ശബരിമലയിലേക്കുള്ള യാത്രയില്‍ നിന്നും ഞങ്ങളെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കുമാവില്ല. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്‍റെ പൂര്‍ണഉത്തരവാദിത്തം കേരള-മഹാരാഷ്ട്രാ സര്‍ക്കാരുകള്‍ക്കായിരിക്കും- തൃപ്തി ദേശായി പറഞ്ഞു.
ദില്ലി: ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് പ്രാര്‍ത്ഥിക്കാനുള്ള സ്ത്രീകളുടെ അവകാശത്തിനായുള്ള പോരാട്ടത്തിലൂടെ ശ്രദ്ധേയനായ തൃപ്തി ദേശായി. അയ്യപ്പനെ കണ്ടു പ്രാര്‍ത്ഥിക്കാനായി ഉടനെ ശബരിമലയിലേക്ക് പോകുമെന്നും യാത്രാതീയതി ഉടനെ പ്രഖ്യാപിക്കുമെന്നും ഒരു ഓണ്‍ലൈന്‍ ന്യൂസ് സൈറ്റിന് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞു.
സുപ്രീംകോടതി വിധിയെ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി അവര്‍ പറഞ്ഞു. ഭരണഘടനയ്ക്കും രാജ്യത്തെ സ്ത്രീകള്‍ക്കും ഇതു വിജയത്തിന്‍റെ ദിവസമാണ്. സ്ത്രീകള്‍ക്കെതിരായ അസമത്വം അവസാനിപ്പിക്കാന്‍ സുപ്രീംകോടതി വിധി കാരണമാവും - തൃപ്തി ദേശായി പറയുന്നു.
അതേസമയം സുപ്രീംകോടതി വിധിക്കെതിരെ റിവ്യൂഹര്‍ജി നല്‍കുമെന്ന രാഹുല്‍ ഈശ്വറിന്‍റെ പ്രസ്താവന തൃപ്തി തള്ളിക്കളഞ്ഞു. രാഹുല്‍ ഈശ്വര്‍ ഒരു ചെറുപ്പക്കാരനല്ലേ, അദ്ദേഹം ഇങ്ങനെ പ്രഹസനപരമായ പ്രസ്താവനകള്‍ നടത്തരുത്. ദൈവത്തിന് ആണ്‍ പെണ്‍ വ്യത്യാസമില്ലെങ്കില്‍ ദൈവത്തിന് മുന്‍പില്‍ എല്ലാവരും തുല്ല്യരാണെങ്കില്‍ എന്താണ് പ്രശ്നമെന്നും തൃപ്തി ചോദിച്ചു.
നേരത്തെ മഹാരാഷ്ട്രയിലെ ഷാനി ഷിങ്കന്‍പൂര്‍ ക്ഷേത്രത്തില്‍ നിയമപോരാട്ടത്തിനൊടുവില്‍ തൃപ്തി ദേശായി പ്രവേശിച്ചിരിന്നു. ശബരിമലയില്‍ സ്ത്രീ പ്രവേശനം സാധ്യമാക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്നും അന്നവര്‍ പ്രഖ്യാപിച്ചിരുന്നു. തൃപ്തി ദേശായി ശബരിമലയില്‍ പ്രവേശിക്കാന്‍ ശ്രമിച്ചാല്‍ അഞ്ഞൂറ് സ്ത്രീകളെ അണിനിരത്തി അവരെ തടയുമെന്ന് അന്ന് രാഹുല്‍ ഈശ്വര്‍ പരസ്യമായി വെല്ലുവിളിച്ചിരുന്നു.
ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഫേസ്ബുക്കിലൂടെ ഇപ്പോഴും തനിക്ക് ധാരാളം ഭീഷണികള്‍ വരുന്നുണ്ടെന്ന് തൃപ്തി പറഞ്ഞു. എന്തായാലും ശബരിമലയിലേക്കുള്ള യാത്രയില്‍ നിന്നും ഞങ്ങളെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കുമാവില്ല. എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന്‍റെ പൂര്‍ണഉത്തരവാദിത്തം കേരള-മഹാരാഷ്ട്രാ സര്‍ക്കാരുകള്‍ക്കായിരിക്കും- തൃപ്തി ദേശായി പറഞ്ഞു.
