സ്ത്രീകൾക്ക് പള്ളിയിൽ നിസ്കാരത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയിൽ മുസ്‍ലിം വ്യക്തിനിയമ ബോർഡിന്റെ സത്യവാങ്മൂലം.
ദില്ലി: സ്ത്രീകൾക്ക് പള്ളിയിൽ നിസ്കാരത്തിന് വിലക്കില്ലെന്ന് സുപ്രീംകോടതിയിൽ മുസ്‍ലിം വ്യക്തിനിയമ ബോർഡിന്റെ സത്യവാങ്മൂലം. പള്ളിയിലെ പൊതു ഇടങ്ങളിൽ സ്ത്രീകളും പുരുഷന്മാരും തമ്മിൽ ഇടകലരുന്നതിനു മാത്രമാണ് വിലക്ക്. പല പള്ളികളിലും സ്ത്രീകൾക്ക് നിസ്കരിക്കാൻ പ്രത്യേകം സ്ഥലം ഒരുക്കിയിട്ടുണ്ടെന്നും ബോർഡ് വ്യക്തമാക്കി. പൊതു ഇടങ്ങളിൽ സ്ത്രീകളും പുരുഷന്മാരും സ്വതന്ത്രമായി ഇടപഴകുന്ന സാഹചര്യമില്ല എങ്കിൽ നമസ്കാരത്തിനോ കൂട്ടപ്രാർഥനയ്‌ക്കോ വേണ്ടി സ്ത്രീകൾ പള്ളികളിൽ പ്രവേശിക്കുന്നത് ഇസ്ലാം വിലക്കുന്നില്ലെന്നാണ് അഖിലേന്ത്യാ മുസ്ലീം വ്യക്തിനിയമ ബോർഡ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കുന്നത്. പള്ളികളിൽ സ്ത്രീകൾക്ക് പ്രാർത്ഥിക്കാൻ അവസരം ഒരുക്കണമെന്ന് ആവശ്യപ്പെട്ട ഹർജിയിലാണ് മറുപടി സത്യവാങ്മൂലം.
2009 ലാണ് മസ്ജിദിൽ സ്ത്രീകൾക്കും ആരാധന നടത്താൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പൂനെ സ്വദേശിയായ വനിതാ അഭിഭാഷക ഫർഹാ അൻവർ ഹുസൈൻ ഷെയ്ക് ഹർജി സമർപ്പിച്ചത്. മസ്ജിദിൽ ആരാധന നടത്താൻ സ്ത്രീകളെ അനുവദിക്കാത്തത് നിയമവിരുദ്ധവും ഭരണഘടനാ ലംഘനവുമാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഹർജി. ഇതിൽ സത്യവാങ്മൂലം സമർപ്പിക്കാൻ സുപ്രീംകോടതി വ്യക്തിനിയമ ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു.
മുസ്ലീം സ്ത്രീകളുടെ ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമല്ലാതെ, അത്തരമൊരു വിലക്ക് സംബന്ധിച്ച് ഖുറാനിൽ ഒന്നും പറഞ്ഞിട്ടില്ല. ഇസ്ലാമിക വിശുദ്ധ ഗ്രന്ഥങ്ങളിൽ സ്ത്രീപുരുഷ വേർതിരിവ് കൽപ്പിക്കുന്ന യാതൊന്നും ഇല്ല. മക്ക- മദീനയിൽ സ്ത്രീ- പുരുഷ തീർത്ഥാടകർ ഒരുമിച്ച് ഹജ്ജ് , ഉംറ കർമ്മങ്ങൾ ചെയ്യുന്നുണ്ടെന്നും അവർ വാദിച്ചു. എന്നാൽ ഇത് പൂർണമായും വ്യക്തിനിയമ ബോർഡ് തള്ളി. അവിടെ സ്വതന്ത്രമായി പ്രാർത്ഥന നടക്കുന്നില്ലെന്ന് അവർ പറഞ്ഞു. ലിംഗ വിഭജനം മതം അനുശാസിക്കുന്നതാണെന്നും ബോർഡ് കോടതിയിൽ അറിയിച്ചു.
