ലക്നൗ: സമൂഹത്തെ ഭിന്നിപ്പിക്കുന്ന പ്രസ്താവനകളിറക്കാന്‍ ആര്‍ക്കും അവകാശമില്ലെന്ന് ബിജെപി നേതാവും ഉത്തര്‍പ്രദേശ് മന്ത്രിയുമായ സിദ്ധാര്‍ഥ് സിംഗ്. വിവാദ പ്രസ്താവനകള്‍ നടത്തുന്ന പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ ഉടനടി നടപടി സ്വീകരിക്കുമെന്ന് ദേശീയ അധ്യക്ഷന്‍ വ്യക്തമാക്കിയതാണ്. സംസ്ഥാന അധ്യക്ഷന്‍ ഉടന്‍ നടപടിയെടുത്തു എന്നും സിദ്ധാര്‍ഥ് നാഥ് പറഞ്ഞതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

വിവാദ പ്രസ്താവനകള്‍ നടത്തിയ എംഎല്‍എമാരായ സുരേഷ് തിവാരി, ശ്യാം പ്രകാശ് എന്നിവര്‍ക്ക് ബിജെപി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് സിദ്ധാര്‍ഥ് നാഥിന്‍റെ പ്രതികരണം. 

"പാര്‍ട്ടി നിലപാടിന് വിപരീതമായി പൊതുയിടത്ത് പ്രസ്താവനയിറക്കിയ നേതാക്കള്‍ക്കെതിരെ പരാതി ലഭിച്ചിട്ടുണ്ട്. ഇക്കാര്യം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയും ചെയ്തു. പാര്‍ട്ടി ഇക്കാര്യം ഗൗരവമായാണ് എടുക്കുന്നത്. ഒരാഴ്ചക്കകം മറുപടി നല്‍കാനാണ് ഉത്തര്‍പ്രദേശ് സംസ്ഥാന പ്രസിഡന്‍റിന്‍റെ നിര്‍ദേശം" എന്ന് കാരണം കാണിക്കല്‍ നേട്ടീസില്‍ പറയുന്നു. 

Read more:  ഉത്തര്‍പ്രദേശില്‍ മുസ്ലിം വ്യാപാരികള്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശവുമായി ബിജെപി എംഎല്‍എ

മുസ്ലിം വ്യാപാരികളില്‍ നിന്ന് പച്ചക്കറികള്‍ വാങ്ങരുത് എന്ന് സുരേഷ് തിവാരി ആവശ്യപ്പെട്ടത് വിവാദമായിരുന്നു. പ്രസംഗത്തിന്‍റെ വീഡിയോ വൈറലാവുകയും വിമര്‍ശനം നേരിടുകയും ചെയ്തതോടെ തിവാരി വിശദീകരണവുമായി രംഗത്തെത്തിയിരുന്നു. ഞാന്‍ എന്‍റെ നിയോജനമണ്ഡലം അടുത്തിടെ സന്ദര്‍ശിച്ചു. മുസ്ലിം വ്യാപാരികള്‍ ഉമിനീര്‍ പച്ചക്കറികളില്‍ തേക്കുന്നു എന്ന് ആളുകള്‍ പരാതിപ്പെട്ടു. പച്ചക്കറി വാങ്ങരുത് എന്ന പറയുകയല്ലാതെ കൂടുതല്‍ കാര്യങ്ങള്‍ എനിക്ക് ചെയ്യാനാകില്ലെന്ന് അവരോട് പറയുകയായിരുന്നു. ഒരു എംഎല്‍എയ്ക്ക് ഇതിനപ്പുറം എന്താണ് ചെയ്യാനാവുക. അങ്ങനെ പറയുന്നത് തെറ്റാണോ എന്നാണ് സുരേഷ് തിവാരി മാധ്യമങ്ങളോട് വിശദീകരിച്ചത്. 

ഉത്തര്‍പ്രദേശ് ആരോഗ്യ വിഭാഗത്തില്‍ അഴിമതി എന്ന ആരോപണം ഉന്നയിച്ചതിനാണ് ശ്യാം പ്രകാശിന് പാര്‍ട്ടി നോട്ടീസ് നല്‍കിയത്. ആരോഗ്യ ഉപകരണങ്ങള്‍ വാങ്ങിയതില്‍ അഴിമതി എന്നാണ് ആരോപണം. 

Read more: 'അംഗീകരിക്കാനാകില്ല': മുസ്ലിംകള്‍ക്കെതിരെ ബിജെപി എംഎല്‍എ നടത്തിയ വര്‍ഗ്ഗീയ പരാമര്‍ശത്തിനെതിരെ പാര്‍ട്ടി