വിമതർ പാർട്ടിയെ പിളർക്കാൻ  ശ്രമിക്കുന്നവരാണെന്നും ശിവസേനാ ജില്ലാ അധ്യക്ഷൻമാരുടെ യോഗത്തില്‍ ഉദ്ധവ് താക്കറേ വ്യക്തമാക്കി.  

മുംബൈ: രാഷ്ട്രീയ പ്രതിസന്ധി സൃഷ്ടിച്ച് മഹാ വികാസ് അഘാഡി ഭരണത്തെ വെല്ലുവിളിച്ച വിമത എംഎല്‍എമാരോട് കരുണ കാട്ടില്ലെന്ന് മുഖ്യമന്ത്രി ഉദ്ധവ് താക്കറേ. വിമതർ പാർട്ടിയെ പിളർക്കാൻ ശ്രമിക്കുന്നവരാണെന്നും ശിവസേനാ ജില്ലാ അധ്യക്ഷൻമാരുടെ യോഗത്തില്‍ ഉദ്ധവ് താക്കറേ വ്യക്തമാക്കി. 

വിശ്വാസ വോട്ടെടുപ്പ് നേരിടാനാണ് മഹാ വികാസ് അഘാഡിയുടെ തീരുമാനം. വിശ്വാസ വോട്ടെടുപ്പില്ലാതെ രാജിവയ്ക്കരുത് എന്ന നിലപാട് കോൺഗ്രസ് നേതൃത്വം ഉദ്ധവ് താക്കറയെ അറിയിച്ചിട്ടുണ്ട്.

അതിനിടെ, ഉദ്ധവ് താക്കറെ സർക്കാർ 48 മണിക്കൂറിനുള്ളിൽ പുറത്തിറക്കിയ സർക്കാർ ഉത്തരവുകൾ പരിശോധിക്കണം എന്നാവശ്യപ്പെട്ട് ബിജെപി ഗവര്‍ണര്‍ക്ക് കത്തെഴുതി. അതിവേഗം 160ൽ ഏറെ ഉത്തരവുകളാണ് സർക്കാർ ഇറക്കിയതെന്ന് ബിജെപി ചൂണ്ടിക്കാട്ടുന്നു. കോടിക്കണക്കിന് രൂപയുടെ പദ്ധതികൾ പലതും ഇതിൽ ഉണ്ടെന്നും ബിജെപി നേതാവ് പ്രവീൺ ദരേക്കർ ആരോപിച്ചു. 

 ഒരു ശിവസേന എംഎൽഎ കൂടി ഷിൻഡേ ക്യാമ്പിലെത്തിയിട്ടുണ്ട്. ഇതോടെ ഏക‍്‍നാഥ് ഷിൻഡേക്ക് ഒപ്പമുള്ള ശിവസേന എംഎൽഎമാരുടെ എണ്ണം 38 ആയി. 9 സ്വതന്ത്ര എംഎൽഎമാർ ഉൾപ്പെടെ ആകെ 47 പേരുടെ പിന്തുണയാണ് നിലവിൽ ഷിൻഡേ ക്യാമ്പിനുള്ളത്. ഏക‍്‍നാഥ് ഷിൻഡേ മുംബൈയിലെക്ക് തിരിച്ചതായുള്ള റിപ്പോ‍ർട്ടുകളും ഇതിനിടെ പുറത്തുവന്നു. ഹോട്ടലിൽ നിന്ന് ഒറ്റയ്ക്കാണ് ഷിൻഡേ പുറപ്പെട്ടിട്ടുള്ളത്. പൊലീസ് വാഹനത്തിൽ വിമാനത്താവളത്തിലേക്ക് തിരിച്ചെന്നാണ് റിപ്പോർട്ട്.

ഇതിനു മുമ്പ് വിശ്വാസവോട്ടെടുപ്പ് നടന്നത് 1978ല്‍

1978 ലാണ് മഹാരാഷ്ട്ര നിയമസഭ അവസാനമായി സമാന രീതിയിൽ വിശ്വാസ വോട്ടെടുപ്പ് കണ്ടത്. അന്ന് കോൺഗ്രസ് പിളർത്തിയ ശരദ്പവാർ ജനതാ പാർട്ടിയുമായി ചേർന്ന് സർക്കാർ രൂപീകരിച്ചു. ഇന്ന് മറ്റൊരു പിളർപ്പിന് സംസ്ഥാനം സാക്ഷ്യം വഹിക്കുമ്പോഴും എല്ലാ കണ്ണുകളും ശരദ്പവാറിലാണ്. 

2019 ല്‍ ദേവേന്ദ്ര ഫട്നാവിസ് അജിത് പവാറുമായി ചേർന്ന് സർക്കാർ രൂപീകരിച്ചെങ്കിലും വിശ്വാസ വോട്ടെടുപ്പ് നടത്താതെ രാജിവച്ചു. 144 ലാണ് നിലവിൽ ഭൂരിപക്ഷത്തിന് വേണ്ട സംഖ്യ. എന്നാൽ ഏക്നാഥ് ഷിൻഡെ ഉൾപ്പടെ പന്ത്രണ്ട് പേരെ അയോഗ്യരാക്കി ഈ സംഖ്യ കുറയ്ക്കാനാണ് ഉദ്ധവ് താക്കറെയും ശരദ്പവാറും നോക്കുന്നത്. അയോഗ്യരാക്കിയാൽ ഉടൻ കോടതിയിലെത്താനുള്ള നിയമ നടപടികൾക്ക് ബിജെപി ഒരുങ്ങി കഴിഞ്ഞു. സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഉൾപ്പടെയുള്ളവരുടെ നേതൃത്വത്തിലാണ് നീക്കം. 

വിമതർ മറ്റൊരു പാർട്ടിയിൽ ചേർന്നിട്ടില്ല. വിപ്പ് ലംഘിച്ച് വോട്ടു ചെയ്തിട്ടില്ല. മൂന്നിൽ രണ്ട് പേർ ഷിൻഡെയുടെ പക്ഷത്തുണ്ട്. ഈ സാഹചര്യത്തിൽ ഡെപ്യൂട്ടി സ്പീക്കർ അയോഗ്യരാക്കിയാലും ഇത് കോടതിയിൽ നില്‍ക്കില്ല എന്നാണ് നിയമവിദഗ്ധർ ഷിൻഡെയെ അറിയിച്ചിരിക്കുന്നത്. എന്നാൽ കോടതിയിൽ കേസ് നീളുമ്പോർ എംഎൽഎമാരെ തിരികെ അടർത്താനുള്ള സാവകാശം കിട്ടുമെന്ന് പവാർ കരുതുന്നു. ഒരു ദേശീയ പാർട്ടിയുടെ പിന്തുണ ഉണ്ടെന്ന് ഷിൻഡെ പറഞ്ഞെങ്കിലും തല്‍ക്കാലം തിരശ്ശീലയ്ക്ക് പിന്നിലെ നീക്കം മതിയെന്നാണ് ബിജെപിയിലെ ധാരണ.

മഹാരാഷ്ട്രയിലെ ശിവസേന വിമതർക്ക് നിയമസഹായം ഉറപ്പാക്കാനുള്ള നീക്കമാണ് ബിജെപി നടത്തുന്നത്. മുതിർന്ന അഭിഭാഷകർ ഏക്നാഥ് ഷിൻഡെയുമായി സംസാരിച്ചു. 

Read Also: പഞ്ച നക്ഷത്ര ഹോട്ടലിൽ വിമത എംഎൽഎമാർ തങ്ങുന്നത് അര കോടിയിലധികം രൂപ മുടക്കി; പുതിയ ബുക്കിങ് എടുക്കാതെ അധികൃതർ