ഫാക്ടറിയിലെ ദിവസവേതന തൊഴിലാളിയായിരുന്ന നാല്‍പതുകാരി ഗുഡിയും അഞ്ച് മക്കളെയുമാണ് അവശനിലയില്‍ കണ്ടെത്തിയത്. കൊവിഡ് ആദ്യതരംഗത്തില്‍ പിടിച്ചുനിന്നെങ്കിലും രണ്ടാം തരംഗത്തില്‍ ഇവരുടെ ജോലി നഷ്ടമായിരുന്നു. 

അലിഗഡ്: ലോക്ക്ഡൌണില്‍ വരുമാനം നിലച്ച് പട്ടിണിയിലായ ആറംഗ കുടുംബത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉത്തര്‍ പ്രദേശിലെ അലിഗഡിലാണ് സംഭവം. വിധവയായ സത്രീയും അഞ്ച് മക്കളും അടങ്ങുന്ന കുടുംബത്തെയാണ് ദിവസങ്ങളോളം പട്ടിണി കിടന്ന് അവശരായ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. സന്നദ്ധ പ്രവര്‍ത്തകര്‍ ഇവരെ കണ്ടെത്തുമ്പോള്‍ നിവര്‍ന്ന് നില്‍ക്കാന്‍ പോലും സാധിക്കുന്ന നിലയിലായിരുന്നു സ്ത്രീയും കുട്ടികളുമുണ്ടായിരുന്നത്. കൊവിഡ് ബാധിച്ചാണ് ഗുഡിയുടെ ഭര്‍ത്താവ് മരിച്ചത്. ഒരു ഫാക്ടറിയിലെ ദിവസവേതന തൊഴിലാളിയായിരുന്ന നാല്‍പതുകാരി ഗുഡിയും അഞ്ച് മക്കളെയുമാണ് അവശനിലയില്‍ കണ്ടെത്തിയത്.

കൊവിഡ് ആദ്യതരംഗത്തില്‍ പിടിച്ചുനിന്നെങ്കിലും രണ്ടാം തരംഗത്തില്‍ ഇവരുടെ ജോലി നഷ്ടമായിരുന്നു. ഗുഡിക്ക് ജോലി നഷ്ടമായതോടെ ഇവരുടെ മൂത്തമകനും ഇരുപതുകാരനുമായ അജയ് കെട്ടിട നിര്‍മ്മാണ മേഖലയില്‍ ദിവസ വേതനത്തിന് ജോലി ചെയ്തിരുന്നു. ഏപ്രില്‍ മാസത്തോടെ ഈ ജോലി നഷ്ടമായതോടെ കുടുംബത്തിനുള്ള ഏക വരുമാനവും നഷ്ടമായി. സമ്പാദ്യം എടുത്ത് ഓരോ ദിവസങ്ങള്‍ മുന്നോട്ട് പോയെങ്കിലും കുടുംബം താമസിയാവാതെ പട്ടിണിയില്‍ ആവുകയായിരുന്നു. സാസ്നി ഗേറ്റ് പൊലീസ് സ്റ്റേഷന് സമീപമുള്ള മന്ദിര്‍ കാ നാഗ്ലാ എന്ന സ്ഥലത്തായിരുന്നു കുടുംബം താമസിച്ചിരുന്നത്.

കഴിഞ്ഞ എട്ട് ആഴ്ചകളായി അയല്‍ക്കാര്‍ നല്‍കിയ കുറച്ച ചപ്പാത്തി പങ്കിട്ടുകഴിച്ചായിരുന്നു ആറംഗ കുടുംബം കഴിഞ്ഞിരുന്നത്. എന്നാല്‍ പത്ത് ദിവസങ്ങള്‍ക്ക് മുന്‍പ് അയല്‍ക്കാരുടെ സഹായവും നിലച്ചു. ഇതോടെയാണ് ഗുഡിയുടെ കുടുംബം പൂര്‍ണമായും പട്ടിണിയിലായത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട ജില്ലാ മജിസ്ട്രേറ്റ് ഭക്ഷ്യധാന്യവും മറ്റ് അവശ്യ വസ്തുക്കളും കുടുംബത്തിന് നല്‍കണമെന്നും അയ്യായിരം രൂപ ഉടനടി സഹായമായി നല്‍കണമെന്നും അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കുടുംബത്തെ ജില്ലാ മജിസ്ട്രേറ്റ് ചന്ദ്ര ഭൂഷണ്‍ സിംഗ് സന്ദര്‍ശിച്ചു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona