ആദ്യ രാത്രിയിൽ വരനും വധുവും ഒന്നിച്ച് ഉറങ്ങാതിരിക്കുന്നതാണ് വധുവിന്റെ കുടുംബത്തിലെ ആചാരമെന്നായിരുന്നു നവ വധും ഭർത്താവിനെ ധരിപ്പിച്ചത്. വധുവിന്റെ ആവശ്യം അനുസരിച്ച് യുവാവ് തറയിൽ കിടന്നുറങ്ങി.

ജയ്പൂർ: ആ‍ഡംബര വിവാഹത്തിന് ശേഷം വരന്റെ വീട്ടിലെത്തിയ വധു ആവശ്യപ്പെട്ടത് ഒരു കാര്യം. ആചാരം തെറ്റിക്കാതിരിക്കാൻ വധുവിന്റെ ആവശ്യം അംഗീകരിച്ച് വരൻ. പാതിരാത്രിയോടെ വധുവിനെ കാണാതായി. അന്വേഷണത്തിൽ വ്യക്തമായത് വൻ തട്ടിപ്പ്. രാജസ്ഥാനിലെ കിഷൻഗ‍ഡിലാണ് വൻ തട്ടിപ്പ് നടന്നത്. ആഗ്ര സ്വദേശിയായ യുവതിയെ വിവാഹം ചെയ്ത് കിഷൻഗഡിലെ വീട്ടിലെത്തിയ ഭർത്താവിനോട് യുവതി പറഞ്ഞത് തന്റെ കുടുംബത്തിലെ വിചിത്രമായ ആചാരം പിന്തുടരണമെന്നായിരുന്നു. ആദ്യ രാത്രിയിൽ വരനും വധുവും ഒന്നിച്ച് ഉറങ്ങാതിരിക്കുന്നതാണ് വധുവിന്റെ കുടുംബത്തിലെ ആചാരമെന്നായിരുന്നു നവ വധും ഭർത്താവിനെ ധരിപ്പിച്ചത്. വധുവിന്റെ ആവശ്യം അനുസരിച്ച് യുവാവ് തറയിൽ കിടന്നുറങ്ങി. പുലർച്ചെ ശുചിമുറിയിൽ പോകാനായി ഉണർന്ന നവവരൻ കണ്ടത് കാലിയായ മണിയറ ആയിരുന്നു. 

നവവധുവിനെ കാണാതെ വന്നതോടെ യുവാവ് വീട്ടുകാരെ വിളിച്ച് വിവരം പറഞ്ഞു. പിന്നീട് നടന്ന അന്വേഷണത്തിലാണ് നവവധു ബ്രോക്കറിനൊപ്പം സ്വ‍‌ർണവും പണവുമായി ഒളിച്ചോടിയത് അറിയുന്നത്. ജിതേന്ദ്ര എന്ന ബ്രോക്കർ വഴിയാണ് കിഷൻഗഡ് സ്വദേശിയായ യുവാവിന്റെ വിവാഹം ആഗ്ര സ്വദേശിനിയുമായി ഉറപ്പിച്ചത്. ബന്ധം ഉറച്ചതിന് പിന്നാലെ കമ്മീഷനായി രണ്ട് ലക്ഷം രൂപയാണ് ജിതേന്ദ്ര വരന്റെ കുടുംബത്തിൽ നിന്ന് വാങ്ങിയത്.

പണവും സ്വർണവുമായി നവവധു മുങ്ങി, ഒപ്പം രണ്ട് ലക്ഷം കമ്മീഷൻ വാങ്ങിയ ബ്രോക്കറും

ജയ്പൂരിൽ വച്ചായിരുന്നു ആഡംബര രീതിയിലുള്ള വിവാഹം നടന്നത്. വിവാഹത്തിന് പിന്നാലെ വരന്റെ വീട്ടിലെത്തിയതോടെയാണ് യുവതി വിചിത്രമായ ആചാരത്തേക്കുറിച്ച് നവവരനെ ബോധിപ്പിച്ചത്. ആചാരമാണെന്ന് പറഞ്ഞതോടെ സംഭവം തട്ടിപ്പാണെന്ന സംശയവും യുവാവിന് തോന്നിയിരുന്നില്ല. പുലർച്ചെ മൂന്ന് മണിയോടെയാണ് യുവതിയെ കാണാതായ വിവരം വരൻ തിരിച്ചറിയുന്നത്. വരന്റെ വീട്ടുകാർ വിവാഹ സമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ അടക്കം എടുത്താണ് യുവതി സ്ഥലം വിട്ടത്. ഇതിന് പുറമേ വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും യുവതി മോഷ്ടിച്ചിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിൽ അടക്കം അന്വേഷിച്ചെങ്കിലും തെളിവൊന്നും ലഭിക്കാതെ വന്നതോടെയാണ് യുവാവ് മദൻഗഞ്ച് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പൊലീസ് അന്വേഷണം ആരംഭിച്ചപ്പോഴാണ് യുവതിയ്ക്കൊപ്പം ജിതേന്ദ്രയേയും കാണാനില്ലെന്ന് വ്യക്തമായത്. ഇരുവരേയും കുറിച്ചുള്ള പൊലീസ് അന്വേഷണത്തിലാണ് നടന്നത് വൻ വിവാഹ തട്ടിപ്പാണെന്ന് ബോധ്യമായത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം