ഫെബ്രുവരി മുതല്‍ ജൂണ്‍ വരെ 47 നുഴഞ്ഞുകയറ്റ ശ്രമമാണ് ഉണ്ടായത്. ഏപ്രില്‍ മാസത്തിലാണ് കൂടുതല്‍ ശ്രമമുണ്ടായതെന്നും മന്ത്രി വ്യക്തമാക്കി. 

ദില്ലി: കഴിഞ്ഞ ആറുമാസമായി അതിര്‍ത്തിയില്‍ ചൈനീസ് കടന്നുകയറ്റമുണ്ടായിട്ടില്ലെന്ന് സര്‍ക്കാര്‍ രാജ്യസഭയില്‍. കേന്ദ്ര ആഭ്യന്തര മന്ത്രാലയമാണ് എഴുതി നല്‍കിയ ചോദ്യത്തിന് ഉത്തരമായി ഇക്കാര്യം പറഞ്ഞത്. ലഡാക്കിലെ 38000 ചതുരശ്ര കിലോമീറ്റര്‍ ചൈനയുടെ നിയന്ത്രണത്തിലാണെന്ന് കഴിഞ്ഞ ദിവസം സര്‍ക്കാര്‍ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഇക്കാര്യം പറയുന്നത്. 

നുഴഞ്ഞുകയറ്റ തടയാന്‍ അന്താരാഷ്ട്ര അതിര്‍ത്തിയിലും നിയന്ത്രണ രേഖയിലും വിവിധ മാര്‍ഗങ്ങള്‍ തുടരുന്നുണ്ട്. ഇന്റലിജന്റ്‌സ് സംവിധാനം മെച്ചപ്പെട്ടിട്ടുണ്ട്. അതിര്‍ത്തിവേലിയും ശക്തമാണ്. സാങ്കേതിക വിദ്യ ഉപയോഗിച്ചും നുഴഞ്ഞുകയറ്റം തടയുന്നുണ്ടെന്ന് ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ റായി വ്യക്തമാക്കി.

ഫെബ്രുവരി മുതല്‍ ജൂണ്‍ വരെ 47 നുഴഞ്ഞുകയറ്റ ശ്രമമാണ് ഉണ്ടായത്. ഏപ്രില്‍ മാസത്തിലാണ് കൂടുതല്‍ ശ്രമമുണ്ടായതെന്നും മന്ത്രി വ്യക്തമാക്കി. ചൈന, പാകിസ്ഥാന്‍ എന്നീ രാജ്യങ്ങളുടെ അതിര്‍ത്തിയിലൂടെ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറ്റമുണ്ടായിട്ടുണ്ടോ എന്നായിരുന്നു ചോദ്യം.