കോണ്‍ഗ്രസ് എംഎല്‍എമാര്‍ 'ഓപ്പറേഷൻ ലോട്ടസ്' എന്താണെന്ന് കണ്ടതാണ്. അത് നടക്കാന്‍ പോകുന്നില്ലെന്ന് ഡികെ.
ബംഗളൂരു: നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം ഇന്ന് വരാനിരിക്കെ, ഒരു കോണ്‍ഗ്രസ് നേതാവിനെയും വിലക്കെടുക്കാന്‍ കഴിയില്ലെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാര്‍. തെലങ്കാനയില്‍ ബിആര്‍എസിനെയും മധ്യപ്രദേശില്‍ ബിജെപിയെയും തോല്‍പ്പിച്ച് കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്ന എക്സിറ്റ് പോള്‍ ഫലങ്ങള്‍ക്ക് പിന്നാലെയാണ് പ്രതികരണം.
മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് എന്ന എക്സിറ്റ് പോള്‍ ഫലം വന്നതിനു പിന്നാലെ രാഷ്ട്രീയ പാർട്ടികൾ, വിജയിക്കുന്ന എംഎൽഎമാരെ ആഡംബര റിസോർട്ടുകളിലേക്കും ഹോട്ടലുകളിലേക്കും മാറ്റുമെന്നും കാവൽ ഏർപ്പെടുത്തുമെന്നും പ്രചാരണങ്ങളുണ്ട്. മധ്യപ്രദേശില്‍ വിജയിക്കുന്ന കോണ്‍ഗ്രസ് എംഎല്‍എമാരെ കര്‍ണാടകയിലേക്ക് മാറ്റുമെന്നാണ് റിപ്പോര്‍ട്ട്. അതേസമയം കര്‍ണാടകയിലെ വിജയം നല്‍കിയ ആത്മവിശ്വാസത്തിലാണ് കോണ്‍ഗ്രസ്.
"ഞങ്ങളുടെ ദേശീയ - സംസ്ഥാന നേതാക്കൾ ആത്മവിശ്വാസത്തിലാണ്. ഒരു കോൺഗ്രസ് എംഎൽഎയെയും വിലയ്ക്കെടുക്കാന്‍ കഴിയില്ല," എന്നാണ് കോണ്‍ഗ്രസിന്‍റെ കർണാടക വിജയത്തിൽ പ്രധാന പങ്കുവഹിച്ച ശിവകുമാർ വ്യക്തമാക്കിയത്. റിസോർട്ട് രാഷ്ട്രീയത്തെ കുറിച്ച് വരുന്നതെല്ലാം അഭ്യൂഹങ്ങള്‍ മാത്രമാണെന്ന് ഡി കെ പറഞ്ഞു. ഇതെല്ലാം കിംവദന്തിയാണ്. തങ്ങളുടെ എല്ലാ എംഎൽഎമാരും വിശ്വസ്തരാണെന്ന് കോൺഗ്രസ് നേതാക്കൾക്ക് ഉറപ്പുണ്ട്. അവർ 'ഓപ്പറേഷൻ ലോട്ടസ്' എന്താണെന്ന് കണ്ടതാണ്. അത് നടക്കാന്‍ പോകുന്നില്ല.
തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവുവിന്‍റെ കെസിആർ ഇതിനകം നിരവധി കോൺഗ്രസ് നേതാക്കളെ സമീപിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചു. പക്ഷെ ഒന്നും നടക്കാന്‍ പോകുന്നില്ലെന്നും ഡി കെ അവകാശപ്പെട്ടു. 119 അംഗ തെലങ്കാന നിയമസഭയില്‍ കുറഞ്ഞത് 62 സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തിലെത്തുമെന്നാണ് എക്സിറ്റ് പോളുകള്‍ പ്രവചിക്കുന്നു.
വ്യക്തിപരമായി താന്‍ എക്സിറ്റ് പോളുകളില്‍ വിശ്വസിക്കുന്നില്ലെന്ന് ഡികെ പറഞ്ഞു. താൻ സ്വന്തമായി സർവേ നടത്തുമ്പോൾ ഒരു ലക്ഷത്തിലധികം സാമ്പിളുകൾ എടുക്കും. മാധ്യമങ്ങൾ 5,000 - 6,000 സാമ്പിളുകള്‍ മാത്രമാണ് എടുക്കുന്നത്. പക്ഷെ തെലങ്കാനയിലും മറ്റ് സംസ്ഥാനങ്ങളിലും വലിയ കോണ്‍ഗ്രസ് തരംഗമാണ്. ജനങ്ങൾ മാറ്റം ആഗ്രഹിക്കുന്നു. മധ്യപ്രദേശിലും തെലങ്കാനയിലും കോൺഗ്രസ് അധികാരത്തിൽ വരണമെന്ന് അവർ ആഗ്രഹിക്കുന്നുവെന്നും ഡികെ പറഞ്ഞു.
