രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്നതാണ് ഭാരത് മാല പദ്ധതി
ദില്ലി: ഭാരത്മാല പദ്ധതിയുടെ (Bharatmala project) ഒന്നാം ഘട്ടത്തിന് കീഴിൽ 9,000 കിലോമീറ്റർ നീളമുള്ള സാമ്പത്തിക ഇടനാഴികളുടെ നിർമ്മാണം വിഭാവനം ചെയ്യുന്നുവെന്ന് കേന്ദ്ര ഉപരിതല ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി വ്യക്തമാക്കി (Minister of Road Transport and Highways of India). 9,000 കിലോമീറ്ററിൽ 6,087 കിലോമീറ്റർ വരുന്ന പദ്ധതികൾക്ക് അനുമതി നൽകി കഴിഞ്ഞെന്നും നിതിൻ ഗഡ്കരി (Nitin Gadkari) രാജ്യ സഭയിൽ രേഖ മൂലം നൽകിയ മറുപടിയിലൂടെ പറഞ്ഞു. വരുന്ന രണ്ട് സാമ്പത്തിക വർഷങ്ങളിൽ ബാക്കി ഇടനാഴികളുടെ നിർമ്മാണ അനുമതി നൽകും. ഇതുവരെ, 1,613 കിലോമീറ്റർ ഇടനാഴികളുടെ നിർമ്മാണം പൂർത്തിയായിട്ടുണ്ട്. ബാക്കി 2026-27 ഓടെ പൂർത്തിയാക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
രാജ്യത്തെ വിവിധ നഗരങ്ങളെ ബന്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്നതാണ് ഭാരത് മാല പദ്ധതി. നരേന്ദ്രമോദി സര്‍ക്കാരിന്റെ കാലത്ത് നടപ്പാക്കുന്ന പ്രധാന അടിസ്ഥാന സൗകര്യ വികസനപദ്ധതികളിലൊന്നാണ് ഇത്. പദ്ധതി നടപ്പാക്കുന്നതോടെ രാജ്യത്തെ നിര്‍മ്മാണമേഖലയിലും കാര്യമായ ഉണര്‍വുണ്ടാക്കും എന്നാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രതീക്ഷ.
