രാമക്ഷേത്രം, ഏകീകൃത സിവില്‍കോഡ്, ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുക എന്നിവ എല്ലാകാലത്തും ബിജെപിയുടെ പ്രധാന മുദ്രവാക്യങ്ങളായിരുന്നു. ഇതില്‍ ഒന്നാണ് അപ്രതീക്ഷിത നീക്കങ്ങളിലൂടെ ബിജെപി സാധ്യമാക്കുന്നത്. 

ദില്ലി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയുള്ള ഓഡിനന്‍സും തുടര്‍ന്ന് ബില്ലും അവതരിപ്പിക്കുന്നതിലൂടെ ബിജെപി നടപ്പിലാക്കുന്നത് സംഘപരിവാറിന്‍റെ ആറുപതിറ്റാണ്ടിലേറെയായുള്ള മുദ്രവാക്യം. ബിജെപിയുടെ ആദ്യരൂപമായ ജനസംഘത്തിന്‍റെ സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖർജി ഈ ഭരണഘടന വകുപ്പിനെതിരെ ഇത് ഉണ്ടാക്കിയ കാലത്ത് തന്നെ രംഗത്ത് എത്തിയിരുന്നു. ‘ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക’ എന്ന മുദ്രവാക്യം ഉയര്‍ത്തിയായിരുന്നു ഈ എതിര്‍പ്പ്. പിന്നീട് ജനസംഘത്തിന്‍റെയും, ബിജെപിയുടെയും തെരഞ്ഞെടുപ്പ് രാഷ്ട്രീയ മുദ്രവാക്യങ്ങളില്‍ പ്രധാനപ്പെട്ട ഇനമായിരുന്നു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയും എന്നത്. 

രാമക്ഷേത്രം, ഏകീകൃത സിവില്‍കോഡ്, ആര്‍ട്ടിക്കിള്‍ 370 എടുത്തുകളയുക എന്നിവ എല്ലാകാലത്തും ബിജെപിയുടെ പ്രധാന മുദ്രവാക്യങ്ങളായിരുന്നു. ഇതില്‍ ഒന്നാണ് അപ്രതീക്ഷിത നീക്കങ്ങളിലൂടെ ബിജെപി സാധ്യമാക്കുന്നത്. വലിയ ഭൂരിപക്ഷം കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ലഭിച്ചത് മുതല്‍ തങ്ങളുടെ അടിസ്ഥാന മുദ്രവാക്യങ്ങള്‍ പൂര്‍ത്തികരിക്കാനുള്ള ഒരുക്കത്തിലായിരുന്നു ബിജെപി. ഇതിന് പ്രധാനതടസമായി നിന്നത് രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ല എന്നതായിരുന്നു. എന്നാല്‍ ചെറുപാര്‍ട്ടികളെ ഒപ്പം നിര്‍ത്തിയും, ടിഡിപിയെ പിളര്‍ത്തിയും ഒക്കെ ഭൂരിപക്ഷം രാജ്യസഭയിലും ബിജെപില്‍ മേല്‍ക്കൈ നേടിയെടുത്തു. ഇതിന്‍റെ ഫലമായി മുത്തലാഖ് അടക്കമുള്ള ബില്ലുകള്‍ രാജ്യസഭ കടന്നു.

ഇതോടെയാണ് തങ്ങളുടെ അടിസ്ഥാന ആശയം നടപ്പിലാക്കുവാന്‍ ബിജെപി ഒരുങ്ങിയത് എന്ന് വേണം വിലയിരുത്താന്‍. രാജ്യസഭയില്‍ ഭൂരിപക്ഷം ഉണ്ടാകുന്നതുവരെ കാത്തുനില്‍ക്കാതെ ലഭിച്ച അവസരം നരേന്ദ്രമോദി സര്‍ക്കാര്‍ ഉപയോഗിച്ചു. നിലവില്‍ രാഷ്ട്രപതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് 370 റദ്ദാക്കിയതായി ഓഡിനന്‍സ് പാസാക്കി. 

ഇപ്പോള്‍ റദ്ദാക്കിയ ആര്‍ട്ടിക്കിള്‍ 370 പ്രകാരം പ്രതിരോധം, വാർത്താവിനിമയം, വിദേശകാര്യം എന്നീ മേഖലകളിലൊഴികെ ഇന്ത്യൻ പാർലമെന്‍റ് പാസ്സാക്കുന്ന നിയമങ്ങൾ ജമ്മു-കശ്മീരിന് ബാധകമാകണമെങ്കിൽ സംസ്ഥാന സർക്കാരിന്‍റെ അംഗീകാരം ആവശ്യമായിരുന്നു. കശ്മീരിനെ ഇന്ത്യന്‍ യൂണിയനില്‍ ലയിപ്പിക്കുന്ന സമയത്ത് നെഹ്രു കശ്മീരി ജനതക്ക് കൊടുത്ത വാക്ക് കാശ്മീരിനു സ്വതന്ത്രമായി ഒരു നിയമ നിര്‍മ്മാണസഭ ഉണ്ടാകുന്നതാണെന്നും അത് സംസ്ഥാനത്തിന്‍റെ ആന്തരിക ഭരണഘടന നിശ്ചയിക്കും എന്നുമായിരുന്നു. അതിന്‍റെ ഫലമായുണ്ടായതാണ് ആര്‍ട്ടിക്കിള്‍ 370. കശ്മീർ അസ്സംബ്ലി 1954 -ലെ ഇന്ത്യയോടുള്ള ലയനം അംഗീകരിച്ചു, കശ്മീർ ഇന്ത്യൻ യൂണിയന്‍റെ ഭാഗമായി.