ജിഎസ്ടി നിരക്ക് മാറ്റം പ്രചാരണ വിഷയമാക്കി ഇന്ന് മുതല്‍ ഒരാഴ്ച ജിഎസ്ടി സമ്പാദ്യ ഉത്സവം തുടങ്ങി.
ദില്ലി:ജിഎസ്ടി നിരക്കിലെ മാറ്റം നേരിട്ടറിയാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി. അരുണാചല്‍ പ്രദേശിലെ ഇറ്റാ നഗറില്‍ എത്തി, ചെറുകിട കച്ചവടക്കാരും , വ്യാപാരികളുമായി മോദി സംവദിച്ചു. നിരക്ക് മാറ്റം ആഴത്തിലുള്ള മുറിവിലൊട്ടിച്ച ബാന്‍ഡ് എയ്ഡ് മാത്രമാണെന്ന കോണ്‍ഗ്രസ് വിമര്‍ശത്തിന് പ്രതിപക്ഷത്തിന് സ്വപ്നം കാണാന്‍ കഴിയാത്ത പ്രഖ്യാപനമെന്ന് അമിത് ഷാ മറുപടി നല്‍കി.നിരക്കിലെ മാറ്റങ്ങള്‍ മനസിലാക്കി. വ്യാപാരികള്‍ വലിയ പ്രതീക്ഷയിലാണെന്നും, ജിഎസ്ടി നിരക്ക് മാറ്റത്തിലൂടെ ഇരട്ടി ഐശ്വര്യമെത്തിയിരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
വൈകുന്നേരം ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ ദില്ലിയില്‍ വ്യാപാരികളെ കാണും. നിരക്ക് മാറ്റം പ്രചാരണ വിഷയമാക്കി ഇന്ന് മുതല്‍ ഒരാഴ്ച ജിഎസ്ടി സമ്പാദ്യ ഉത്സവം തുടങ്ങി. ബോധവത്ക്കരണത്തിനായി ബിജെപി എംപിമാര്‍ മണ്ഡലങ്ങളില്‍ പദയാത്രയും സംഘടിപ്പിക്കുന്നുണ്ട്.
അതേ സമയം ജിഎസ്ടി നിരക്കില്‍ കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെതിരെ വിമര്‍ശനം കടുപ്പിച്ചു. ഇത്രയും കാലം അധിക നികുതി ഈടാക്കിയതിന് ജനത്തോട് മാപ്പ് പറയണമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ആവശ്യപ്പെട്ടു.ചെറുകിട ഇടത്തരം മേഖലകളില്‍ മാറ്റം പ്രതിഫലിക്കാന്‍ കാലതാമസമുണ്ടാകുമെന്ന് ജയറാം രമേശും ചൂണ്ടിക്കാട്ടി. അതേ സമയം ജനങ്ങളും സര്‍ക്കാരും തമ്മിലുള്ള ബന്ധം കൂടുതല്‍ ദൃഢമായെന്ന് അമിത് ഷാ അവകാശപ്പെട്ടു. ഇടത്തരക്കാരെ ഉന്നമിട്ട പ്രഖ്യാപനത്തിന്‍റെ നേട്ടം ബിഹാര്‍ തെരഞ്ഞെടുപ്പില്‍ കൊയ്യാമെന്നാണ് ബിജെപിയുടെ കണക്ക് കൂട്ടല്‍


