ഉത്തരവ് പാലിച്ചില്ലെങ്കിൽ ഫ്ലാറ്റ് ഉടമകൾ, അസോസിയേഷൻ പ്രസിഡന്റ്, ബിൽഡർ എന്നിവർക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ്
നോയിഡ: നോയിഡയിൽ വീടുകളുടെയും ഫ്ലാറ്റുകളുടെയും ബാൽക്കണിയിലെ പാരപെറ്റിൽ നിന്ന് പൂച്ചട്ടികൾ ഉടൻ നീക്കം ചെയ്യാൻ നിർദേശം. പൂനെയിലെ പാർപ്പിട സമുച്ചയത്തിൽ ബാൽക്കണി റെയിലിംഗിൽ വച്ചിരുന്ന പൂച്ചട്ടി വീണ് ഒരു കുട്ടി മരിച്ചതിനെ തുടർന്നാണ് ഈ തീരുമാനം എടുത്തതെന്ന് അധികൃതർ പറഞ്ഞു. നോയിഡ അതോറിറ്റി മെയ് 13 ന് പുറത്തിറക്കിയ നോട്ടീസിലാണ് ഇക്കാര്യം പറയുന്നത്. അപകടങ്ങൾ ഉണ്ടായാൽ ഫ്ലാറ്റ് ഉടമ, അസോസിയേഷൻ പ്രസിഡന്റ്, ബിൽഡർ എന്നിവർക്ക് എതിരെ എഫ്‌ഐആർ ഫയൽ ചെയ്യുമെന്ന് നോയിഡ അതോറിറ്റി അറിയിച്ചു.
"പൂനെയിൽ മുകളിൽ നിന്ന് പൂച്ചട്ടി വീണ് കുട്ടി മരിക്കാനിടയായ സംഭവം നിർഭാഗ്യകരമാണ്. ഭാവിയിൽ സമാനമായ സംഭവം ആവർത്തിക്കാതിരിക്കാൻ നോയിഡയിലെ എല്ലാ ഹൗസിംഗ് സൊസൈറ്റികളും പാരപെറ്റിൽ സൂക്ഷിച്ചിരിക്കുന്ന എല്ലാ പൂച്ചട്ടികളും നീക്കം ചെയ്യണം. പൂച്ചട്ടികളിൽ വെള്ളമൊഴിക്കുമ്പോഴോ കാറ്റുകൊണ്ടോ പോലും പൂച്ചട്ടികൾ താഴെ ആരുടെയെങ്കിലും മേൽ വീഴാനിടയുണ്ട്"- നോയിഡ അതോറിറ്റി ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (സിഇഒ) എം ലോകേഷ് പറഞ്ഞു. നിലവിൽ പിഴ ചുമത്തില്ല. വിഷയത്തിന്റെ ഗൌരവം തിരിച്ചറിഞ്ഞ് താമസക്കാർ സഹകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. സമാനമായ നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുമെന്ന് ഗ്രേറ്റർ നോയിഡ അതോറിറ്റിയുടെ സിഇഒ എൻ ജി രവി പറഞ്ഞു,
അപ്പാർട്ട്മെന്‍റ് ഓണേഴ്‌സ് അസോസിയേഷനും (എഒഎ) റെസിഡന്റ് വെൽഫെയർ അസോസിയേഷനുകളും (ആർഡബ്ല്യുഎ) തീരുമാനത്തെ സ്വാഗതം ചെയ്തു. പക്ഷേ ഫ്ലാറ്റ് ഉടമകൾ ഇക്കാര്യം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കഴിയില്ലെന്ന് ചില അസോസിയേഷൻ ഭാരവാഹികൾ പറഞ്ഞു. അതോറിറ്റിയുടെ നിയമങ്ങൾ പാലിക്കാത്ത ആളുകൾ തങ്ങൾ പറയുന്നത് കേൾക്കുമോ എന്നാണ് സെക്ടർ 51 ആർഡബ്ല്യുഎയുടെ പ്രസിഡന്റ് അനിത ജോഷിയുടെ ചോദ്യം. താമസക്കാരെ നിർബന്ധിക്കാൻ തങ്ങൾക്ക് നിയമപരമായ അധികാരമില്ലെന്നും അവർ പറഞ്ഞു. താമസക്കാർ പൂച്ചട്ടികൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും അവരത് ചെയ്തില്ലെങ്കിൽ അതോറിറ്റിയുടെ ശ്രദ്ധയിൽപ്പെടുത്തുമെന്നും മറ്റു ചില ഭാരവാഹികൾ പ്രതികരിച്ചു.


