വിവാഹ വേദിയില്‍ എസി ഇല്ലെന്ന വധുവിന്‍റെ പരാതി ചെവിക്കൊള്ളാന്‍ വരനോ കുടുംബമോ തയ്യാറായില്ല. പിന്നാലെ നരകത്തില്‍ ജീവിക്കാന്‍ താത്പര്യമില്ലെന്ന് അറിയിച്ച് വധു വിവാഹത്തില്‍ നിന്നും പിന്മാറി.
ഒരു വിവാഹം നടന്ന് കിട്ടാനുള്ള കഷ്ടപ്പാടുകളെ കുറിച്ചാണ് അവിവാഹിതര്‍ക്ക് പറയാനുള്ളത്. എന്നാല്‍. യുപിയില്‍ നിന്നുള്ള ഒരു വാര്‍ത്ത വിവാഹിതരാകാന്‍ കാത്ത് കാത്തിരിക്കുന്നവരെ അമ്പരപ്പിക്കുന്നതാണ്. വരന്‍റെ കുടുംബം ബുക്ക് ചെയ്ത കല്യാണ മണ്ഡപത്തില്‍ എയർകണ്ടീഷന്‍ ഇല്ലെന്നായിരുന്നു വധുവിന്‍റെ കുടുംബത്തിന്‍റെ പരാതി. ഈ ഒറ്റ പരാതിയില്‍ വിവാഹ ബന്ധം വധു വേണ്ടെന്ന് വച്ചെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. വരന്‍റെ കുടുംബം സ്ത്രീധനക്കാര്യത്തില്‍ വാശി പിടിച്ചതിന് പിന്നാലെയാണ് ഏസി ഒരു പ്രശ്നമായി ഉയര്‍ന്ന് വന്നതെന്ന് പിന്നീട് പോലീസ് പറഞ്ഞു.
കഴിഞ്ഞ ശനിയാഴ്ച രാത്രി ആഗ്രയ്ക്ക് അടുത്തുള്ള ശംഷാബാദ് പട്ടണത്തില്‍ നടന്ന ഒരു വിവാഹത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വിവാഹ വേദിയില്‍ വച്ച് ചൂട് കാരണം വധു അസ്വസ്ഥയായിരുന്നു, വരന്‍റെ കുടുംബത്തോട് വധുവിന്‍റെ കുടുംബം വിവാഹ വേദിയില്‍ എസി വേണമെന്ന് ആവശ്യപ്പെട്ടു. വധുവിന്‍റെ കുടുംബത്തിന്‍റെ ആവശ്യം വരന്‍റെ കുടുംബം നിരസിക്കുകയും അത് പരസ്പരം വാഗ്വാദത്തിലേക്ക് നീങ്ങുകയും ചെയ്തു. പ്രശ്നം രൂക്ഷമാകുന്നതിനിടെ വധു, വിവാഹത്തില്‍ നിന്നും പിന്മാറിയെന്ന് അറിയിച്ച് കൊണ്ട് മണ്ഡപത്തില്‍ നിന്നും ഇറങ്ങിപ്പോയെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
ഇത്തരമൊരു വിവാഹ ബന്ധത്തിന് സമ്മതിച്ചാല്‍ തന്‍റെ ജീവിതം നരകപൂര്‍ണ്ണമാകുമെന്ന് യുവതി ആരോപിച്ചു. പിന്നാലെ പരാതി ലഭിച്ച് അനുസരിച്ച് പോലീസ് സംഭവ സ്ഥലത്തെത്തി. ഈസമയം വരന്‍റെ കുടുംബം വലിയ സ്ത്രീധനം ആവശ്യപ്പെട്ടെന്ന് വധുവിന്‍റെ അമ്മയും പരാതി നല്‍കി. ഇരുകുടുംബങ്ങളെയും പ്രശ്നങ്ങൾ പറഞ്ഞ് പരിഹരിക്കാന്‍ പോലീസ് ശ്രമിച്ചെങ്കിലും വധു വിവാഹത്തില്‍ നിന്നും പിന്മാറുന്നുവെന്ന തീരുമാനത്തില്‍ ഉറച്ച് നിന്നു. വിവാഹത്തിന് ചെലവായ തുക വരന്‍റെ കുടുംബത്തിന് വധുവിന്‍റെ കുടുംബം തിരിച്ച് കൊടുത്തയുടനെ വരനും കുടുംബവും തിരികെ പോയെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.


