നിലവിൽ സംസ്ഥാനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും നിയമ സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും താൽപര്യമുണ്ടെങ്കിലും നിലവിൽ പാർട്ടിയുടെ സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്നതിന് മാത്രമാണ് പരിഗണനയെന്നും ചിരാഗ് പാസ്വാൻ

പട്ന: ബിഹാറിൽ മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള വാദത്തിൽ ചിരാഗ് പാസ്വാൻ അയയുന്നു. ജെഡിയു നേതാവ് നിതീഷ കുമാറിന് മുഖ്യമന്ത്രി സ്ഥാനത്തേക്ക് പിന്തുണയ്ക്കുന്നുവെന്ന് വിശദമാക്കി കേന്ദ്രമന്ത്രി ചിരാഗ് പാസ്വാൻ. എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിലാണ് എൽജെപി നേതാവ് നിതീഷ് കുമാറിനുള്ള പിന്തുണ വ്യക്തമാക്കിയത്. നിലവിലെ സാഹചര്യത്തിൽ എൻഡിഎ സഖ്യത്തിൽ നിതീഷ് കുമാറിന് കീഴിൽ തന്നെയാവും മിക്ക നേതാക്കന്മാരും മത്സരിക്കുക. നിലവിൽ സംസ്ഥാനത്തിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കാനും നിയമ സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനും താൽപര്യമുണ്ടെങ്കിലും നിലവിൽ പാർട്ടിയുടെ സ്ഥാനാർത്ഥികളെ തെരഞ്ഞെടുക്കുന്നതിന് മാത്രമാണ് പരിഗണനയെന്നും ചിരാഗ് പാസ്വാൻ വിശദമാക്കി. നിതീഷ് കുമാർ തന്നെ വീണ്ടും ബിഹാർ മുഖ്യമന്ത്രിയാകുമെന്ന സൂചനയാണ് ചിരാഗ് പാസ്വാൻ നൽകുന്നത്. തെരഞ്ഞെടുക്കപ്പെട്ട എം എൽഎമാർ വീണ്ടും നിതീഷ് കുമാറിനെ മുഖ്യമന്ത്രിയായി നിർദ്ദേശിക്കും.

അ‌ഞ്ച് വർഷത്തിന് ശേഷം ബിഹാറിലേക്ക് പൂർണമായി ശ്രദ്ധിക്കുമെന്ന് കേന്ദ്ര മന്ത്രി 

എല്ലാ പാർട്ടികളും അവരുടെ നേതാവ് മുഖ്യമന്ത്രിയാകാൻ ആഗ്രഹിക്കും. പിതാവ് മുഖ്യമന്ത്രിയും പ്രധാനമന്ത്രിയാകണമെന്ന് താൻ ആഗ്രഹിച്ചിരുന്നു. നിയമസഭയിലേക്ക് തൽക്കാലം മത്സരിക്കാനില്ലെന്നും, നാല്, അഞ്ച് വർഷങ്ങൾക്ക് ശേഷം തൻ്റെ ശ്രദ്ധ പൂർണ്ണമായും ബിഹാറിലേക്ക് തിരിയുമെന്നും ചിരാഗ് പാസ്വാന്റെ പ്രതികരണം. എൻഡിഎ സഖ്യത്തിൽ 29 സീറ്റുകളിലാണ് എൽജെപി മത്സരിക്കുക. അതേസമംയ ജെഡിയു, ബിജെപിയും 101 സീറ്റുകൾ വീതമാണ് മത്സരിക്കുക. 40 മുതൽ 50 സീറ്റുകളാണ് 2024ലെ തെരഞ്ഞെടുപ്പിലെ മിന്നുന്ന പ്രകടനം ആസ്പദമാക്കി എൽജെപി ആവശ്യപ്പെട്ടതെങ്കിലും 29 സീറ്റുകളിൽ തൃപ്തിപ്പെടേണ്ടി വന്നിരുന്നു. നവംബർ 6നും 11നും രണ്ട് ഘട്ടങ്ങളിലായാണ് ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ 14നാണ് തെരഞ്ഞെടുപ്പ് ഫലം പുറത്ത് വിടുക.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം