ബഭുവ: ഏഴ് മാസമായി വേതനം കിട്ടാത്തതിനെ തുടർന്ന് കൂലിപ്പണിയെടുക്കാൻ വേണ്ടി സർക്കാരുദ്യോഗസ്ഥൻ അവധിക്ക് അപേക്ഷിച്ചു. ബീഹാറിലെ ബഭുവ ജില്ലയിലാണ് ആരോഗ്യവകുപ്പിൽ ക്ലർക്കായ അഭയ് കുമാർ തിവാരി ഈ അപേക്ഷ സമർപ്പിച്ചത്.

കുട്ടികളുടെ സ്കൂൾ ഫീസ് അടയ്‌ക്കാൻ പണം വേണമെന്നും അതിന് കൂലിപ്പണിയെടുക്കാൻ അവധി അനുവദിക്കണമെന്നുമാണ് അദ്ദേഹം അപേക്ഷയിൽ എഴുതിയത്. ഇത് ബീഹാറിലെ ആരോഗ്യരംഗത്തിന്റെ പരിതാപകരമായ സ്ഥിതിയാണ് പുറത്താക്കുന്നതെന്നാണ് വിമർശനം ഉയർന്നിരിക്കുന്നത്.

ഈ വർഷം ജനുവരി മുതൽ ഇതുവരെ ബഭുവ ജില്ലയിലെ സർക്കാർ ആശുപത്രിയിൽ ബ്ലഡ് ബാങ്കിൽ ജോലി ചെയ്യുന്ന ഇദ്ദേഹത്തിന് വേതനം കിട്ടിയിട്ടില്ല. 2015 ലും 2016 ലും തന്റെ നാല് ദിവസത്തെ വേതന കുടിശിക സർക്കാർ നൽകാനുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കുടുംബം പട്ടിണിയിലാണെന്നും നിത്യോപയോഗ സാധനങ്ങൾ അടക്കം ഒന്നും ഇനി കടമായി നൽകില്ലെന്നാണ് കടക്കാർ വ്യക്തമാക്കിയിരിക്കുന്നതെന്നും കത്തിൽ പറയുന്നതായി ഹിന്ദുസ്ഥാൻ ടൈംസ് വ്യക്തമാക്കുന്നു.

തന്റെ 12 ഉം ഏഴും വയസായ മക്കൾക്ക് സ്കൂളിൽ നിന്നും ഫീസ് അടക്കാത്തതിന് നിരവധി തവണ നോട്ടീസ് ലഭിച്ചെന്നും മാനസികമായും ശാരീരികമായും അനുഭവിക്കുന്ന പ്രയാസങ്ങളിൽ നിന്ന് പുറത്തുകടക്കേണ്ടതുണ്ടെന്നും അദ്ദേഹം കത്തിൽ പറയുന്നു. സർക്കാർ ഫണ്ട് അനുവദിച്ചാലുടൻ ജീവനക്കാരന്റെ വേതനം നൽകുമെന്നാണ് മേലുദ്യോഗസ്ഥൻ വ്യക്തമാക്കിയിരിക്കുന്നത്.