Asianet News MalayalamAsianet News Malayalam

ചിദംബരത്തിന് അറസ്റ്റ് നേരിടേണ്ടി വരും, ലിസ്റ്റ് ചെയ്യാത്ത ഹർജി പരിഗണിക്കില്ലെന്ന് സുപ്രീംകോടതി, ഇനി വെള്ളിയാഴ്ച

ഇന്ന് രണ്ടാം തവണയാണ് സുപ്രീംകോടതി ചിദംബരത്തിന്‍റെ ഹർജി പരിഗണിക്കാതെ മടക്കുന്നത്. ലിസ്റ്റ് ചെയ്യാത്ത ഹർജി പരിഗണിക്കുന്നതെങ്ങനെയെന്നാണ് ജസ്റ്റിസ് എൻ വി രമണ ചോദിച്ചത്. സിബിഐ ചിദംബരത്തിന് വേണ്ടി ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുകയാണ്. 

No Hearing For Chidambaram Bail Plea In SC Today As Justice Ramana Refuses Urgent Listing The Second Time
Author
Supreme Court of India, First Published Aug 21, 2019, 3:38 PM IST

ദില്ലി: മുൻ ധനമന്ത്രിയും രാജ്യസഭാ എംപിയുമായ പി ചിദംബരം നൽകിയ മുൻകൂർ ജാമ്യഹർജിയിൽ അടിയന്തരമായി വാദം കേൾക്കില്ലെന്ന് സുപ്രീംകോടതി. രണ്ട് തവണ ചിദംബരത്തിന്‍റെ അഭിഭാഷകരുടെ സംഘം സുപ്രീംകോടതിയിൽ ഹർജി പരാമർശിക്കാൻ ശ്രമിച്ചെങ്കിലും കോടതി ഇത് വിലക്കുകയായിരുന്നു. വെള്ളിയാഴ്ചത്തേയ്ക്ക് ഹർജി ലിസ്റ്റ് ചെയ്തതായി സുപ്രീംകോടതി റജിസ്ട്രാർ അറിയിച്ചു. 

രണ്ട് തവണ ഹർജികൾ ജസ്റ്റിസ് എൻ വി രമണയുടെ ബഞ്ചിൽ കേസ് പരാമർശിക്കാൻ കപിൽ സിബൽ ശ്രമിച്ചെങ്കിലും ഹർജിയിൽ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടിയും തീരുമാനം ചീഫ് ജസ്റ്റിസിന്‍റേതാണെന്ന് ചൂണ്ടിക്കാട്ടിയും ഹർജി ബഞ്ച് പരിഗണിച്ചില്ല. തുടർന്ന് അയോധ്യ കേസിന്‍റെ വാദം കേൾക്കുന്ന ചീഫ് ജസ്റ്റിസിന്‍റെ ബഞ്ചിൽ ഹർജി പരാമർശിക്കാൻ കപിൽ സിബൽ എത്തിയെങ്കിലും സംസാരിക്കുന്നതിന് മുമ്പ് തന്നെ ബഞ്ച് നടപടികൾ പൂർത്തിയാക്കി എഴുന്നേറ്റു.

ഐഎൻഎക്സ് മീഡിയ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ചിദംബരത്തിനെതിരെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണ് സിബിഐ. ഇന്നലെയും ഇന്നുമായി നാല് തവണയാണ് സിബിഐ, എൻഫോഴ്‍സ്മെന്‍റ് സംഘങ്ങൾ ജോർബാഗിലെ ചിദംബരത്തിന്‍റെ വസതിയിൽ കയറിയിറങ്ങിയത്. എന്നാൽ ചിദംബരം വീട്ടിലില്ലെന്ന മറുപടിയാണ് കിട്ടിയത്. ഇന്നലെ ചിദംബരത്തിന്‍റെ മുൻകൂർ ജാമ്യാപേക്ഷ ദില്ലി ഹൈക്കോടതി തള്ളിയിരുന്നു. ഈ സാഹചര്യത്തിൽ ഇന്നലെ അർധരാത്രി ചിദംബരത്തിന്‍റെ വസതിയിൽ സിബിഐ 'രണ്ട് മണിക്കൂറിനകം ഹാജരാകണം' എന്നാവശ്യപ്പെട്ട് നോട്ടീസ് പതിച്ചു. 

രാവിലെ പത്തേമുക്കാലോടെ കേസ് ജസ്റ്റിസ് എൻ വി രമണയുടെ ബഞ്ചിന് മുൻപാകെയാണ് അഭിഭാഷകനും മുതിർന്ന കോൺഗ്രസ് നേതാവുമായ കപിൽ സിബൽ പരാമർശിച്ചത്. എന്നാൽ അടിയന്തരമായി കേസ് പരിഗണിക്കുന്ന കാര്യം തീരുമാനിക്കേണ്ടത് ചീഫ് ജസ്റ്റിസാണെന്ന് പറഞ്ഞ്, ജസ്റ്റിസ് രമണ കേസ് ഫയൽ ചീഫ് ജസ്റ്റിസിന്‍റെ ബ‍ഞ്ചിലേക്ക് നൽകി. അയോധ്യ കേസിൽ വാദം നടന്നുകൊണ്ടിരിക്കവെയാണ് ഹർജി ചീഫ് ജസ്റ്റിസിന് മുന്നിലെത്തിയത്. 

എന്നാൽ ചിദംബരത്തിന്‍റെ ഹർജി 'ഡിഫക്ടീവ്' എന്ന ലിസ്റ്റിലാണ് സുപ്രീംകോടതി റജിസ്ട്രാർ പെടുത്തിയത്. ഹർജിയിൽ അടിസ്ഥാനപരമായി പിഴവുകളുണ്ടെങ്കിൽ അത് 'ഡിഫക്ടീവ് ലിസ്റ്റിലാണ്' വരിക. അത് തിരുത്തി പുതിയത് സമർപ്പിക്കാൻ ഹർജിക്കാരന് 90 ദിവസം സമയമുണ്ട്. ഇതിനുള്ളിൽ തിരുത്തി നൽകിയാൽ ഹർജി ലിസ്റ്റ് ചെയ്യപ്പെടും. 

No Hearing For Chidambaram Bail Plea In SC Today As Justice Ramana Refuses Urgent Listing The Second Time

ചീഫ് ജസ്റ്റിസിനോട് ഹർജിയിൽ പിഴവുകളുണ്ടെന്ന് റജിസ്ട്രാർ അറിയിച്ചു. ചീഫ് ജസ്റ്റിസ് ഹർജിയിൽ അന്തിമതീരുമാനമെടുക്കുന്നതിന് മുമ്പ് പിഴവുകൾ തിരുത്തി പുതിയ ഹർജി നൽകാൻ കപിൽ സിബലിന്‍റെ അഭിഭാഷക സംഘത്തോട് നിർദേശിക്കുകയായിരുന്നു. 

ഉച്ചയ്ക്ക് ശേഷം 2 മണിക്ക് വീണ്ടും ജസ്റ്റിസ് രമണയുടെ ബഞ്ചിൽ കപിൽ സിബൽ കേസ് പരാമർശിച്ചു. 'ഹർജിയിൽ പിഴവുകളുണ്ടല്ലോ' എന്നായിരുന്നു ജസ്റ്റിസ് രമണയുടെ ചോദ്യം. എന്നാൽ, പിഴവുകൾ തിരുത്തി സമർപ്പിച്ചെന്ന് സിബൽ മറുപടി നൽകി. 

എങ്കിൽ അത് റജിസ്ട്രാർ സാക്ഷ്യപ്പെടുത്തട്ടെ എന്ന് ജസ്റ്റിസ് രമണ പറഞ്ഞു. തുടർന്ന് റജിസ്ട്രാറെ കോടതി വിളിച്ചുവരുത്തി. ഉച്ചയ്ക്ക് ശേഷമാണ് തിരുത്തിയ പുതിയ ഹർജി സമർപ്പിച്ചതെന്ന് റജിസ്ട്രാർ കോടതിയെ അറിയിച്ചു. പിഴവുകൾ തിരുത്തിയതിനാൽ അടിയന്തരമായി ഹർജി പരിഗണിക്കണമെന്ന് സിബൽ.

''ഇതിന് മുമ്പും കോടതി അർഹതപ്പെട്ടവരെ സംരക്ഷിച്ചിട്ടുണ്ട്. കേസിൽ ഞങ്ങൾ വ്യക്തമായി അന്വേഷണത്തോട് സഹകരിച്ചിട്ടുണ്ട്. എന്നിട്ടും അന്വേഷണ ഏജൻസികൾ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കുകയാണ് ചെയ്തത്. ഞങ്ങൾ കേസ് ഒന്ന് ലിസ്റ്റ് ചെയ്യണമെന്ന് മാത്രമാണ് ആവശ്യപ്പെടുന്നത്'', കപിൽ സിബൽ.

എന്നാൽ ജസ്റ്റിസ് എൻ വി രമണ ഇതിനോട് വിയോജിച്ചു. കൃത്യമായി ചട്ടപ്രകാരം ലിസ്റ്റ് ചെയ്യാതെ, ഹർജി പരിഗണിക്കാനാകില്ലെന്ന് എൻ വി രമണ. ഇത്തരമൊരു തീരുമാനമെടുക്കാൻ ചീഫ് ജസ്റ്റിസിന് മാത്രമേ അവകാശമുള്ളൂ എന്നും ജസ്റ്റിസ് രമണ വ്യക്തമാക്കി. തീരുമാനം വീണ്ടും ചീഫ് ജസ്റ്റിസിന്‍റെ പരിഗണനയ്ക്ക് വിട്ടു. 

അയോധ്യ കേസ് പരിഗണിക്കുന്നതിനാൽ ചീഫ് ജസ്റ്റിസിന്‍റെ ബഞ്ചിൽ ഇനി ഹർജിയിൽ ഇന്ന് വാദം കേൾക്കാൻ സാധ്യത വളരെ കുറവാണ്. അതിനാൽത്തന്നെ ചിദംബരം അറസ്റ്റ് നേരിടേണ്ടി വരാനാണ് സാധ്യത. 

Follow Us:
Download App:
  • android
  • ios