Asianet News MalayalamAsianet News Malayalam

ഹിജാബിൽ ഒരു ഉത്തരവും പുറപ്പെടുവിച്ചിട്ടില്ല, ആഴത്തില്‍ പരിശോധിച്ച് തീരുമാനമെടുക്കും: കർണാടക ആഭ്യന്തരമന്ത്രി

അധികാരത്തിൽ വരുന്നതിന് മുമ്പ്  കോണ്‍ഗ്രസ് പറയുന്നതും അധികാരം കിട്ടിയതിന് ശേഷം അവര്‍ എങ്ങനെ മാറുന്നുവെന്നും ജനങ്ങള്‍ കാണുന്നുണ്ടെന്നും കെടിആര്‍

no order on hijab yet look into the matter deeply Karnataka Home Minister SSM
Author
First Published Dec 25, 2023, 11:52 AM IST

ബംഗളൂരു: ഹിജാബ് വിലക്ക് നീക്കിക്കൊണ്ടുള്ള ഉത്തരവ് കര്‍ണാടക സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ലെന്ന് ആഭ്യന്തര മന്ത്രി ജി പരമേശ്വര. വിഷയം വിശദമായി പരിശോധിച്ച ശേഷം സർക്കാർ തീരുമാനമെടുക്കുമെന്ന് മന്ത്രി പറഞ്ഞു.

"ഞങ്ങൾ ഹിജാബ് സംബന്ധിച്ച് ഉത്തരവുകളൊന്നും പുറപ്പെടുവിച്ചിട്ടില്ല. ഇക്കാര്യം പരിശോധിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ തന്നെ പറഞ്ഞിട്ടുണ്ട്. ആഴത്തിൽ പരിശോധിച്ച ശേഷം സർക്കാർ തീരുമാനമെടുക്കും"- ജി പരമേശ്വര വാര്‍ത്താ ഏജന്‍സിയായ എഎൻഐയോട് പറഞ്ഞു.

സിദ്ധരാമയ്യ സർക്കാർ ഇതുവരെ ഹിജാബ് നിരോധനം നീക്കിയിട്ടില്ലെന്നും അവർ ഇപ്പോഴും ആലോചിക്കുകയാണെന്നും ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവ് കെ ടി രാമറാവു വിമർശിച്ചു. അധികാരത്തിൽ വരുന്നതിന് മുമ്പ്  കോണ്‍ഗ്രസ് പറയുന്നതും അധികാരം കിട്ടിയതിന് ശേഷം അവര്‍ എങ്ങനെ മാറുന്നുവെന്നും ജനങ്ങള്‍ കാണുന്നുണ്ടെന്നും കെടിആര്‍ പറഞ്ഞു. 

ബിജെപി സർക്കാർ ഏർപ്പെടുത്തിയ ഹിജാബ് നിരോധനം തന്റെ സർക്കാർ പിൻവലിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ഒരു പൊതുയോഗത്തിൽ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഹിജാബ് വിഷയം വീണ്ടും ചര്‍ച്ചയായത്. കര്‍ണാടകയിലെ തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് കോൺഗ്രസിന്റെ പ്രധാന വാഗ്ദാനം ആയിരുന്നു ഹിജാബ് നിരോധന ഉത്തരവ് പിൻവലിക്കും എന്നത്. വെള്ളിയാഴ്ച മൈസൂരില്‍ ഒരു സമ്മേളനത്തില്‍ സംസാരിക്കവെയാണ് സിദ്ധരാമയ്യ ഇക്കാര്യം പറഞ്ഞത്. സ്ത്രീകള്‍ക്ക് ഹിജാബ് ധരിച്ച് എവിടെയും പോകാം. നിങ്ങള്‍ എന്ത് ധരിക്കണമെന്നതും എന്ത് കഴിക്കണമെന്നതും നിങ്ങളുടെ തെരഞ്ഞെടുപ്പാണ്. അതിന് ഞാനെന്തിന് നിങ്ങളെ തടയണം എന്നാണ് സിദ്ധരാമയ്യ ചോദിച്ചത്.

 'നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് നിങ്ങള്‍ ധരിക്കൂ. നിങ്ങള്‍ക്ക് ഇഷ്ടമുള്ളത് കഴിക്കൂ. എനിക്ക് ഇഷ്ടമുള്ളത് ഞാന്‍ കഴിക്കും. നിങ്ങള്‍ക്ക് വേണ്ടത് നിങ്ങള്‍ കഴിക്കൂ. ഞാന്‍ മുണ്ടുടുക്കും. നിങ്ങള്‍ ഷര്‍ട്ടും പാന്റ്സും ധരിക്കൂ. അതില്‍ എന്താണ് തെറ്റ്?' - സിദ്ധരാമയ്യ ചോദിച്ചു.

അതേസമയം സിദ്ധരാമയ്യ തന്റെ സർക്കാരിന്റെ ഭരണ പരാജയങ്ങൾ മറച്ചുവെക്കാന്‍ രാഷ്ട്രീയ നേട്ടങ്ങൾക്കായി ഹിജാബ് വിഷയം ഉയർത്തുകയാണെന്ന് മുൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ ആരോപിച്ചു. സംസ്ഥാനത്തുടനീളം ഹിജാബ് നിരോധിച്ചിട്ടില്ലെന്നും എന്നാൽ ഡ്രസ് കോഡ് ഉള്ളിടത്താണ് വിലക്കെന്നും അദ്ദേഹം പറഞ്ഞു.

മുൻ ബിജെപി സർക്കാർ വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ഹിജാബ് നിരോധനം ഏർപ്പെടുത്തിയത്. വിഷയം കർണാടക ഹൈക്കോടതിയിലെത്തി. ഹൈക്കോടതി വിലക്ക് ശരിവച്ചു. ഇക്കാര്യത്തിൽ സുപ്രീംകോടതി ഈ വിഷയത്തില്‍ ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios