ദില്ലി: വധശിക്ഷ ശരിവെച്ച സുപ്രീംകോടതി വിധിക്കെതിരെ നിര്‍ഭയ കേസിലെ കുറ്റവാളി അക്ഷയ് സിംഗ് ഠാക്കൂർ നൽകിയ തിരുത്തൽ ഹര്‍ജി സുപ്രീംകോടതി നാളെ പരിഗണിക്കും. ജസ്റ്റിസ് എൻ വി രമണയുടെ അധ്യക്ഷതയിൽ ഉള്ള അഞ്ചംഗ ബെഞ്ച് ആണ് നാളെ ഉച്ചയ്ക്ക് ഹർജി പരിഗണിക്കുക. അതേസമയം, ദയാഹര്‍ജിയിലെ രാഷ്ട്രപതിയുടെ തീരുമാനം ചോദ്യം ചെയ്ത് മുകേഷ് സിംഗ് നൽകിയ ഹര്‍ജി സുപ്രീംകോടതി തള്ളി. രാഷ്ട്രപതിയുടെ തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. 

വിചാരണ കോടതിയും ഹൈക്കോടതിയും സുപ്രീംകോടതിയും എടുത്ത തീരുമാനങ്ങൾ പരിശോധിച്ചാണ്  മുകേഷ് സിംഗിന്‍റെ ദയാഹര്‍ജി രാഷ്ട്രപതി തള്ളിയത്. ഇക്കാര്യങ്ങളിലെ നടപടിക്രമങ്ങളിൽ യാതൊരു അപകാതയും ഉണ്ടായിട്ടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി. തീഹാര്‍ ജയിലിൽ മുകേഷ് സിംഗിനെ ലൈംഗികമായി ആക്രമിച്ചുവെന്ന് ഇന്നലെ നടന്ന വാദത്തിനിടെ അഭിഭാഷക സഞ്ജന പ്രകാശ് ആരോപിച്ചിരുന്നു. അതിന് യാതൊരു തെളിവും ഇല്ലെന്ന് കോടതി പറഞ്ഞു. വധശിക്ഷക്കെതിരെ മുകേഷ് സിംഗ് നൽകിയ തിരുത്തൽ ഹര്‍ജിയും നേരത്തെ സുപ്രീംകോടതി തള്ളിയിരുന്നു. ഫെബ്രുവരി ഒന്നിനാണ് നാല് പ്രതികളുടെയും വധശിക്ഷ നടപ്പാക്കാനുള്ള മരണവാറണ്ട്.

Also Read: രാഷ്ട്രപതിയുടെ തീരുമാനത്തിൽ ഇടപെടാനാവില്ല: നിര്‍ഭയ കേസ് കുറ്റവാളിയുടെ ഹര്‍ജി തള്ളി സുപ്രീം കോടതി