ദില്ലി: കൊവിഡ് ബാധിച്ച് മരിച്ച ആരോഗ്യ പ്രവർത്തകരുടെ എണ്ണം സംബന്ധിച്ച് കൃത്യമായ കണക്കുകളില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹർഷവർധൻ. കേരളത്തിൽ നിന്നുള്ള രാജ്യസഭാ എംപി ബിനോയ് വിശ്വത്തിന്‍റെ ചോദ്യത്തിനുള്ള മറുപടിയിലാണ് കൃത്യമായ കണക്കുകളില്ലെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയത്. ലോക്ക്ഡൌണിൽ ഗ്രാമങ്ങളിലേക്ക് മടങ്ങിയവരിൽ കൊല്ലപ്പെട്ട കുടിയേറ്റക്കാരുടെ എണ്ണമില്ലെന്ന് വ്യക്തമാക്കിയതിന് പിന്നാലെയാണ് പുതിയ വിശദീകരണം. 

കൊവിഡ്  ബാധിച്ചതും മരിച്ചതുമായ ഡോക്ടർമാർ, നഴ്‌സുമാർ, സപ്പോർട്ട് സ്റ്റാഫ്, ആശാ വർക്കർമാർ എന്നിവരുൾപ്പെടെ ആരോഗ്യപ്രവർത്തകരുടെ  എണ്ണം സംബന്ധിച്ച പൂർണ്ണ വിവരങ്ങൾ തങ്ങളുടെ പക്കലില്ലെന്നാണ് സർക്കാർ അറിയിച്ചിരിക്കുന്നത്.

അതേസമയം ആരോഗ്യപ്രവർത്തകരുടെ മരണശേഷം ബന്ധുക്കൾക്ക് ആശ്വാസം നൽകുന്ന പ്രധാനമന്ത്രി ഗരിബ് കല്യാൺ ഇൻഷുറൻസ് പാക്കേജിന് കീഴിൽ 64 ഡോക്ടർമാർ ഉൾപ്പെടെ 155 ആരോഗ്യ പ്രവർത്തകരുടെ ബന്ധുക്കൾ സഹായം തേടിയിട്ടുണ്ടെന്ന്  മന്ത്രി പറയുന്നു..

32 നഴ്‌സുമാർ, 14 ആശാ വർക്കർമാർ,  ഡ്രൈവർമാർ-ശ്മശാന ജീവനക്കാർ തുടങ്ങിയ 45  പേരും ഇൻഷുറൻസിനായി അപേക്ഷിച്ചിട്ടുണ്ട്. യുപിയിലാണ് കൂടുതൽ ഡോക്ടർമാർ മരിച്ചത്, എട്ടുപേർ, ഗൂജറാത്തിൽ നിന്ന് ആറ് നഴ്സുമാർ, തെലങ്കാനയിൽ നിന്ന് മൂന്ന് ആഷാ വർക്കർമാർ, മറ്റു വിഭാങ്ങളിൽ മരിച്ച
45 പേരിൽ പകുതിയും മഹാരാഷ്ട്രയിൽ നിന്നുള്ളതാണെന്നും മന്ത്രി വ്യക്തമാക്കി.

ആരോഗ്യം  സംസ്ഥാനത്തിന്റെ പരിധിയിൽ വരുന്ന  വിഷയമാണ്. അത്തരം വിവരങ്ങൾ കേന്ദ്ര തലത്തിൽ സൂക്ഷിക്കുന്നില്ല. എന്നിരുന്നാലും, പ്രധാനമന്ത്രിയുടെ പദ്ധതി പ്രകാരമുള്ളവ വിവരങ്ങളുണ്ടാകുമെന്നും ആരോഗ്യമന്ത്രി ഹർഷവർധൻ രാജ്യസഭാ എംപി ബിനോയ് വിശ്വത്തിനുള്ള മറുപടിയിൽ പറഞ്ഞു.