ഗുരുഗ്രാം: തൊപ്പി വച്ചതിന്‍റെ പേരിൽ ഗുരുഗ്രാമിൽ മുസ്ലീം യുവാവിനെ ആക്രമിച്ചെന്ന പരാതി ഗൗരവമുള്ളതല്ലെന്ന് പൊലീസ്. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പൊലീസ്, പ്രതി യുവാവിന്‍റെ തൊപ്പി മാറ്റിയില്ലെന്നും വസ്ത്രം കീറിയിട്ടില്ലെന്നും കണ്ടെത്തി. മദ്യലഹരിയിൽ ഉണ്ടായ വാക് തർക്കമാണിതെന്നാണ് പൊലീസിന്‍റെ നിഗമനം. 

തലയില്‍ തൊപ്പി ധരിച്ചെന്ന കാരണത്താലാണ് ജക്കുംപുര എന്ന സ്ഥലത്ത് വച്ച് പള്ളിയില്‍ നിന്നും തിരികെ വരികയായിരുന്ന മുസ്ലീം യുവാവ് മുഹമ്മദ് ബര്‍ക്കത്ത് ആക്രമിക്കപ്പെട്ടത്. പ്രദേശത്ത് മുസ്ലീങ്ങള്‍ ധരിക്കുന്ന തൊപ്പി നിരോധിച്ചതാണെന്നും തൊപ്പി അഴിച്ചുമാറ്റണമെന്നും അക്രമികള്‍ യുവാവിനോട് ആവശ്യപ്പെട്ടു. കൂടാതെ ജയ് ഭാരത് മാതാ, ജയ് ശ്രീറാം വിളിക്കാനും ഇവര്‍ നിര്‍ബന്ധിച്ചു. അനുസരിച്ചില്ലെങ്കില്‍ പന്നിയിറച്ചി തീറ്റിക്കുമെന്ന് പറഞ്ഞായിരുന്നു മര്‍ദ്ദനം.

തൊപ്പി വച്ചതിന് ഗുരുഗ്രാമില്‍ മുസ്ലീം യുവാവ് ആക്രമിക്കപ്പെട്ട സംഭവത്തില്‍ പ്രതിഷേധവുമായി  നിയുക്ത ബിജെപി എംപി ഗൗതം ഗംഭീര്‍ രംഗത്തെത്തിയിരുന്നു. കുറ്റക്കാരായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാണ് ഗൗതം ഗംഭീര്‍ ട്വീറ്റിലൂടെ ആവശ്യപ്പെട്ടത്. മതനിരപേക്ഷ രാജ്യമാണ് നമ്മുടേത്. സംഭവം വളരെ പരിതാപകരമാണെന്നും അക്രമികള്‍ക്കെതിരെ മാതൃകാപരമായ നടപടിയെടുക്കണമെന്നും ഗൗതം ഗംഭീര്‍ ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.