Asianet News MalayalamAsianet News Malayalam

ബം​ഗളൂരുവില്‍ പിടിമുറുക്കി കൊവിഡ്; മൃതദേഹങ്ങൾ സംസ്കരിക്കാന്‍ ഇടമില്ല; സ്വകാര്യഭൂമിയിൽ അനുമതി നൽകി അധികൃതർ

കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങൾ ബന്ധുക്കളുടെ സ്വകാര്യ ഭൂമിയിൽ കർശന കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചു സംസ്കരിക്കാൻ അനുമതിയായി. നിലവിൽ ശ്മശാനങ്ങളിൽ മൂന്ന് ദിവസം വരെ കാത്തിരുന്നാൽ മാത്രമേ മൃതദേഹങ്ങൾ സംസ്കരിക്കാൻ സമയം ലഭിക്കുകയുള്ളൂ.

no place to bury the covid dead in karnataka authorities granted permission on private land
Author
Bengaluru, First Published Apr 22, 2021, 9:04 AM IST

ബം​ഗളൂരു: ബംഗളുരുവിലെ  ശ്മശാനങ്ങളിലെ പ്രതിസന്ധി തുടരുന്ന സാഹചര്യത്തിൽ, കൊവിഡ് ബാധിച്ചു മരിക്കുന്നവരുടെ മൃതദേഹങ്ങൾ ബന്ധുക്കളുടെ സ്വകാര്യ ഭൂമിയിൽ കർശന കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചു സംസ്കരിക്കാൻ അനുമതിയായി. നിലവിൽ ശ്മശാനങ്ങളിൽ മൂന്ന് ദിവസം വരെ കാത്തിരുന്നാൽ മാത്രമേ മൃതദേഹങ്ങൾ സംസ്കരിക്കാൻ സമയം ലഭിക്കുകയുള്ളൂ.

ബംഗളൂരുവില്‍ കൊവിഡ് മരണങ്ങൾ കുത്തനെ കൂടിയതോടെ ശ്മശാനങ്ങൾക്ക് മുന്നില്‍ ദിവസം മുഴുവന്‍ മൃതദേഹങ്ങളുമായി ആംബുലന്‍സുകളുടെ നീണ്ടനിരയാണ്. പ്രതിസന്ധി രൂക്ഷമായതോടെ ബെംഗളൂരു കോർപ്പറേഷന്‍ അധികൃതർ നഗരത്തിനകത്ത് നാലായിരം ഏക്കറില്‍ പ്രത്യേക ശ്മശാനമൊരുക്കുകയാണ് എന്ന് റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.  പ്രതിദിന മരണം നൂറ് കടന്നതോടെ ശ്മശാനങ്ങളില്‍ അന്ത്യകർമ്മങ്ങൾ ചെയ്യുന്നവർ പോലും തളർന്നു എന്നാണ് റിപ്പോർട്ട്. നിലവില്‍ മൃതദേഹം സംസ്കരിക്കാനായി ആകെയുള്ള 7 ശ്മശാനങ്ങളിലും ഓൺലൈന്‍ വഴി രജിസ്റ്റർ ചെയ്താല്‍ 3 ദിവസം വരെ കാത്തിരിക്കണമെന്ന അവസ്ഥയായിരുന്നു. മൃതദേഹങ്ങളുമായി ഊഴമെത്താന്‍ കാത്തിരിക്കുന്ന ആംബുലന്‍സുകളുടെ നീണ്ടനിരയാണ് എല്ലാ ശ്മശാനങ്ങൾക്ക് മുന്നിലും. കൊവിഡിന്‍റെ ആദ്യ വരവിനേക്കാൾ ആശങ്കപ്പെടുത്തുന്ന കാഴ്ചകൾക്കാണ് രണ്ടാം വരവില്‍ ഐടി നഗരം സാക്ഷിയാകുന്നത്.

മലയാളികളടക്കം നിരവധി രോഗികൾക്ക് ചികിത്സയ്ക്കായി കിടക്കകൾ പോലും ലഭിക്കാത്ത സ്ഥിതിയാണ്. ആശുപത്രികൾക്ക് മുമ്പിൽ കിടക്കകൾ ഒഴിവില്ലെന്ന ബോർഡുകൾ പതിച്ചു തുടങ്ങി. പ്രതിസന്ധി രൂക്ഷമായതോടെയാണ് ശവശരീരങ്ങൾ മറവുചെയ്യാന്‍ യെലഹങ്കയില്‍ നാലേക്കർ സ്ഥലം ഒരുക്കുമെന്ന് കോർപ്പറേഷന്‍ അധികൃതർ അറിയിച്ചത്. അടിയന്തരമായി കൂടുതല്‍ കിടക്കകൾ ഒരുക്കാന്‍ നടപടികൾ തുടങ്ങിയതായി ആരോഗ്യമന്ത്രി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോൾ സ്വകാര്യ ഭൂമിയിൽ കർശന കൊവിഡ് നിയന്ത്രണങ്ങൾ പാലിച്ചു മൃതദേഹം സംസ്കരിക്കാൻ അനുമതി നൽകിയിരിക്കുന്നത്. 
 

Follow Us:
Download App:
  • android
  • ios