ചുവപ്പ് ഭീകരത തുടച്ച് നീക്കുമെന്ന് അമിത് ഷാ. നക്സലുകൾ കീഴടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വെടിനിർത്തലിന്റെ ആവശ്യമില്ല. നിങ്ങളുടെ ആയുധങ്ങൾ താഴെ വയ്ക്കുക, ഒരു വെടിയുണ്ട പോലും പൊട്ടില്ലെന്നും അമിത് ഷാ ഉറപ്പ് നൽകി.
ദില്ലി: നക്സലിസത്തിനെതിരായ സർക്കാരിന്റെ പോരാട്ടം വെറും വെടിയുണ്ടകളുടെയും ഓപ്പറേഷനുകളുടെയും പോരാട്ടമല്ലെന്നും ആശയങ്ങളുടെ പോരാട്ടമാണെന്നും ആഭ്യന്തര മന്ത്രി അമിത് ഷാ. ദില്ലിയിൽ "നക്സൽ മുക്ത് ഭാരത്: മോദിയുടെ നേതൃത്വത്തിൽ ചുവപ്പ് ഭീകരത അവസാനിപ്പിക്കുന്നു" എന്ന സെഷനിൽ ഭാരത് മന്തൻ 2025 ന്റെ സമാപന സമ്മേളനത്തിൽ സംസാരിക്കവെയാണ് അമിത് ഷാ ഇക്കാര്യം പറഞ്ഞത്. 2026 മാർച്ച് 31 ഓടെ നക്സൽ രഹിത ഇന്ത്യയെന്നത് സർക്കാറിന്റെ ലക്ഷ്യമാണെന്നും ഇടതുപക്ഷ തീവ്രവാദത്തിനെതിരായ പോരാട്ടത്തിലെ നേട്ടങ്ങളും തന്ത്രങ്ങളും ഷാ വിശദീകരിച്ചു. നക്സലിസത്തെ ഉന്മൂലനം ചെയ്യുന്നതിന് പ്രസ്ഥാനത്തിന്റെ പിന്നിലെ പ്രത്യയശാസ്ത്രത്തെ അഭിസംബോധന ചെയ്യേണ്ടതുണ്ടെന്നും, അതിലെ സായുധരായ അംഗങ്ങളെ നിർവീര്യമാക്കുക മാത്രമല്ലെന്നും അദ്ദേഹം ഊന്നിപ്പറഞ്ഞു.
നക്സലുകളുടെ വെടിനിർത്തൽ നിർദ്ദേശം നിരസിച്ചെന്നും അദ്ദേഹം പറഞ്ഞു. നക്സലുകൾ കീഴടങ്ങാൻ ആഗ്രഹിക്കുന്നുവെങ്കിൽ, വെടിനിർത്തലിന്റെ ആവശ്യമില്ല. നിങ്ങളുടെ ആയുധങ്ങൾ താഴെ വയ്ക്കുക, ഒരു വെടിയുണ്ട പോലും പൊട്ടില്ലെന്നും അമിത് ഷാ ഉറപ്പ് നൽകി. കീഴടങ്ങാൻ തയ്യാറുള്ളവരെ സ്വീകരിക്കും. മെച്ചപ്പെട്ട പുനരധിവാസ നയം വാഗ്ദാനം ചെയ്യുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആയുധധാരികളായതിനാലാണ് ഇരുനൂറ്റി തൊണ്ണൂറ് പേർ കൊല്ലപ്പെട്ടത്. ഞങ്ങൾ 1,090 പേരെ അറസ്റ്റ് ചെയ്തു. അറസ്റ്റ് സാധ്യമാകുന്നിടത്ത് അറസ്റ്റ് ചെയ്തു. 881 പേർ കീഴടങ്ങി. ഇത് സർക്കാരിന്റെ സമീപനത്തെ വ്യക്തമാക്കുന്നുവെന്നും അമിത് ഷാ പറഞ്ഞു.
സായുധ നീക്കങ്ങളിലൂടെ മാത്രം നക്സലിസത്തിനെതിരായ പോരാട്ടം ജയിക്കാനാവില്ലെന്ന് ഷാ അടിവരയിട്ടു. പതിറ്റാണ്ടുകളായി നക്സലിസത്തിന് ഇന്ധനം നൽകുന്ന പ്രത്യയശാസ്ത്ര അടിത്തറ മനസ്സിലാക്കുകയും പൊളിച്ചുമാറ്റുകയും ചെയ്യേണ്ടതിന്റെ പ്രാധാന്യം അദ്ദേഹം ഊന്നിപ്പറഞ്ഞു.


