പുര്‍ണിയ(ബിഹാര്‍): ഈ നിയമസഭ തെരഞ്ഞെടുപ്പ് തന്റെ അവസാനത്തെ തെരഞ്ഞെടുപ്പാകുമെന്ന് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. പൂര്‍ണിയയിലെ തെരഞ്ഞെടുപ്പ് റാലിയിലാണ് നിതീഷിന്റെ പ്രഖ്യാപനം. 'തെരഞ്ഞെടുപ്പിന്റെ അവസാന ദിനമാണ് ഇന്ന്. ഈ ദിവത്തിന് ശേഷം തെരഞ്ഞെടുപ്പ് അവസാനിക്കാം. ഇതെന്റെ അവസാനത്തെ തെരഞ്ഞെടുപ്പാണ്'- അഞ്ച് തവണ മുഖ്യമന്ത്രിയായ നിതീഷ് കുമാര്‍ റാലിയില്‍ പറഞ്ഞു. 

പ്രസ്താവനയെ തുടര്‍ന്ന് നിതീഷ് രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുകയാണെന്ന അഭ്യൂഹമുയര്‍ന്നു. വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള വൈകാരികമായ നീക്കമാണെന്ന വിമര്‍ശനത്തെ ജെഡിയു തള്ളി. മുന്‍ ഘട്ടങ്ങളിലെ തെരഞ്ഞെടുപ്പ് റാലികളിലും നിതീഷ് കുമാര്‍ ഇത് പറഞ്ഞിരുന്നു. കൃത്യമായ രാഷ്ട്രീയ നിലപാടുള്ള വ്യക്തിയാണ് അദ്ദേഹം. ഗൗരവമായി ചിന്തിച്ചതിന് ശേഷമാണ് അദ്ദേഹം എന്തെങ്കിലും കാര്യം പറയാറെന്നും ജെഡിയു നേതാന് അശോക് ചൗധരി പറഞ്ഞു. തുടര്‍ച്ചയായ നാലാം തവണ മുഖ്യമന്ത്രി സ്ഥാനം ഉറപ്പിക്കാനാണ് നിതീഷ് കുമാര്‍ ഇറങ്ങുന്നത്. കടുത്ത മത്സരമാണ് ഇത്തവണ ബിഹാറില്‍ നിതീഷ് കുമാര്‍ നേരിടുന്നത്.