Asianet News MalayalamAsianet News Malayalam

ഗോപാൽകൃഷ്ണ ഗാന്ധിയോ ഫറൂഖ് അബ്ദുള്ളയോ? പ്രതിപക്ഷത്തിന്‍റെ രാഷ്ട്രപതി സ്ഥാനാർത്ഥിയെക്കുറിച്ച് തീരുമാനമായില്ല

ഗോപാൽകൃഷ്ണ ഗാന്ധിയുടെ പേര് മമത ബാനർജിയും മുന്നോട്ടു വച്ചു. ഫറൂഖ് അബ്ദുള്ളയുടെ പേരും മമത മുന്നോട്ടു വച്ചിരുന്നു. രാഷ്ട്രപതി സ്ഥാനാർത്ഥിയാകാനില്ലെന്ന്  യോഗത്തില്‍ ശരദ് പവാർ ആവര്‍ത്തിച്ചു.

no decision has been made on the oppositions presidential candidate
Author
Delhi, First Published Jun 15, 2022, 5:43 PM IST

ദില്ലി: മമതാ ബാനർജി വിളിച്ച പ്രതിപക്ഷ സംഘടനകളുടെ യോഗത്തില്‍ രാഷ്ട്രപതി സ്ഥാനാർത്ഥിയെക്കുറിച്ച് തീരുമാനമായില്ല. ഗോപാൽകൃഷ്ണ ഗാന്ധിയുടെ പേര് മമത ബാനർജിയും മുന്നോട്ടു വച്ചു. ഫറൂഖ് അബ്ദുള്ളയുടെ പേരും മമത മുന്നോട്ടു വച്ചിരുന്നു. 

മമത ബാനർജി കൊണ്ടു വന്ന പ്രമേയത്തിൽ പ്രതിപക്ഷ യോഗത്തിൽ തർക്കം ഉണ്ടായി. പ്രമേയം അതേപടി അംഗീകരിക്കാനാവില്ലെന്ന് ഇടതുപക്ഷം നിലപാടെടുത്തു. രാഷ്ട്രപതി തെരഞ്ഞെടുപ്പിനെക്കുറിച്ചുള്ള നാലുവരി മാത്രം അംഗീകരിച്ചു.

രാഷ്ട്രപതി സ്ഥാനാർത്ഥിയാകാനില്ലെന്ന്  യോഗത്തില്‍ ശരദ് പവാർ ആവര്‍ത്തിച്ചു. സ്ഥാനാർത്ഥിയാകാനില്ലെന്ന തന്റെ തീരുമാനം യോഗത്തെ ശരദ് പവാർ അറിയിച്ചു.  17 പ്രതിപക്ഷ പാർട്ടികളാണ് യോഗത്തിൽ പങ്കെടുക്കുന്നത്. കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സിപിഎം, സിപിഐ, മുസ്ലിം ലീഗ്, ആർഎസ്‍പി, സമാജ്‍വാദി പാർട്ടി, ആർഎൽഡി, ശിവസേന, എൻസിപി, ഡിഎംകെ, പിഡിപി, എൻസി, ആർജെഡി, ജെഡിഎസ്, ജെഎംഎം, സിപിഐഎംഎൽ എന്നീ പാർട്ടികളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. എന്നാൽ  ടിആർഎസ്, ബിജെഡി, എഎപി, അകാലിദൾ പാർട്ടികൾ യോഗത്തിൽ പങ്കെടുക്കുന്നില്ല.

പ്രതിപക്ഷ നീക്കങ്ങൾക്ക് തിരിച്ചടി നൽകി സ്ഥാനാർത്ഥിയാകാനില്ലെന്ന് ഇടത് നേതാക്കളെ നേരത്തെ തന്നെ ശരദ് പവാർ അറിയിച്ചിരുന്നു. സമവായ സ്ഥാനാർത്ഥി എന്ന സൂചന എൻഡിഎ മുന്നോട്ടുവച്ചിട്ടില്ലാത്തതിനാൽ ഒരു മത്സരത്തിനില്ലെന്ന നിലപാടാണ് ശരദ് പവാർ അറിയിച്ചത്. ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും പവാർ ഇടതുനേതാക്കളെ അറിയിച്ചു. പകരം ഗുലാംനബി ആസാദിനെ രാഷ്ട്രപതി സ്ഥാനാർത്ഥിയാക്കാമെന്ന നിർദേശമാണ് നേരത്തെ പവാർ മുന്നോട്ടുവെച്ചത്. സിപിഎം അഖിലേന്ത്യാ സെക്രട്ടറി സീതാറാം യെച്ചൂരിയും സിപിഐ ദേശീയ സെക്രട്ടറി ഡി.രാജയുമായും നടത്തിയ കൂടിക്കാഴ്ചയിലാണ് പവാർ വിമുഖത അറിയിച്ചത്. 

പവാർ പിൻവാങ്ങിയതിനാൽ, ഗുലാംനബി ആസാദ്, യശ്വന്ത് സിൻഹ, ഗോപാൽകൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകളാണ് ഇനി പരിഗണനയിലുള്ളത്. ഗുലാം നബി ആസാദുമായി നേതാക്കളിൽ ചിലർ ചർച്ചകൾ നടത്തിയിട്ടുണ്ട്. കോൺഗ്രസിലെ ജി 23 ഗ്രൂപ്പിന് നേതൃത്വം നൽകുന്നത് ഗുലാം നബിയാണ്. ഗുലാം നബിയെ പിന്തുണയ്ക്കാം എന്ന ധാരണ പൊതുവേ ഇടതുപക്ഷത്തിനുണ്ട്. എന്നാൽ ഇക്കാര്യത്തിൽ മറ്റ് പാർട്ടികളുമായി ചർച്ച നടത്തിയ ശേഷം തീരുമാനമെന്ന നിലപാടിലാണ് ഇടതുനേതാക്കളും. 

Read Also: 'സ്ഥിര ജോലിക്കുള്ള അവസരം നഷ്ടമാകും'; അഗ്നിപഥ് പദ്ധതിക്കെതിരെ ബിഹാറിൽ പ്രതിഷേധം; ടയറുകള്‍ കത്തിച്ചു

Follow Us:
Download App:
  • android
  • ios