പാറ്റ്‌ന: രാജസ്ഥാനിലെ കോട്ടയിലെ കോച്ചിംഗ് സെന്ററുകളില്‍പ്പെട്ട വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കാന്‍ യുപിയില്‍ നിന്ന് 300 ബസ്സുകള്‍ യാത്ര തിരിച്ചതിനെതിരെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. ഇത് അനീതിയെന്നാണ് മുഖ്യമന്ത്രി വിശേഷിപ്പിച്ചത്. കൊവിഡ് വ്യാപനം തടയാന്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ഇത് അനീതിയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 

ആഗ്രയില്‍നിന്നും ഝാന്‍സിയില്‍നിന്നുമാണ് ബസ്സുകള്‍ കോട്ടയിലേക്ക് സര്‍ക്കാര്‍ പറഞ്ഞയച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള വിദ്യാര്‍്ത്ഥികള്‍ പ്രൊഫഷണല്‍ കോഴ്‌സുകളുടെ പ്രവേശന പരീക്ഷയ്ക്കായി തയ്യാറെക്കുന്ന കോച്ചിംഗ് സെന്ററുകളുടെ സ്ഥലമാണ് കോട്ട. 

ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളാണ് ലോക്ഡൗണിനെ തുടര്‍ന്ന് നഗരത്തില്‍ കുടുങ്ങിയിരിക്കുന്നത്. ആറ് കൊവിഡ് 19 കേസുകളാണ് ഈ പ്രദേശത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ആദിത്യനാഥ് സര്‍ക്കാരിന്റെ നീക്കത്തിനെതിരെ ശക്തമായാണ് അദ്ദേഹം പ്രതികരിച്ചത്. അതിഥി തൊഴിലാളികള്‍ക്ക് സ്വന്തം ദേശത്തേക്ക് മടങ്ങാനാകാതെയിരിക്കുമ്‌പോഴാണ് ഇത്തരമൊരു നടപടിയെന്നും അദ്ദേഹം പരാമര്‍ശിച്ചു. 

'' വിദ്യാര്‍ത്ഥികള്‍ക്ക് അനുവാദം നല്‍കുമ്‌പോള്‍, പലയിടത്തായി കുടുങ്ങിപ്പോയ അതിഥി തൊഴിലാളികളെ എന്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ തടയുന്നത് ? '' - അദ്ദേഹം ചോദിച്ചു.  വിദ്യാര്‍ത്ഥികള്‍ കൂട്ടമായി എത്തുന്നത് കൊവിഡ് വ്യാപനത്തിന് കാരണമാകുമെന്ന ആശങ്കയും അദ്ദേഹം പ്രകടിപ്പിച്ചു. 

അതേസമയം ആവശ്യമായ സുരക്ഷാ മുന്‍കരുതലോടെയാണ് ബ്‌സസുകളില്‍ വിദ്യാര്‍ത്ഥികളെ തിരിച്ചെത്തിക്കുന്നതെന്ന് ആഗ്രയിലെ മഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. യുപിയെ പോലെ മറ്റ് സംസ്ഥാനങ്ങളും വിദ്യാര്‍ത്ഥികളെ കൊണ്ടുപോകാനുള്ള നടപടി സ്വീകരിക്കണമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് പ്രതികരിച്ചു.