ദില്ലി: വരാനിരിക്കുന്ന ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ തന്നെയെന്ന് എന്‍ഡിഎയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. ബിജെപി, ജെഡിയു, എല്‍ജെപി പാര്‍ട്ടികള്‍ ഒരുമിച്ച് പോരാടുമെന്നും നിതീഷ് കുമാറായിക്കും സഖ്യത്തിന്റെ മുഖമെന്നും അദ്ദേഹം പറഞ്ഞു. തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ആലോചിക്കുന്നതിനായി ബിജെപി സംഘടിപ്പിച്ച വെര്‍ച്വല്‍ യോഗത്തിലാണ് ജെപി നദ്ദ ഇക്കാര്യം പറഞ്ഞത്. കഴിഞ്ഞ ദിവസം ജെഡിയുവും എല്‍ജെപിയും തമ്മില്‍ വാക്‌പോരുണ്ടായിരുന്നു. 

എന്‍ഡിഎ സഖ്യം തുടരാനും നിതീഷ് കുമാറിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടാനുമാണ് ബിജെപി തീരുമാനം. പ്രതിപക്ഷ പാര്‍ട്ടികള്‍ പ്രത്യേക കാഴ്ചപ്പാടോ പദ്ധതികളോ ഇല്ലെന്നും  നദ്ദ വിമര്‍ശിച്ചു. കൊവിഡ് 19, വെള്ളപ്പൊക്കം എന്നിവയെ ഫലപ്രദമായി നേരിട്ടതില്‍ അദ്ദേഹം ബിഹാര്‍ സര്‍ക്കാറിനെ പ്രശംസിച്ചു. കൊവിഡിനെ നേരിടാന്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച ആരോഗ്യ പദ്ധതികളും നദ്ദ വിശദീകരിച്ചു.

ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലാണ് ബിഹാറിലെ തെരഞ്ഞെടുപ്പ് നടക്കുന്നത്. കൊവിഡ് പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടെങ്കിലും ജെഡിയു, ബിജെപി പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് നടത്തണമെന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടത്.