ദില്ലി: രാജ്യത്ത് സാമ്പത്തിക പ്രതിസന്ധിയില്ലെന്ന് ആവര്‍ത്തിച്ച് ധനമന്ത്രി നിര്‍മല സീതാരാമന്‍. ആര്‍ബിഐയുടെ കരുതല്‍ ധനശേഖരം സ്വീകരിക്കുന്നത് നടപടിക്രമങ്ങള്‍ പാലിച്ചാണെന്നും നീക്കത്തെ എതിര്‍ത്ത രാഹുല്‍ ഗാന്ധി പഠിച്ച ശേഷം പ്രതികരിക്കണമായിരുന്നുവെന്നും ധനമന്ത്രി ദില്ലിയില്‍ പറഞ്ഞു. 

ബിമല്‍ ജലാന്‍ കമ്മിറ്റി റിപ്പോര്‍ട്ട് അംഗീകരിച്ച് ആര്‍ബിഐയുടെ കരുതല്‍ ധനശേഖരത്തില്‍ നിന്ന് 1.76 ലക്ഷം കോടി രൂപ കേന്ദ്രസര്‍ക്കാരിന്  നല്‍കാനുള്ള നീക്കത്തിനെതിരെ രൂക്ഷ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് ധനമന്ത്രി മാധ്യമങ്ങളെ കണ്ടത്. ബിമല്‍ ജലാന്‍ കമ്മിറ്റിയെ സര്‍ക്കാരല്ല ആര്‍ബിഎയാണ് നിയോഗിച്ചത്. ആര്‍ബിഐയുടെ വിശ്വാസ്യതയില്‍ സംശയമില്ലെന്നും ധനമന്ത്രി വ്യക്തമാക്കി.

സിപിഎം ദേശീയ സെക്രട്ടറി സീതാറാം യെച്ചൂരി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ജയ്റാം രമേശ്, ആനന്ദ് ശര്‍മ്മ എന്നിവര്‍ സര്‍ക്കാര്‍ നിലപാടിനെ വിമര്‍ശിച്ചതിന് പിന്നാലെയാണ് മോഷണ ആരോപണവുമായി രാഹുല്‍ ഗാന്ധി രംഗത്തുവന്നത്. ആര്‍ബിഐയുടെ പണം സര്‍ക്കാര്‍ മോഷ്ടിക്കുകയായിരുന്നെന്നും, വെടിയേറ്റ മുറിവില്‍ മോഷ്ടിച്ച ബാന്‍ഡ് എയ്ഡ് ഒട്ടിച്ചതിന് തുല്യമാണ് നടപടിയെന്നും രാഹുല്‍ ട്വീറ്റ് ചെയ്തു. 

Also Read: 'റിസര്‍വ് ബാങ്കിന്‍റെ പണം കൊള്ളയടിക്കുന്നു'; കരുതല്‍ ധനത്തിന്‍റെ ഒരുഭാഗം മോദി സര്‍ക്കാറിന് നല്‍കുന്ന നടപടിയെ വിമര്‍ശിച്ച് രാഹുല്‍

രാഹുലിന്‍റെ നിലപാട് ജനം നേരത്തെ തള്ളിയതാണെന്ന് ധനമന്ത്രി പ്രതികരിച്ചു. വിദഗ്ധരുമായി സംസാരിച്ചുവേണം ഇത്തരം നിലപാടുകള്‍ സ്വീകരിക്കുന്നതെന്ന് നിർമ്മല സീതാരാമൻ കൂട്ടിച്ചേര്‍ത്തു. വ്യവസായ സംരംഭകർക്ക് യാതൊരു തടസ്സവുമില്ലാതെ ഇന്ത്യയിൽ മുന്നോട്ട് പോകാമെന്നും ധനമന്ത്രി വ്യക്തമാക്കി.

സാമ്പത്തിക പ്രതിസന്ധിയിലായ സര്‍ക്കാര്‍ ആര്‍ബിഐയില്‍ നിന്ന് പണം മാറ്റാന്‍ ഊര്‍ജ്ജിത് പട്ടേലിനെയും വിരാല്‍ ആചാര്യയേയും പുകച്ച് പുറത്ത് ചാടിച്ചെന്ന ആരോപണമടക്കം ഉന്നയിച്ചാണ് സര്‍ക്കാരിനെ  പ്രതിപക്ഷം വിമര്‍ശിക്കുന്നത്. എന്നാല്‍ സാമ്പത്തിക പ്രതിസന്ധിയില്ലെന്നാവര്‍ത്തിക്കുന്ന ധനമന്ത്രി വ്യവാസായ സംരഭകര്‍ക്കടക്കം അനുകൂല സാഹചര്യമാണെന്നാണ് വാദിക്കുന്നത്.