ചോക്ലേറ്റ് ചോദിച്ച കുട്ടിയുടെ കൈയിലേക്ക് അമ്മാവൻ തോക്ക് വച്ചുനൽകുകയായിരുന്നു. ഇത് കളിപ്പാട്ടമാണെന്ന് കരുതി കളിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായതെന്നും പൊലീസ് പറഞ്ഞു. വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
റാഞ്ചി: ജാർഖണ്ഡിലെ ബൊക്കാറോ ജില്ലയിൽ കളിക്കുന്നതിനിടെ തോക്കിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി മൂന്ന് വയസ്സുകാരൻ മരിച്ചു. അമ്മാവൻ കളിക്കാൻ നൽകിയ തോക്കിൽ നിന്ന് വെടിയേറ്റാണ് മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം സംഭവിച്ചത്. മൂന്ന് വയസ്സുകാരനായ സാഹിൽ രാം ആണ് മരിച്ചത്. ഝാർഖണ്ഡിലെ ബൊക്കാറോയിലുള്ള മരഫാരി പൊലീസ് സ്റ്റേഷൻ അതിർത്തിയിലാണ് സംഭവം. ചോക്ലേറ്റ് ചോദിച്ച കുട്ടിയുടെ കൈയിലേക്ക് അമ്മാവൻ തോക്ക് വച്ചുനൽകുകയായിരുന്നു. ഇത് കളിപ്പാട്ടമാണെന്ന് കരുതി കളിക്കുന്നതിനിടെയാണ് ദുരന്തമുണ്ടായതെന്നും പൊലീസ് പറഞ്ഞു. വെടിയേറ്റ് ഗുരുതരമായി പരുക്കേറ്റ കുട്ടിയെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.
കുട്ടിയുടെ മാതാവ് ശോഭ ദേവിയുടെ മൊഴി പ്രകാരം, അവരുടെ സഹോദരൻ രാജേഷ് കുമാർ (21) വീട്ടിലെത്തിയപ്പോൾ കുട്ടി അയാളോട് ചോക്ലേറ്റ് ചോദിച്ചിരുന്നു. എന്നാൽ ചോക്ലേറ്റിന് പകരം അമ്മാവൻ കൈവശമുണ്ടായിരുന്ന പിസ്റ്റൾ കളിപ്പാട്ടമാണെന്ന് പറഞ്ഞ് കുട്ടിക്ക് നൽകുകയായിരുന്നു. തോക്കുമായി കളിക്കുന്നതിനിടെ അബദ്ധത്തിൽ വെടിപൊട്ടുകയും കുട്ടിയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ഉടൻ തന്നെ കുട്ടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ അമ്മ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസെടുത്ത് അമ്മാവൻ രാജേഷ് കുമാറിനായി അന്വേഷണം ആരംഭിച്ചു. ഒളിവിൽ പോയ പ്രതിയെ കണ്ടെത്തുന്നതിനായി വിവിധ സ്ഥലങ്ങളിൽ തിരച്ചിൽ ശക്തമാക്കിയതായി പൊലീസ് അറിയിച്ചു. സംഭവത്തിന് പിന്നാലെ രാജേഷ് തോക്കുമായി മുങ്ങുകയായിരുന്നു. ഉപയോഗിച്ച തോക്കിന് ലൈസൻസ് ഉണ്ടോയെന്നും കൂടുതൽ വിവരങ്ങളും അന്വേഷിച്ചുവരികയാണെന്ന് മാരഫാരി പൊലീസ് സ്റ്റേഷൻ ഓഫിസർ ഇൻ ചാർജ് സഞ്ജയ് കുമാർ പറഞ്ഞു.


