തലേദിവസം രാത്രി കുടുംബം നൂഡിൽസ് കഴിച്ചിരുന്നു എന്ന് മരിച്ച മഹേഷിന്‍റെ അമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പൊലീസും ഫൊറൻസിക് ടീമും ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്.

നോയിഡ: രാത്രി നൂഡിൽസ് കഴിച്ചു കിടന്നുറങ്ങിയ ദമ്പതികളെയും മൂന്ന് മക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഗ്രേറ്റർ നോയിഡയിലെ റബുപുര പ്രദേശത്താണ് നാടിനെ നടുക്കിയ സംഭവം നടന്നത്. മഹേഷ് (37), ഭാര്യ ലളിത (35), മക്കളായ ലഡ്ഡു (11), മിഷ്ടി (7), സാക്ഷാത് (3) എന്നിവരാണ് മരിച്ചത്. ശനിയാഴ്ച രാവിലെയോടെയാണ് സംഭവം പുറത്തറിയുന്നത്. മരണകാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. ഭക്ഷ്യവിഷ ബാധ മൂലമാണ് മരണം സംഭവിച്ചതെന്നാണ് പൊലീസിന്‍റെ പ്രാഥമിക നി​ഗമനമെങ്കിലും ഇക്കാര്യം ഭക്ഷ്യസുരക്ഷാ വകുപ്പ് സ്ഥിരീകരിച്ചിട്ടില്ല.

പരീക്ഷയ്ക്ക് പോകേണ്ട കുട്ടി രാവിലെ ഉണരാതിരുന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുടുംബത്തിലെ അഞ്ചുപേരെയും ജീവനറ്റ നിലയിൽ കണ്ടെത്തിയത്. രാത്രി 10 മണിയോടെയാണ് ഇവർ ഭക്ഷണം കഴിച്ചിരുന്നതെന്നാണ് വിവരം. തലേദിവസം രാത്രി കുടുംബം നൂഡിൽസ് കഴിച്ചിരുന്നു എന്ന് മരിച്ച മഹേഷിന്‍റെ അമ്മ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. പൊലീസും ഫൊറൻസിക് ടീമും ഫുഡ് സേഫ്റ്റി ഡിപ്പാർട്ട്‌മെന്റും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി അയച്ചിരിക്കുകയാണ്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിന് ശേഷമേ മരണകാരണം വ്യക്തമാകൂവെന്ന് പൊലീസ് വ്യക്തമാക്കി.

സ്വത്ത് തർക്കത്തെ തുടർന്ന് വീട്ടിൽ നിരന്തരം വഴക്കുകൾ നടന്നിരുന്നതായി അയൽവാസികൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. മഹേഷിന്റെ അമ്മ സ്വത്ത് മുഴുവൻ മകളുടെ പേരിൽ എഴുതിവെക്കുകയും ഇവരോട് വീടൊഴിയാൻ ആവശ്യപ്പെടുകയും ചെയ്തിരുന്നു. മേളയിൽ പങ്കെടുത്തു മടങ്ങിയെത്തിയ കുടുംബത്തിന് മഹേഷിന്റെ അമ്മയാണ് നൂഡിൽസ് ഉണ്ടാക്കി നൽകിയതെന്നും ഇതിൽ ദുരൂഹതയുണ്ടെന്നും അയൽവാസികൾ ആരോപിച്ചു. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.