Ukraine crisis : പലർക്കും ഭക്ഷണവും വെള്ളവുമില്ല. അവർക്ക് അടിയന്തര സഹായം നൽകണം. അതിർത്തി കടക്കുന്നത് വരെ തങ്ങൾക്ക് ഇന്ത്യൻ എംബസിയുടെ ഒരു സഹായവും ലഭിച്ചില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു.

ദില്ലി: യുക്രൈനിലെ (Ukraine)കാർഖീവിൽ കുടുങ്ങിയ ഇന്ത്യൻ വിദ്യാർത്ഥികൾ നാടിന്റെ സുരക്ഷിതത്വത്തിലേക്ക്. ഇന്ന് രാവിലെ യുക്രൈയിനിൽ നിന്നുള്ള ഒരു വിമാനം കൂടി ദില്ലിയിൽ എത്തി. 229 പേരുമായി ഇൻഡിഗോ വിമാനമാണ് തിരികെയെത്തിയത്. കാർഖീവിൽ സ്ഥിതിഗതികൾ വളരെ മോശമാണെന്ന് തിരികെയെത്തിയ വിദ്യാർത്ഥികൾ പ്രതികരിച്ചു. 

''കാർഖീവ് അടക്കമുള്ള സ്ഥലങ്ങളിൽ നിരവധി വിദ്യാർത്ഥികൾ കുടുങ്ങി കിടക്കുകയാണ്. പലർക്കും ഭക്ഷണവും വെള്ളവുമില്ല. അവർക്ക് അടിയന്തര സഹായം നൽകണം. അതിർത്തി കടക്കുന്നത് വരെ തങ്ങൾക്ക് ഇന്ത്യൻ എംബസിയുടെ ഒരു സഹായവും ലഭിച്ചില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. മറ്റ് രാജ്യങ്ങളിലെ എംബസികൾ വിദ്യാർത്ഥികളോട് ഒഴിയാൻ ആവശ്യപ്പെട്ടെങ്കിലും ഇന്ത്യയുടെ നിർദേശം വൈകി. ബങ്കറുകളിൽ ഭക്ഷണം പോലുമില്ലാതെ കഴിയേണ്ടി വന്നു. പഠനം പൂർത്തീകരിക്കാൻ ഇന്ത്യൻ സർക്കാർ ഇടപെടണമെന്ന ആവശ്യവും തമിഴ്നാടിൽ നിന്നുള്ള വിദ്യാർത്ഥി ഗിരി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. 

കാർഖീവിൽ വച്ച് ഒരു സഹായവും എംബസിയിൽ നിന്ന് കിട്ടിയിരുന്നില്ലെന്ന് ദില്ലിയിലെത്തിയ മറ്റ് വിദ്യാർത്ഥികളും ഏഷ്യാനെറ്റ് ന്യൂസിനോട് പ്രതികരിച്ചു. കാർഖീവിൽ ഭക്ഷണവും വെള്ളവും പോലും കിട്ടാനുണ്ടായിരുന്നില്ല. ഞങ്ങൾക്ക് കാർഖീവിൽ നിന്ന് ട്രെയിൻ മാർഗം ലിവീവിൽ എത്താനായതോടെയാണ് രക്ഷപ്പെടാൻ കഴിഞ്ഞത്. അവിടെ നിന്ന് ടാക്സിയിലാണ് അതിർത്തി കടന്നത്. സ്വന്തം നിലയ്ക്കാണ് എല്ലാവരും അതിർത്തി കടന്നതെന്നും അത് വരെ എംബസിയുടെ സഹായമുണ്ടായിരുന്നില്ലെന്നും വിദ്യാർത്ഥികൾ ആവർത്തിച്ചു.

YouTube video player

ഓപ്പറേഷൻ ഗംഗ രക്ഷാദൗത്യത്തിന്റെ ഭാഗമായി യുക്രൈനിൽ നിന്നുള്ള ഇന്ത്യക്കാരുമായി 50 തിലേറെ വിമാനങ്ങളാണ് രാജ്യത്തെത്തിയത്. ഇന്ന് ഇതുവരെ ദില്ലിയിൽ 130 മലയാളി വിദ്യാർത്ഥികൾ എത്തി. വ്യോമസേനയുടെ വിമാനങ്ങളിൽ ഇതുവരെ തിരികെ എത്തിയത് 2056 ഇന്ത്യക്കാരാണ്. 26 ടൺ സഹായ സാധന സമഗ്രികൾ യുക്രൈനായി അയൽ രാജ്യങ്ങളിൽ എത്തിച്ചെന്നും വ്യോമസേന വ്യക്തമാക്കി. 

Ukraine crisis : 'സുരക്ഷയിൽ ആശങ്ക, എംബസിയുടെ സഹായം ലഭിച്ചില്ല', വെടിയേറ്റ ഇന്ത്യൻ വിദ്യാർത്ഥിയുടെ കുടുംബം

അതേ സമയം, ഇന്ത്യക്കാരടക്കം വിദേശത്ത് നിന്നുള്ള വിദ്യാർത്ഥികളെ യുക്രൈൻ ബന്ദിയാക്കുന്നു എന്ന ആരോപണം യുഎൻ രക്ഷാസമിതിയിലും റഷ്യ ആവർത്തിച്ചു. സുമിയിലും കാർക്കിവിലും ഇത്തരം സംഭവങ്ങളാണ് അരങ്ങേറുന്നതെന്നും റഷ്യ ആരോപിച്ചു. വിദേശ വിദ്യാർത്ഥികൾക്ക് കടന്നുപോകാൻ സുരക്ഷിത പാത ഒരുക്കണമെന്ന് റഷ്യ യുക്രൈനോട് ആവശ്യപ്പെട്ടു.

അതേസമയം, വെടിനിർത്തണമെന്ന ആവശ്യം ഇന്ത്യ ആവർത്തിച്ചു. ഈ സാഹചര്യത്തിൽ രക്ഷാപ്രവർത്തനം തുടരാനാകുന്നില്ല. താൽക്കാലികമായെങ്കിലും വെടിനിർത്തൽ ആവശ്യം പരിഗണിക്കണമെന്ന് ഇന്ത്യ റഷ്യയോടും യുക്രെയ്നോടും ആവശ്യപ്പെട്ടു. റഷ്യ ഏർപ്പെടുത്തിയ യാത്രാ സൗകര്യം പ്രയോജനപ്പെടുന്നില്ലെന്നും ഒഴിപ്പിക്കാനായി നൽകിയ ബസുകൾക്ക് വിദ്യാർത്ഥികളുടെ അടുത്തെത്താൻ കഴിഞ്ഞിട്ടില്ലെന്നും ഇന്ത്യ അറിയിച്ചു.