Asianet News MalayalamAsianet News Malayalam

ആംബുലൻസ് വന്നില്ല, ആശുപത്രിയിൽ ഡോക്ടറുമില്ല; യുവതിയുടെ പ്രസവമെടുത്തത് ശുചീകരണ തൊഴിലാളി, കു‍ഞ്ഞ് മരിച്ചു

യുവതിക്ക് പ്രസവ വേദന കൂടിയതോടെ  വീട്ടുകാർ ആംബുലൻസിനായി വിളിച്ചെങ്കിലും വാഹനം എത്തിയില്ല. ഒടുവിൽ മറ്റൊരു വാഹനം സംഘടിപ്പിച്ച് അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തി. എന്നാൽ ആശുപത്രിയിൽ ഡോക്ടറോ നഴ്സുമാരോ ഉണ്ടായിരുന്നില്ല.

No Doctor Or Ambulance Available Sanitation Worker Delivers Baby In  Madhya Pradesh Newborn Dies
Author
First Published Aug 13, 2024, 11:55 AM IST | Last Updated Aug 13, 2024, 11:55 AM IST

ഭോപ്പാൽ: കൃത്യസമയത്ത് ഡോക്ടർമാരുടെ സേവനം ലഭിക്കാത്തതിനാൽ യുവതിയുടെ പ്രസവമെടുത്തത് സർക്കാർ ആശുപത്രിയിലെ ശുചീകരണ തൊഴിലാളി. ഒടുവിൽ നവജാത ശിശു മരിച്ചു. മധ്യപ്രദേശിലെ ശിവ്പുരി ജില്ലയിലെ ഖരായിയിലാണ് ദാരുണമായ സംഭവം. 32കാരിയായ റാണി എന്ന യുവതിയുടെ കുഞ്ഞാണ് കൃത്യ സമയത്ത് ആംബുലൻസും ആശുപത്രിയിൽ വെച്ച് ഡോക്ടറുടെ സേവനം ലഭിക്കാത്തതിനെ തുടർന്ന് മരിച്ചത്. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം.

ഞായറാഴ്ച രാവിലെ ഒൻപത് മണിയോടെയാണ് റാണിക്ക്  പ്രസവവേദന അനുഭവപ്പെട്ടത്. വേദന കൂടിയതോടെ യുവതിയുടെ വീട്ടുകാർ ആംബുലൻസിനായി വിളിച്ചെങ്കിലും വാഹനം എത്തിയില്ല. ഒടുവിൽ മറ്റൊരു വാഹനം സംഘടിപ്പിച്ച് അടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എത്തി. എന്നാൽ ആശുപത്രിയിൽ ഡോക്ടറോ നഴ്സുമാരോ ഉണ്ടായിരുന്നില്ല. യുവതിക്ക് പ്രസവവേദന കടുത്തതോടെ ആശുപത്രിയിലുണ്ടായിരുന്ന ശുചീകരണത്തൊഴിലാളി പരിചരിക്കാനെത്തുകയായിരുന്നു. ശുകീരണതൊഴിലാളി യുവതിയുടെ പ്രസവമെടുത്തുവെങ്കിലും കുട്ടി മരിച്ചു. 

ഇതോടെ യുവതിയുടെ ബന്ധുക്കളും നാട്ടുകാരും ആശുപത്രിയിലെത്തി പ്രതിഷേധിച്ചു. യുവതിയെ പരിചരിച്ചത് താനാണെന്നും സംഭവസമയത്ത് ആശുപത്രിയിൽ ഡോക്ടറില്ലായിരുന്നെന്നും ശുചീകരണത്തൊഴിലാളിയായ സ്ത്രീ നാട്ടുകാരോട് സമ്മതിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ  പ്രചരിക്കുന്നുണ്ട്. ഡോക്ടർമാർ ഇല്ലായിരുന്നുവെന്നും യുവതിയുടെ വേദന കണ്ടാണ് താൻ പരിചരിച്ചതെന്നുമാണ് ശുചീകരണതൊഴിലാളി പറയുന്നത്. 

അതേസമയം ആരോഗ്യ കേന്ദ്രത്തിലെ ഡോക്ടർ ഞായറാഴ്ച അവധിയായിരുന്നെന്നാണ്  മാധ്യമങ്ങൾ  റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ ആശുപത്രിയിലെ നഴ്സുമാരും മറ്റ് ജീവനക്കാരും സംഭവം നടക്കുമ്പോൾ എവിടെയായിരുന്നു എന്നതിനെക്കുറിച്ച് വ്യക്തമല്ല.  യുവതിയുടെ ബന്ധുക്കളുടെ പരാതിയിൽ ശുചീകരണത്തൊഴിലാളിയെ ജോലിയിൽനിന്ന് പുറത്താക്കി. സംഭവത്തിൽ ആരോഗ്യ വകുപ്പ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.

Read More : ചെയ്യാത്ത ഇരട്ടകൊലയ്ക്ക് തടവിൽ കഴിഞ്ഞത് 38 വർഷം, ഒടുവിൽ ഇന്ത്യൻ വംശജന് അമേരിക്കയിലെ ജയിലിൽ ദാരുണാന്ത്യം

Latest Videos
Follow Us:
Download App:
  • android
  • ios