അഹമ്മദാബാദ് സെഷൻസ് കോടതിയാണ് ഇരുവരുടേയും ജാമ്യപേക്ഷ തള്ളിയത്.  

മുംബൈ : ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസിൽ പ്രതിചേർക്കപ്പെട്ട മനുഷ്യാവകാശ പ്രവർത്തക ടീസ്ത സെതൽവാദിനും മലയാളി ഐപിഎസ് ഉദ്യോഗസ്ഥൻ ആ‍ർ ബി ശ്രീകുമാറിനും ജാമ്യമില്ല. അഹമ്മദാബാദ് സെഷൻസ് കോടതിയാണ് ഇരുവരുടേയും ജാമ്യപേക്ഷ തള്ളിയത്. 

ഗുജറാത്ത് കലാപക്കേസുമായി ബന്ധപ്പെട്ട് നരേന്ദ്രമോദി അടക്കമുള്ളവർക്കെതിരായ വ്യാജ ആരോപണങ്ങളുന്നയിച്ചെന്നാണ് ടീസ്ത സെതൽവാദ്, മുൻ ഐപിഎസ് ഉദ്യോഗസ്ഥരായ സഞ്ജീവ് ഭട്ട്, ആർബി ശ്രീകുമാർ എന്നിവർക്കെതിരെയുള്ള കേസ്.

കഴിഞ്ഞ ജൂൺ 25 ന് അഹമ്മദാബാദ് ക്രൈംബ്രാഞ്ചാണ് ടീസ്തയെയും ശ്രീകുമാറിനെയും അറസ്റ്റ് ചെയ്തത്. ഗുജറാത്ത് കലാപക്കേസിൽ മോദിയടക്കമുള്ളവർക്ക് പങ്കില്ലെന്ന എസ്ഐടി കണ്ടെത്തൽ സുപ്രീംകോടതി ശരിവച്ചതിന് പിന്നാലെയായിരുന്നു അറസ്റ്റ്. കേസിൽ വ്യാജ ആരോപണങ്ങളും തെളിവുകളുമുണ്ടാക്കിയവർക്കെതിരെ ഉചിതമായ നിയമനടപടിയാവാമെന്ന കോടതി നിർദ്ദേശത്തിന് പിന്നാലെയാണ് നടപടിയുണ്ടായത്. 

ടീസ്ത സെതല്‍വാദിന്‍റെ അറസ്റ്റ്; പ്രതിഷേധം ശക്തമാകുന്നു, വിധിയില്‍ വ്യക്തത വരുത്തണമെന്ന് മദന്‍ ബി ലോക്കൂര്‍

കലാപകാലത്ത് എഡിജിപിയായിരുന്ന ശ്രീകുമാർ നാനാവതി കമ്മീഷന് മുന്നിൽ അന്നത്തെ മോദിസർക്കാരിനെതിരായ തെളിവുകൾ ഹാജരാക്കിയിരുന്നു. നിലവിൽ ജയിലിലുള്ള മുൻ ഡിഐജി സഞ്ജീവ് ഖന്നയാണ് എഫ്ഐആറിലുള്ള മൂന്നാമത്തെ പ്രതി. വ്യാജ ആരോപണങ്ങൾ ഉന്നയിച്ചു, തെളിവുകൾ വ്യാജമായി ഉണ്ടാക്കി, മൂവരും ചേർന്ന് ഗൂഢാലോചന നടത്തി എന്നിങ്ങനെയാണ്കുറ്റങ്ങൾ.എന്നാൽ പ്രതികാര ബുദ്ധിയോടെയുള്ള നടപടിയാണ് ഈ കേസെന്നാ ടീസ്തയുടെ അഭിഭാഷകൻ വാദിക്കുന്നത്. 

ഗൂഢാലോചനക്ക് പിന്നിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണെന്ന് ബിജെപി

2002 ലെ ഗുജറാത്ത് കലാപക്കേസിൽ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയെ പ്രതിക്കൂട്ടിലാക്കാനുള്ള ഗൂഢാലോചനക്ക് പിന്നിൽ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയാണെന്ന് ബിജെപി. കോൺ​ഗ്രസ് നേതാവായിരുന്ന അഹമ്മദ് പട്ടേലും ടീസ്റ്റ സെതൽവാദുമുൾപ്പെടെയുള്ളവർ മോദിയെ പ്രതിയാക്കാൻ പദ്ധതി തയ്യാറാക്കിയെന്ന് ​ഗുജറാത്ത് പൊലീസ് കോടതിയിൽ സത്യവാങ്മൂലം നൽകിയതിന് പിന്നാലെയാണ് സോണിയാ ​ഗാന്ധിക്കെതിരെ ബിജെപി രം​ഗത്തെത്തിയത്. സോണിയാ ഗാന്ധിയുടെ രാഷ്ട്രീയ ഉപദേഷ്ടാവും കോൺഗ്രസ് നേതാവുമായ അന്തരിച്ച അഹമ്മദ് പട്ടേൽ സംസ്ഥാനത്തെ ബിജെപി സർക്കാരിനെ അസ്ഥിരപ്പെടുത്താനും പ്രധാനമന്ത്രി മോദിയുടെ രാഷ്ട്രീയത്തെ തകർക്കാനും പ്രവർത്തിച്ച ഇടനിലക്കാരനാണെന്നും ബിജെപി വക്താവ് സംബിത് പത്ര ആരോപിക്കുന്നു.