ലക്‌നൗ:  കൊവിഡ് 19 വൈറസ് ബാധ രാജ്യത്ത് പടരുന്ന പശ്ചാത്തലത്തില്‍ കേരളം സ്വീകരിച്ച മാര്‍ഗം പിന്തുടര്‍ന്ന് ഉത്തര്‍പ്രദേശും. യുപിയിലും കൊവിഡ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ എട്ടാം ക്ലാസ് വരെയുള്ള ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷ നടത്തണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചു. ഈ അധ്യായന വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലും അവരുടെ മികവ് നിര്‍ണയിക്കപ്പെടുക.

ഇത് സംബന്ധിച്ച ഉത്തരവ് ആയിട്ടുണ്ട്. ചൊവ്വാഴ്ച സംസ്ഥാനത്തെ എല്ലാ പരീക്ഷകളും സര്‍ക്കാര്‍ മാറ്റിവെച്ചിരുന്നു. സര്‍ക്കാര്‍ പുറത്ത് വിടുന്ന കണക്കുകള്‍ പ്രകാരം ഉത്തര്‍പ്രദേശില്‍ ഇതുവരെ 13 പേര്‍ക്കാണ് കൊവിഡ് വൈറസ് സ്ഥിരീകരിച്ചിരിക്കുന്നത്. നേരത്തെ, കൊവിഡ് 19 വൈറസ് വ്യാപനത്തിന്റെ പശ്ചാത്താലത്തില്‍ ഏഴാം ക്ലാസ് വരെ കൊല്ലപ്പരീക്ഷ കേരള സര്‍ക്കാര്‍ ഒഴിവാക്കിയിരുന്നു.

വിദ്യാര്‍ത്ഥികളുടെ ശരാശരി മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ ഗ്രേഡ് നല്‍കാനാണ് തീരുമാനം. ഓണം ക്രിസ്മസ് പരീക്ഷകള്‍ക്ക് ലഭിച്ച മാര്‍ക്കിന്റെ ശരാശരിയാണ് ഗ്രേഡിനായി പരിഗണിക്കുന്നത്. ഇത്തവണ ഏഴാം ക്ലാസ് വരെയുള്ള വിദ്യാര്‍ത്ഥികളുടെ അവധിയും നേരത്തെ ആരംഭിച്ചു.

ആരോഗ്യപരമായ കാരണങ്ങളാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വാര്‍ഷിക പരീക്ഷ എഴുതാന്‍ സാധിച്ചില്ലെങ്കില്‍ ഓണം, ക്രിസ്മസ് പരീക്ഷകളുടെ മാര്‍ക്കുകള്‍ പരിഗണിക്കുകയാണ് പതിവ്. അതേ രീതി തന്നെയാണ് ഇക്കൊല്ലവും എല്ലാവര്‍ക്കുമായി പിന്തുടരാന്‍ ഉദ്ദേശിക്കുന്നത്. 

കൊവിഡ് -19, പുതിയ വാര്‍ത്തകളും സമ്പൂര്‍ണ്ണ വിവരങ്ങളും അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക