"ഏപ്രിൽ 29 ന് ബീഹാറിൽ ഒരു പാലം വീണു. പാലം തകരാനുള്ള കാരണം ഞാൻ എന്റെ സെക്രട്ടറിയോട് ചോദിച്ചു. ശക്തമായ കാറ്റ്  കാരണമാണ് പാല തകർന്നതെന്ന് സെക്രട്ടറി പറഞ്ഞു''

ദില്ലി: പാലം തകരാൻ കാരണം കാറ്റാണെന്ന ഉദ്യോ​ഗസ്ഥന്റെ പ്രതികരണം അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്ര ഉപരിതല ​ഗതാ​ഗത മന്ത്രി നിതിൻ ​ഗഡ്കരി (Nitin Gadkari). ബിഹാർ (Bihar) സുൽത്താൻഗഞ്ചിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗം തകർന്നിരുന്നു. പാലം തകരാനുള്ള കാരണം ചോദിച്ചപ്പോൾ ‘ശക്തമായ കാറ്റ് കാരണമാണ് പാലം തകർന്നതെന്ന ഐഎഎസ് ഉദ്യോഗസ്ഥന്റെ പ്രതികരണം അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. ഗംഗാ നദിക്ക് കുറുകെ നിർമാണത്തിലിരിക്കുന്ന പാലം ഏപ്രിൽ 29 നാണ് തകർന്നത്. സംഭവത്തിൽ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ശക്തമായ ഇടിമിന്നൽ കാരണമാണ് പാലം തകർന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. 

"ഏപ്രിൽ 29 ന് ബീഹാറിൽ ഒരു പാലം വീണു. പാലം തകരാനുള്ള കാരണം ഞാൻ എന്റെ സെക്രട്ടറിയോട് ചോദിച്ചു. ശക്തമായ കാറ്റ് കാരണമാണ് പാല തകർന്നതെന്ന് സെക്രട്ടറി പറഞ്ഞു. ഒരു ഐഎഎസ് ഉദ്യോഗസ്ഥന് എങ്ങനെയാണ് ഇത്തരമൊരു വിശദീകരണം വിശ്വസിക്കാൻ കഴിയുക. ശക്തമായ കാറ്റിൽ ഒരു പാലം എങ്ങനെ തകരുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്തെങ്കിലും പിശക് കാരണമായിരിക്കാം പാലം തകർന്നതെന്ന് ഞാൻ കരുതുന്നു-​ഗഡ്കരി ഒരു ചടങ്ങിൽ പറഞ്ഞു. 

ഗുണനിലവാരത്തിൽ വിട്ടുവീഴ്ച ചെയ്യാതെ പാലങ്ങളുടെ നിർമാണച്ചെലവ് കുറക്കേണ്ടതിന്റെ ആവശ്യകതയും മന്ത്രി വ്യക്തമാക്കി. പാലം തകർന്ന സംഭവം അന്വേഷിക്കാൻ മുഖ്യമന്ത്രി നിതീഷ് കുമാർ ഉത്തരവിട്ടിട്ടുണ്ടെന്ന് സുൽത്താൻഗഞ്ച് എംഎൽഎ ലളിത് നാരായൺ മണ്ഡൽ പറഞ്ഞു. 1710 കോടി രൂപ ചെലവിലാണ് പാലം നിർമ്മിക്കുന്നത്. നിലവാരമില്ലാത്ത സാമ​ഗ്രികൾ ഉപയോ​ഗിച്ചതിനാലാണ് പാലം തകർന്നതെന്നും ആരോപണമുണ്ട്. ബിഹാറിലെ സുൽത്താൻഗഞ്ചിനെയും അഗ്വാനി ഘട്ടിനെയും ബന്ധിപ്പിക്കുന്ന പാലം 2014ലാണ് നിർമാണം തുടങ്ങിയത്. 2019ൽ നിർമാണം പൂർത്തിയാകുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇപ്പോഴും പൂർത്തിയായിട്ടില്ല. 

Scroll to load tweet…