ദില്ലി: യുപിഎ അധ്യക്ഷ സ്ഥാനത്തുനിന്ന് സോണിയാ ഗാന്ധിയെ മാറ്റി ശരദ് പവാറിനെ നിയമിക്കുമെന്ന അഭ്യൂഹം തള്ളി കോണ്‍ഗ്രസും എന്‍സിപിയും രംഗത്ത്. ശരദ് പവാറിനെ യുപിഎ അധ്യക്ഷനാക്കുമെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും കര്‍ഷക സമരത്തില്‍ നിന്ന് ശ്രദ്ധ തിരിക്കാനും പ്രതിപക്ഷത്തെ ഭിന്നിപ്പിക്കാനുമാണ് ഇത്തംരം അഭ്യൂഹങ്ങള്‍ ഉയര്‍ത്തുന്നതെന്നും കോണ്‍ഗ്രസ് ആരോപിച്ചു. 'പുറത്തുവന്ന അഭ്യൂഹങ്ങളില്‍ സത്യമില്ല. പ്രതിപക്ഷത്തെ ആശയക്കുഴപ്പിത്തിലാക്കാനും ഭിന്നിപ്പിക്കാനുമാണ് ശ്രമം'- കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്ന് എന്‍സിപിയും പ്രതികരിച്ചു.

ഒരു ദിനപത്രത്തിലെ കോളത്തിലാണ് യുപിഎ നേതൃസ്ഥാനം ശരദ് പവാര്‍  ഏറ്റെടുക്കുമെന്ന് അച്ചടിച്ചുവന്നത്. സംഭവം വാര്‍ത്തയായതോടെ പത്രം കോളം പിന്‍വലിച്ചു. പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാന്‍ കോണ്‍ഗ്രസ് നടപടികള്‍ തുടങ്ങിയ സാഹചര്യത്തിലാണ് അഭ്യൂഹം പരന്നത്. സോണിയാ ഗാന്ധി യുപിഎ അധ്യക്ഷയായി തുടരും. അവരെ മാറ്റാന്‍ യാതൊരു നീക്കവുമില്ല. കോണ്‍ഗ്രസ് വലിയ പാര്‍ട്ടിയാണ്. അതുകൊണ്ടു തന്നെ യുപിഎ ചെയര്‍പേഴ്‌സണായി അവര്‍ തുടരുമെന്നും താരിഖ് അന്‍വര്‍ ദ ഹിന്ദുവിനോട് പറഞ്ഞു.