Asianet News MalayalamAsianet News Malayalam

ചെയ്യാത്ത ഇരട്ടകൊലയ്ക്ക് തടവിൽ കഴിഞ്ഞത് 38 വർഷം, ഒടുവിൽ ഇന്ത്യൻ വംശജന് അമേരിക്കയിലെ ജയിലിൽ ദാരുണാന്ത്യം

റോൾസ് റോയിസ് കാറുകളും കൊട്ടാര സദൃശ്യമായ വീടുകളും കുതിരകളും ഒക്കെയായി ആഡംബര ജീവിതം നയിക്കുന്നതിനിടയിലാണ് ക്രിസ് മഹാരാജ് ചെയ്യാത്ത ഇരട്ടക്കൊലക്കേസിൽ കുടുങ്ങുന്നത്. തന്‍റെ നിരപരാധിത്വം ആവർത്തിച്ച ക്രിസിന്‍റെ വാദങ്ങൾ കോടതി ചെവി കൊണ്ടില്ല.

85 year old Indian Origin Man Kris Mahara Wrongly Jailed For 38 Years For Murders Dies In US Prison
Author
First Published Aug 13, 2024, 11:10 AM IST | Last Updated Aug 13, 2024, 11:10 AM IST

വാഷിംഗ്ടൺ:  നിരപരാധിയായിട്ടും 38 വർഷം തടവ് ശിക്ഷ അനുഭവിക്കേണ്ടി വന്ന ഇന്ത്യൻ വംശജന് ഒടുവിൽ ഫ്ലോറിഡയിലെ ജയിലിൽ അന്ത്യം. ബ്രിട്ടീഷ് പൗരനായ ക്രിസ് മഹാരാജ് തിങ്കളാഴ്ചയാണ് മയാമിയിലെ ജയിലിലെ ആശുപത്രിയിൽ മരിച്ചത്. 85-ാം വയസിലാണ് മരണം. നീതി നിഷേധത്തിന്റെ കറുത്ത അധ്യായമായിരുന്നു മഹാരാജിന്റെ ജീവിതം. 1986-ൽ ഒരു ഹോട്ടൽ മുറിയിൽ വെച്ച് ബിസിനസുകാരനായ ഡെറിക്ക് മൂ യങ്ങിനെയും മകൻ ഡുവാൻ മൂ യങ്ങിനെയും വെടിവെച്ച് കൊലപ്പെടുത്തിയെന്നാരോപിച്ചാണ് ക്രിസ് മഹാരാജിനെ ഒന്നാം ഡിഗ്രി കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 

 ബ്രിട്ടീഷ് പൌരനായ ഇന്ത്യൻ വംശജൻ ക്രിസ് മഹാരാജ് അതിസമ്പന്നനായിരുന്നു.  യുഎസിലെ ബിസിനസുകാരിൽ പ്രധാനിയായിരുന്ന ക്രിസ് കൊലക്കേസിൽ അകപ്പെട്ടത് എല്ലാവരെയും ഞെട്ടിച്ചിരുന്നു. റോൾസ് റോയിസ് കാറുകളും കൊട്ടാര സദൃശ്യമായ വീടുകളും കുതിരകളും ഒക്കെയായി ആഡംബര ജീവിതം നയിക്കുന്നതിനിടയിലാണ് ക്രിസ് മഹാരാജ് ചെയ്യാത്ത ഇരട്ടക്കൊലക്കേസിൽ കുടുങ്ങുന്നത്. തന്‍റെ നിരപരാധിത്വം ആവർത്തിച്ച ക്രിസിന്‍റെ വാദങ്ങൾ കോടതി ചെവി കൊണ്ടില്ല. സാക്ഷി മൊഴികൾ എതിരായതോടെ കോടതി ക്രിസിന്‍റെ വാദങ്ങൾ തള്ളി. കേസിൽ ക്രിസിനെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. 

ഇതോടെ വർഷങ്ങളുടെ നിയമ പോരാട്ടം ക്രിസ് തുടർന്നു. ഒടുവിൽ മായമിയിലെ ജയിലിൽ കഴിഞ്ഞിരുന്ന ക്രിസ് മഹാരാജിനെ 2019ൽ കോടതി നിരപരാധിയാണെന്ന്  കണ്ടെത്തി. എന്നാൽ അപ്പോഴും ക്രിസിന് പുറത്തേക്കുള്ള വാതിൽ തുറന്നില്ല. കേസിലെ പ്രധാന സാക്ഷി നിരവധി തവണ കൂറ് മാറിയിരുന്നു. ഇതിനിടെ കൊല്ലപ്പെട്ട  ഡെറിക്ക് മൂ യങ്ങിനെയും മകൻ ഡുവാൻ മൂ യങ്ങിനും മയക്കുമരുന്ന് മാഫിയയുമായി ബന്ധം ഉണ്ടായിരുന്നുവെന്ന വാർത്തകൾ പുറത്തുവന്നു. 2002ൽ മനുഷ്യാവകാശ സംഘടനയായ 'റിപ്രീവ്'  എന്ന സംഘടനയുടെ സഹായത്തോടെ നടത്തിയ നിയമപോരാട്ടത്തിൽ വധശിക്ഷ ജീവപര്യന്തമായി കുറച്ചു. 

നിരപരാധിയാണെന്ന് തെളിഞ്ഞെങ്കിലും മോചിപ്പിക്കാനുള്ള തെളിവുകൾ ഇല്ലെന്ന് കോടതി വിധിച്ചതോടെ മഹാരാജിന് ജയിലിൽ തന്നെ കഴിയേണ്ടി വന്നു. ഒരു കുറ്റവും ചെയ്യാതെ 38 വർഷത്തോളം ജയിലിൽ കിടന്ന ക്രിസ് മഹാരാജിന്‍റെ മോചനത്തിനായി ഭാര്യ മരീറ്റ മുട്ടാത്ത വാതിലുകളില്ല. ഒടുവിൽ ഡയബറ്റിക് അടക്കമുള്ള രോഗങ്ങളിൽ ആരോഗ്യം നഷ്ടപ്പെട്ട് ജയിലറയ്ക്കുള്ളിൽ തന്നെ ക്രിസ് മഹാരാജിന്‍റെ ജീവിതം അവസാനിച്ചു. നിരപരാധിയായ ഭർത്താവിന്‍റ പേര് മരണ ശേഷമെങ്കിലും കൊലക്കുറ്റത്തിൽ നിന്നും നീക്കുന്നതിനായി എല്ലാ ശ്രമങ്ങളം തുടരുമെന്ന് മരീറ്റ പറയുന്നു.

Read More :  കേസ് ഒത്ത് തീർക്കാൻ കൈ​ക്കൂ​ലി​യാ​യി കൂ​ള​ർ ആ​വ​ശ്യ​പ്പെ​ട്ട പൊ​ലീ​സു​കാ​ര​ന് സ​സ്പെ​ൻ​ഷ​ൻ

Latest Videos
Follow Us:
Download App:
  • android
  • ios