ദില്ലി: അനിൽ അംബാനിക്ക് ഫ്രഞ്ച് സർക്കാർ നികുതി ഇളവ് നൽകിയ സംഭവത്തിന് റഫാൽ ഇടപാടുമായി ബന്ധമില്ലെന്ന് പ്രതിരോധ മന്ത്രാലയം.  അനിൽ അംബാനിയുടെ കമ്പനിക്ക് നികുതി നൽകിയ നടപടിയെ റഫാൽ ഇടപാടുമായി ബന്ധപ്പെടുത്തിയുള്ള വാർത്തകൾ തെറ്റിദ്ധാരണ പരത്തുന്നതാണെന്നും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി.

അനിൽ അംബാനിയുടെ ഫ്രാൻസ് ആസ്ഥാനമായുള്ള 'റിലയന്‍സ് അറ്റ്‌ലാന്റിക് ഫ്‌ളാഗ് ഫ്രാന്‍സ്' എന്ന കമ്പനിക്ക് ഫ്രഞ്ച് സർക്കാർ 143 മില്യൺ യൂറോ (11,19,51,02,358 രൂപ) നികുതി ഇളവ് നൽകിയെന്ന് ഫ്രഞ്ച് ദിനപ്പത്രം ലെ മോൺടെ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യയും ഫ്രഞ്ച് കമ്പനിയായ ദസോയുമായി റഫാൽ കരാർ ഒപ്പിട്ടതിന് തൊട്ടുപിന്നാലെയായിരുന്നു അനിൽ അംബാനിക്ക് ഫ്രഞ്ച് സർക്കാർ ശതകോടികളുടെ നികുതി ഇളവ് നൽകിയത്.

2007 മുതല്‍ 2012 വരെയുള്ള കാലയളവില്‍ രണ്ടു തവണയായി നികുതിവെട്ടിപ്പിന് അന്വേഷണം നേരിട്ട കമ്പനി 151 മില്യൺ ഡോളറാണ് നികുതി ഇനത്തിൽ നൽകേണ്ടിയിരന്നുത്. എന്നാൽ 7 മില്യൺ യൂറോ മാത്രം സ്വീകരിച്ച് കേസ് അവസാനിപ്പിക്കുകയായിരുന്നു.

ഫ്രഞ്ച് ദിനപ്പത്രത്തിന്‍റെ റിപ്പോർട്ട് പുറത്തുവന്നതോടെ റഫാൽ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരായ ആരോപണങ്ങൾ കോൺഗ്രസ് കടുപ്പിച്ചിരുന്നു. എന്നാൽ ഫ്രഞ്ച് സർക്കാർ അനിൽ അംബാനിക്ക് നൽകിയ നികുതി ഇളവും റഫാൽ ഇടപാടും തമ്മിൽ യാതൊരു ബന്ധവുമില്ലെന്നാണ് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കുന്നത്.