ലൈം​ഗിക പീഡനക്കേസിൽ പ്രതിയായതിന് പിന്നാലെ 2019ലാണ് നിത്യാനന്ദ ഇന്ത്യയിൽ നിന്ന് കടന്നുകളഞ്ഞത്...

ദില്ലി: ഇന്ത്യയിൽ കൊവിഡ് രോ​ഗികളുടെ എണ്ണം അനിയന്ത്രിതമായി ഉയരുന്ന സാഹചര്യത്തിൽ കൈലാസ രാജ്യത്തേക്ക് ഇന്ത്യയിൽ നിന്നുള്ളവരുടെ യാത്ര വിലക്കി ആൾദൈവം നിത്യാനന്ദ. ഇന്ത്യയിൽ ക്രിമിനൽ‌ കേസുകളിൽ പ്രതിയായതിന് പിന്നാലെ രാജ്യം വിട്ട നിത്യാനന്ദ 2019 ൽ ഇക്കഡോര‍ തീരത്തിന് സമീപം ആരംഭിച്ചതായി പറയപ്പെടുന്ന കൈലാസ രാജ്യത്തേക്കാണ് ഇന്ത്യാക്കാരടക്കമുള്ളവർക്ക് പ്രവേശന വിലക്ക് ഏർപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യക്ക് പുറമെ, ബ്രസീൽ, യൂറോപ്യൻ യൂണിയൻ, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ളവരെയും വിലക്കിയിട്ടുണ്ട്. 

ലൈം​ഗിക പീഡനക്കേസിൽ പ്രതിയായതിന് പിന്നാലെ 2019ലാണ് നിത്യാനന്ദ ഇന്ത്യയിൽ നിന്ന് കടന്നുകളഞ്ഞത്. അന്ന് മുതൽ കൈലാസ പ്രത്യേക രാജ്യമാക്കണമെന്ന് നത്യാനന്ദ ഐക്യരാഷ്ട്രസഭയോട് ആവശ്യപ്പെടുന്നുണ്ട്. കൈലാസ രാജ്യത്തുള്ള മുഴുവൻ പേരും ക്വാറന്റീനിൽ പ്രവേശിക്കണമെന്നും നിത്യാനന്ദ ഉത്തരവിൽ ആവശ്യപ്പെടുന്നുണ്ട്. 

Scroll to load tweet…

നിത്യാനന്ദയുടെ ട്വീറ്റ് പൊട്ടിച്ചിരിക്കുന്ന ഇമോജികൾകൊണ്ടാണ് ആളുകൾ റീട്വീറ്റ് ചെയ്യുന്നത്. നേരത്തേ കൈലാസ രാജ്യത്തെകുറിച്ചുളള വീഡിയോ നിത്യാനന്ദ പുറത്തുവിട്ടിരുന്നു. മറ്റ് രാജ്യങ്ങളിൽ സ്വൈര്യമായി ഹിന്ദു ആചാരം പാലിക്കാനാകാത്തവർക്ക് വന്നുചേരാനുള്ള ഇടമെന്നാണ് നിത്യാനന്ദ കൈലാസത്തെ വിശേഷിപ്പിക്കുന്നത്. 2020 ൽ കൈലാസത്തിൽ റിസവർവ്വ് ബാങ്കും നിത്യാനന്ദ തുടങ്ങിയിരുന്നു. കൈലാഷിയൻ ഡോളർ എന്നാണ് ഇവിടുത്തെ കറന‍സിക്ക് പേരിട്ടിരിക്കുന്നത്.