സ്ത്രീകളെ കുറിച്ച് അഭിപ്രായം പറയുന്നതിന് മുന്നോടിയായി എന്താണ് പറയാൻ പോകുന്നതെന്നതിനെ കുറിച്ചുള്ള ധാരണ നേതാക്കൾക്ക് ഉണ്ടാകണമെന്ന് നിർമല സീതാരാമൻ പറഞ്ഞു.
ദില്ലി: ജയപ്രദയ്ക്കെതിരെ സമാജ് വാദി പാർട്ടി നേതാവ് അസംഖാൻ നടത്തിയ മോശം പരാമർശത്തിന് പിന്നാലെ രാഷ്ട്രീയ നേതാക്കൾക്ക് മുന്നറിയിപ്പുമായി കേന്ദ്ര പ്രതിരോധമന്ത്രി നിർമല സീതാരാമൻ. സ്ത്രീകളെ കുറിച്ച് അഭിപ്രായം പറയുന്നതിന് മുന്നോടിയായി എന്താണ് പറയാൻ പോകുന്നതെന്നതിനെ കുറിച്ചുള്ള ധാരണ നേതാക്കൾക്ക് ഉണ്ടാകണമെന്ന് നിർമല സീതാരാമൻ പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അവർ.
സ്ത്രീയെ ആക്രമിക്കുകയെന്നത് എളുപ്പമുള്ള കാര്യമാണ്. പക്ഷേ ചർച്ച ചെയ്യപ്പെടുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടായിരിക്കില്ല അത്. വ്യക്തിപരമായ കാര്യങ്ങളും ലിംഗഭേദങ്ങളുമാകും പലപ്പോഴും സ്ത്രീകളെ ആക്രമിക്കുന്നതിന് ഉപയോഗിക്കുന്നത്. ഒന്ന് ചിന്തിക്കുക പോലും ചെയ്യാതെയാണ് സ്ത്രീകൾക്കെതിരെ ഇത്തരത്തിലുള്ള പരാമർശങ്ങൾ ഉയർത്തുന്നതെന്നും നിർമല സീതാരാമൻ പറഞ്ഞു. അതുകൊണ്ട് സ്ത്രീകൾക്കെതിരെ സംസാരിക്കുമ്പോൾ വാക്കുകളും പ്രയോഗങ്ങളും സൂക്ഷിച്ചും ചിന്തിച്ചും ഉപയോഗിക്കണമെന്നും അവർ കൂട്ടിച്ചേർത്തു.
പൊതു വേദികളിൽ എങ്ങനെയാണ് പ്രസംഗിക്കേണ്ടതെന്ന് നമ്മൾ പഠിക്കേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് രാഷ്ട്രീയത്തിൽ. അടുത്ത തലമുറയ്ക്ക് വേണ്ടി ആ പൈതൃകം നമ്മൾ കരുതിവെക്കണ്ടത് നമ്മുടെ ഉത്തരവാദിത്തമാണെന്നും നിർമല സീതാരാമൻ പറഞ്ഞു.
രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് ജയപ്രദയ്ക്കെതിരെ അസംഖാൻ വിവാദപരാമർശം നടത്തിയത്. തുടർന്ന് അസംഖാന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മൂന്ന് ദിവസത്തെ വിലക്ക് നൽകിയിരുന്നു. 'കാക്കി അടിവസ്ത്രം' ധരിക്കുന്ന സ്ത്രീ എന്ന മോശം പരാമർശമാണ് ജയപ്രദയ്ക്കെതിരെ അസംഖാൻ നടത്തിയത്.
