ദില്ലി: തിഹാര്‍ ജയിലിനെതിരെ കോടതിയെ സമീപിച്ച നിര്‍ഭയ കേസ് പ്രതികളിലൊരാളായ വിനയ് ശര്‍മ്മക്ക് തിരിച്ചടി.   ദയാഹര്‍ജി നല്‍കുന്നതിനാവശ്യമായ രേഖകള്‍ ജയില്‍ അധികൃതര്‍ കൈമാറുന്നില്ലെന്നാരോപിച്ച് വിനയ് ശര്‍മ്മയുടെ അഭിഭാഷകന്‍ സമര്‍പ്പിച്ച അപേക്ഷ ദില്ലി ഹൈക്കോടതി നിരസിച്ചു. 

വിനയ് ശർമ വിഷം ഉള്ളിൽ ചെന്നു ആശുപത്രിയിൽ ആയിരുന്നു എന്ന് അഭിഭാഷകൻ കോടതിയെ അറിയിച്ചു. മെഡിക്കൽ റിപ്പോർട്ട്‌ നൽകുന്നില്ലെന്നും ആരോപിച്ചു. എന്നാല്‍, എല്ലാ രേഖകളും പ്രതികളുടെ അഭിഭാഷകർക്ക് നൽകിയെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. പ്രതികൾ വധശിക്ഷ വൈകിപ്പിക്കാനുള്ള ശ്രമം നടത്തുകയാണെന്നും  പ്രോസിക്യുഷന്‍ പറഞ്ഞു. ഇതോടെയാണ് തുടർ ഉത്തരവ് നൽകാതെ വിനയ് ശർമയുടെ അപേക്ഷയിന്മേലുള്ള നടപടികള്‍ കോടതി അവസാനിപ്പിച്ചത്. 

ദയാഹര്‍ജി നല്‍കാന്‍ ആവശ്യമായ രേഖകള്‍ കൈമാറാന്‍ തിഹാര്‍ ജയില്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നാരോപിച്ച് മുകേഷ് സിംഗ് ഒഴികെയുളള പ്രതികള്‍ പട്യാല ഹൗസ് കോടതിയെയും സമീപിച്ചിട്ടുണ്ട്. മരണവാറണ്ട് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ട് പവന്‍ ഗുപ്ത, അക്ഷയ് സിംഗ് എന്നീ പ്രതികള്‍ തീസ് ഹസാരി കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുമുണ്ട്. 

Read Also: നിര്‍ഭയ കേസ്; വധശിക്ഷ വൈകിപ്പിക്കാന്‍ വീണ്ടും നീക്കം; തിഹാര്‍ ജയിലിനെതിരെ പ്രതികള്‍ കോടതിയില്‍