ദില്ലി: ഏറെ കാലം നീണ്ടു നിന്ന കോടതി നടപടികളുടെയും വിചാരണകളുടേയും അവസാനം നിര്‍ഭയ കേസിലെ നാല് കുറ്റവാളികളുടെ വധശിക്ഷ നാളെ നടപ്പിലാക്കുകയാണ്. നാളെ പുലര്‍ച്ചെ 5.30 തിനാണ് തിഹാര്‍ ജയിലിലെ ജയില്‍ നമ്പര്‍ മൂന്നില്‍ ശിക്ഷ നടപ്പിലാക്കുക. മാര്‍ച്ച് 5 ന് ദില്ലി കോടതി പുറപ്പെടുവിച്ച നാലാമത്തെ മരണവാറന്‍റാണ് നാളെ നടപ്പിലാക്കപ്പെടുന്നത്.  2012 ഡിസംബര്‍ 16നായിരുന്നു ദില്ലിയിൽ 23 കാരിയെ കൂട്ടബലാൽസംഗത്തിന് ഇരയാക്കുകയും പെണ്‍കുട്ടി മരിക്കുകയും ചെയ്തത്. രാജ്യം ആപെണ്‍കുട്ടിക്ക് വേണ്ടി ശബ്ദമുയര്‍ത്തിയപ്പോള്‍ ഏഴ് വര്‍ഷത്തിനും മൂന്ന് മാസത്തിനും ഇപ്പുറം പ്രതികളുടെ ശിക്ഷ നടപ്പാക്കപ്പെടുകയാണ്. 


പ്രതികള്‍ക്കെല്ലാം ചുവപ്പ് വസ്ത്രം

കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ തന്നെ ജയിലില്‍ ശിക്ഷ നടപ്പിലാക്കുന്നതിനുള്ള മുന്നൊരുക്കങ്ങള്‍ ആരംഭിച്ചിരുന്നു. കുറ്റവാളികളായ മുകേഷ് സിംഗ്, പവന്‍ ഗുപ്ത, വിനയ് ശര്‍മ്മ, അക്ഷയ് കുമാര്‍ സിംഗ്, എന്നിവര്‍ സാധാരണ വെള്ള നിറത്തിലുള്ള ജയില്‍ വസ്ത്രത്തിന് പകരം ചുവന്ന വസ്ത്രങ്ങളാണ് ഇപ്പോള്‍ ധരിച്ചിരിക്കുന്നത്. വധശിക്ഷയ്ക്ക് മുന്നോടിയായാണ് ജയില്‍ വസ്ത്രത്തിലെ ഈ മാറ്റം. നാലുപേരെയും ഹാങിംഗ് സെല്ലിന് സമീപത്തെ സെല്ലിലേക്ക് മാറ്റിയിട്ടുണ്ട്. ഇതിന് സമീപത്തെ എല്ലാ സെല്ലുകളിലെയും കുറ്റവാളികളെ ഇവിടെനിന്നും മാറ്റിപ്പാര്‍പ്പിച്ചു. കുറ്റവാളികളെ പാര്‍പ്പിക്കുന്നിടത്ത് സാധാരണയില്‍ കൂടുതല്‍ സുരക്ഷാ ജീവനക്കാരെ വിനിയോഗിക്കുകയും സിസിടിവി ക്യാമറകളിലൂടെ മുഴുവൻ സമയ നിരീക്ഷണവുമുണ്ട്.

ആരാച്ചാര്‍മാരുടെ മൂന്നാം തലമുറ

മീററ്റില്‍ നിന്നുള്ള പവന്‍ ജല്ലദ് എന്ന ആരാച്ചാറാണ് നിര്‍ഭയ കേസിലെ നാല് പ്രതികളുടേയും ശിക്ഷ നടപ്പിലാക്കുവാന്‍ വിനിയോഗിക്കപ്പെട്ടത്. നേരത്തെ ഇന്ദിരാഗാന്ധി വധത്തിലെ പ്രതികളായ സദ്വന്ത് സിംഗ്, കെഹര്‍ സിംഗ് എന്നിവരുടേയും സഞ്ജയ്- ഗീത ചോപ്ര കൊലപാതകക്കേസിലെ കൊടുംകുറ്റവാളികളായ രംഗ, ബില്ല എന്നിവരുടെയടക്കം വധശിക്ഷ നടപ്പിലാക്കിയ ആരാച്ചാരുടെ പുതിയ തലമുറയില്‍പ്പടുന്നയാളാണ് പവന്‍ ജല്ലദ്. കഴിഞ്ഞ ചൊവ്വാഴ്ചയോടെ ജയിലിലെത്തിച്ചേര്‍ന്ന അദ്ദേഹം മനിലാ കയറുകളും  മണല്‍ കെട്ടുകളും ഉപയോഗിച്ച്  ഡമ്മി പരീക്ഷണമടക്കം പൂര്‍ത്തിയാക്കി.
മനിലാകയറുകളാണ് നാളെ ഉപയോഗിക്കുന്നത്. നേരത്തെ പാ‌ർലമെന്റ് ആക്രമണകേസ് പ്രതിയായ അഫ്സൽ ഗുരുവിനെ തൂക്കിലേറ്റാനും മുംബൈ ഭീകരാക്രമണക്കേസ് പ്രതി അജ്മൽ കസബിനെ തൂക്കിലേറ്റാനും മനിലാ കയറുകളായിരുന്നു ഉപയോഗിച്ചിരുന്നത്. 


നാല് പേരെ ഒരുമിച്ച് തൂക്കുന്നത് ഇതാദ്യം 

2013 ഫെബ്രുവരി 13 നായിരുന്നു തിഹാര്‍ ജയിലില്‍ വധശിക്ഷ അവസാനമായി നടപ്പിലാക്കിയത്. ട്രെയിനിംഗ് ലഭിച്ച ആരാച്ചാരുടെ അഭാവത്തില്‍ അന്ന് ജയില്‍ അധികൃതര്‍ തന്നെയാണ് ശിക്ഷ നടപ്പിലാക്കിയത്. ഇത് ആദ്യമായാണ് നാല് പേരെ ഒരുമിച്ച് തൂക്കിലേറ്റുന്നതെന്നത് ശ്രദ്ധേയമാണ്. സബ് ഡിവിഷണല്‍ മജിസ്ട്രേറ്റ്, മുതിര്‍ന്ന ജയില്‍ ഉദ്യോഗസ്ഥര്‍ എന്നിവരുടെയടക്കം സാന്നിധ്യത്തിലാകും ശിക്ഷ നടപ്പിലാക്കുക. 

ജനുവരി മുതല്‍ ഇത് ഇത് നാലാം തവണയാണ് നിര്‍ഭയക്കേസില്‍ ഇത്തരത്തില്‍  നടപടിക്രമങ്ങള്‍ നടപ്പാലാക്കുന്നത്. ഒരോ തവണയും സമര്‍പ്പിക്കപ്പെട്ട ശിക്ഷ നീട്ടിവെക്കണമെന്ന് ആവശ്യപ്പെട്ടുള്ള എല്ലാ ഹര്‍ജികളും തള്ളിയതിന് പിന്നാലെയാണ് നാളെ ശിക്ഷ നടപ്പിലാക്കുന്നത്. വധശിക്ഷക്ക് വിധിക്കപ്പെട്ട കുറ്റവാളികൾക്ക് വേണ്ടി മനുഷ്യാവകാശംപറയുന്നത് എന്തിനെന്ന് പോലും ഒരു ഘട്ടത്തില്‍ സുപ്രീംകോടതി ചോദിച്ചു. എല്ലാ ഹര്‍ജികളും കോടതികൾ തള്ളി ഇനിയും അവസരമില്ലെന്ന് പട്യാല ഹൗസ് കോടതിയും മനുഷ്യാവകാശം പറയേണ്ടെന്ന് സുപ്രീംകോടതിയും വ്യക്തമാക്കി.