്രതി മുകേഷ് സിംഗ് തിരുത്തൽ ഹ‍ർജിയും, പിന്നീട് രാഷ്ട്രപതിക്ക് ദയാഹ‍ർജിയും സമർപ്പിച്ചു. ദയാഹർജി രാഷ്ട്രപതി തള്ളിയെങ്കിലും ദയാഹർജി തള്ളപ്പെട്ട് കഴിഞ്ഞ് 14 ദിവസം കഴിഞ്ഞ് മാത്രമേ വധശിക്ഷ നടപ്പാക്കാവൂ എന്ന ചട്ടം പ്രതികൾക്ക് ഗുണകരമായി, നാല് പ്രതികളെയും ഒരുമിച്ച് വേണം തൂക്കിലേറ്റാൻ എന്ന് കൂടി നിർദ്ദേശമുള്ളതിനാൽ ഇത് ഫലത്തിൽ എല്ലാ പ്രതികൾക്കും ഗുണം ചെയ്തു. 

മുകേഷിന്‍റെ ദയാഹർജി തള്ളിയതിന് പിന്നാലെ അക്ഷയ് കുമാർ ദയാഹർജി സമർപ്പിച്ചു. ഇതും രാഷ്ട്രപതി തള്ളിയതോടെ അടുത്ത പ്രതിയായ വിനയ് കുമാർ ദയാർഹ‍‍ർജി സമർപ്പിച്ചു. ഇത് തള്ളപ്പെട്ടതോടെ, അക്ഷയ് താക്കൂ‌ർ ദയാഹർജിയുമായി രാഷ്ട്രപതിയെ സമീപിച്ചിരിക്കുകയാണ്. ദയാഹർജി തള്ളിക്കഴിഞ്ഞ രണ്ട് പ്രതികളെ മറ്റ് പ്രതികളുടെ ദയാർഹർജിയിൽ തീരുമാനം ഉണ്ടാകാൻ കാക്കാതെ തൂക്കിലേറ്റണമെന്നാണ് കേന്ദ്ര സർക്കാർ ആവശ്യപ്പെടുന്നത്.

Follow Us:
Download App:
  • android
  • ios