Asianet News MalayalamAsianet News Malayalam

'മറ്റ് രാജ്യങ്ങളിൽ പോയി കൊല നടത്തുന്നത് ഇന്ത്യയുടെ നയമല്ല': കാനഡയോട് തെളിവ് ചോദിച്ച് വിദേശകാര്യമന്ത്രി

സ്വതന്ത്ര അന്വേഷണം വേണമെന്ന നിലപാട് ആവർത്തിച്ച് അമേരിക്ക രംഗത്തെത്തി. ഇന്ത്യ അന്വേഷണത്തോട് സഹകരിക്കണമെന്നും അമേരിക്ക

no role in Nijjar murder india repeats SSM
Author
First Published Sep 27, 2023, 8:07 AM IST

ദില്ലി: ഖാലിസ്ഥാന്‍ നേതാവ് ഹർദീപ് സിംഗ് നിജ്ജാറുടെ കൊലപാതകത്തിൽ ഒരു പങ്കുമില്ലെന്ന് ആവര്‍ത്തിച്ച് ഇന്ത്യ. മറ്റു രാജ്യങ്ങളിൽ പോയി കൊലപാതകം നടത്തുന്നത് ഇന്ത്യയുടെ നയമല്ലെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി. എന്തെങ്കിലും തെളിവുണ്ടെങ്കിൽ കാനഡ നല്‍കണം. തെളിവ് പരിശോധിക്കാൻ ഇന്ത്യ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.

ഈ വിഷയത്തിൽ സർക്കാരിൻറെ കൂടെയാണെന്ന് കോൺഗ്രസ് വ്യക്തമാക്കി. ഖാലിസ്ഥാനി സംഘടനകളെ നിയന്ത്രിക്കണമെന്ന് കോണ്‍ഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടു. അതേസമയം സ്വതന്ത്ര അന്വേഷണം വേണമെന്ന നിലപാട് ആവർത്തിച്ച് അമേരിക്ക രംഗത്തെത്തി. ഇന്ത്യ അന്വേഷണത്തോട് സഹകരിക്കണമെന്നും അമേരിക്ക ആവശ്യപ്പെട്ടു.

ഇന്ത്യയും കാനഡയും തമ്മിലുണ്ടായ തർക്കത്തിന് ശേഷമുള്ള സ്ഥിതി വിലയിരുത്താൻ രഹസ്യാന്വേഷണ ഏജൻസികൾ കഴിഞ്ഞ ദിവസം യോഗം ചേർന്നിരുന്നു. നിലവിലെ സ്ഥിതിഗതികൾ കണക്കിലെടുത്ത് ജാഗ്രത പാലിക്കണമെന്ന് ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് രഹസ്യാന്വേഷണ ഏജൻസികൾ നിർദേശം നൽകി. പലയിടത്തും അക്രമങ്ങൾക്ക് സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണ ഏജൻസികളുടെ റിപ്പോർട്ട്. കാനഡയിൽ ചില ക്ഷേത്രങ്ങൾക്കു നേരെ അക്രമം നടന്നുവെന്ന് പരാതി ഉയർന്നിട്ടുണ്ട്. 

അതേസമയം കാനഡയിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങൾക്ക് മുന്നിൽ ഖാലിസ്ഥാൻ സംഘടനകൾ പ്രതിഷേധിച്ചു. നിജ്ജാറിന്റെ വധത്തിന് ഉത്തരവാദി ഇന്ത്യയെന്ന മുദ്രാവാക്യം വിളികളുമായാണ് ഖാലിസ്ഥാൻ അനുകൂല സംഘടനകൾ എംബസിക്ക് മുന്നിൽ പ്രതിഷേധിച്ചത്. ടൊറോന്റോയിലെ ഇന്ത്യൻ കോൺസുലേറ്റിന് മുന്നിൽ നൂറോളം ഖാലിസ്ഥാൻ വാദികൾ ഇന്ത്യയുടെ പതാക കത്തിച്ചു. പൊലീസ് ഇന്ത്യൻ കോൺസുലേറ്റുകൾക്ക് മുന്നിൽ കനത്ത സുരക്ഷ ഒരുക്കിയിരുന്നു. അതിനാൽ അക്രമങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. മഞ്ഞ ഖാലിസ്ഥാൻ കൊടികളുമായാണ് പ്രതിഷേധക്കാർ എത്തിയത്. കാനഡയുടെ പതാകയുമായി വന്നവരും പ്രതിഷേധത്തിൽ പങ്കെടുത്തു. 

Follow Us:
Download App:
  • android
  • ios