ബംഗാളില്‍ തൃണമൂലിനോടും ബിജെപിയോടും ഒരുപോലെ പോരാടുമെന്നും സിപിഎം സംസ്ഥാന സെക്രട്ടറി മുഹമ്മദ് സലീം

ദില്ലി: ഇന്ത്യ സഖ്യത്തിന് തിരിച്ചടിയുമായി ബംഗാളിലെ സിപിഎം രംഗത്ത്.തൃണമൂല്‍ കോണ്‍ഗ്രസുമായുള്ള സഖ്യ നീക്കം തള്ളി .ആർഎസ്എസ് അടുപ്പക്കാരായ തൃണമൂലുമായി സഖ്യം സാധ്യമല്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.ബംഗാളില്‍ തൃണമൂലിനോടും ബിജെപിയോടും ഒരുപോലെ പോരാടുമെന്നും മുഹമ്മദ് സലീം പറഞ്ഞു.പശ്ചിമബംഗാളില്‍ സിപിഎമ്മും കോണ്‍ഗ്രസുമായി സഖ്യമാകാമെന്ന് മമത വ്യക്തമാക്കിയിരുന്നു. വൈകിപ്പിക്കാതെ സീറ്റ് ധാരണയെ കുറിച്ച് സഖ്യം തീരുമാനമെടുക്കണമെന്നും മമത ആവശ്യപ്പെട്ടിരുന്നു ഇതിന് പിന്നാലെയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണം.

ഇന്ത്യ സഖ്യത്തിന്‍റെ നാലാമത് വിശാല യോഗം ഇന്ന് ദില്ലിയില്‍ ചേരും. അശോക ഹോട്ടലില്‍ മൂന്ന് മണിക്കാണ് യോഗം. ലോക് സഭ തെരഞ്ഞെടുപ്പിലേക്കുളള സീറ്റ ് വിഭജനത്തെ കുറിച്ച് പ്രാരംഭ ചര്‍ച്ചകള്‍ നടക്കും. നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്ന് സംസ്ഥാനങ്ങളിലുണ്ടായ തിരിച്ചടിയും യോഗം വിലയിരുത്തും. പാര്‍ലമെന്‍റിലെ പ്രതിപക്ഷ എംപിമാരുടെ കൂട്ട സസ്പെന്‍ഷനില്‍ തുടര്‍നടപടികളും ചര്‍ച്ചയാകും